കൈഗർ നിർമാണം 50,000 യൂനിറ്റ് പിന്നിട്ടു ; പുതിയ നാഴികക്കല്ലുമായി റെനോ

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഫ്രഞ്ച് വാഹന നിർമാതാവായ റെനോ. കൈഗർ മൈക്രോ എസ്.യു.വിയുടെ 50,000 യൂനിറ്റുകളാണ് റെനോ രാജ്യത്ത് നിർമിച്ചിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് കൈഗര്‍ ആദ്യമായി പുറത്തിറക്കിയത്, 17 മാസത്തിനുള്ളില്‍ പുതിയ നാഴികക്കല്ല് കൈവരിക്കാന്‍ കഴിഞ്ഞുവെന്നും കമ്പനി വ്യക്തമാക്കി. റെനോ ഇന്ത്യ കൈഗറിന്റെ 50,000-ാമത്തെ യൂനിറ്റ് ചെന്നൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒറഗഡം നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് പുറത്തിറക്കി.

പുതിയ നേട്ടം ആഘോഷിക്കുന്നതിന്, കൈഗർ ലൈനപ്പില്‍ കമ്പനി പുതിയ സ്റ്റെല്‍ത്ത് ബ്ലാക് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷന്‍ അവതരിപ്പിക്കുകയും ചെയ്തു. ഏഴ് മോണോ-ടോണുകളും നാല് ഡ്യുവല്‍-ടോണ്‍ പതിപ്പുകളും ഉള്‍പ്പെടെ ആകെ പതിനൊന്ന് കളര്‍ വേരിയന്റുകളില്‍ റെനോ കൈഗര്‍ ഇപ്പോള്‍ ലഭ്യമാണ്.

71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ മൈക്രോ എസ്‌.യു.വിക്ക് കരുത്ത് പകരുന്നത്. 98 bhp കരുത്തും 160 Nm torque ഉം നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറും ഇതിന് ലഭിക്കുന്നു. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കുന്നത്. അവയ്ക്ക് യഥാക്രമം AMT & CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കും. നിലവില്‍ 5.99 ലക്ഷം മുതല്‍ 10.62 ലക്ഷം വരെയാണ് റെനോ കൈഗറിന്റെ എക്സ്ഷോറൂം വില.


ഈ വർഷം ഏപ്രിലിൽ കൈഗർ റെനോ പരിഷ്കരിച്ചിരുന്നു. മുൻവശത്ത് ബമ്പറിൽ പുതിയ സിൽവർ സ്‌കിഡ് പ്ലേറ്റും ടെയിൽ ഗേറ്റിന് പുതിയ ക്രോം ഗാർണിഷും പുതിയ കൈഗറിൽ ക്രമീകരിച്ചിട്ടുണ്ട്. ബ്ലാക്ക് റൂഫ് കളർ ഓപ്ഷനോടു കൂടിയ ഡ്യുവൽ-ടോൺ മസ്റ്റാർഡ് യെല്ലോ എക്സ്റ്റീരിയർ കൈഗറിൽ പുതുതായി അവതരിപ്പിച്ചിരുന്നു.

ഫീച്ചറുകളുടെ കാര്യമെടുത്താൽ ക്രൂയിസ് കൺട്രോളും വയർലെസ് ഫോൺ ചാർജിങും പുത്തൻ ഇടം പിടിച്ചു. ഇന്റീരിയറിൽ ഡാഷ്‌ബോർഡിൽ ചുവന്ന ആക്‌സന്റും ചുവന്ന കോൺട്രാസ്റ്റ് സ്റ്റിച്ചിംഗോടുകൂടിയ സീറ്റുകൾക്ക് പുതിയ ക്വിൽറ്റഡ് പാറ്റേണും ചേർത്തിട്ടുണ്ട്. കൂടാതെ, റെനോ പിഎം 2.5 എയർ ഫിൽട്ടർ കൈഗർ ശ്രേണിയിൽ സ്റ്റാൻഡേർഡ് ആക്കിയിട്ടുമുണ്ട്. 16 ഇഞ്ച് അലോയ്കൾക്ക് പുതിയ ചുവന്ന ആക്‌സന്റുകൾ ആണ് മറ്റൊരു ആകർഷണം.

Tags:    
News Summary - Renault Kiger Gets New Black Colour to Mark 50K Production Milestone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.