രാജ്യത്ത്​ ജിഗാ ഫാക്​ടറികൾ നിർമിക്കാനൊരുങ്ങി റിലയൻസ്​; ഭാവിയിലെ ഉൗർജ രംഗത്തും പിടിമുറുക്കി കുത്തകഭീമൻ

ഭാവി പദ്ധതികളെപറ്റിയുള്ള നിർണായകമായ വെളിപ്പെടുത്തൽ നടത്തി ഇന്ത്യൻ വ്യാപാര ഭീമനായ റിലയൻസ്​. 44ാമത്​ വാർഷിക യോഗത്തിലാണ്​ റിലയൻസി​െൻറ ഭാവി പദ്ധതിയെപറ്റി കമ്പനി എം.ഡി മുകേഷ്​ അംബാനി വെളിപ്പെടുത്തിയത്​. ഭാവിയുടെ ഉൗർജരൂപങ്ങളിലും പിടിമുറുക്കാനുതകുന്ന നിർണായകമായ പ്രഖ്യാപനങ്ങളാണ്​ അംബാനി നടത്തിയിരിക്കുന്നത്​. പുനരുത്​പാദക ഉൗർജ മേഖലയിൽ 60,000 കോടിയുടെ നിക്ഷേപമാണ്​ മൂന്ന്​ വർഷംകൊണ്ട്​ റിലയൻസ്​ നടത്തുക. ഇതിൽ വിവിധതരം ഫ്യൂവൽ സെല്ലുകൾ നിർമിക്കുന്ന ജിഗ ഫാക്​ടറികളും ഉൾപ്പെടും.


ധിരുഭായ്​ അംബാനി ഗ്രീൻ എനർജി ജിഗാ കോംപ്ലക്​സ്​ എന്ന പേരിൽ ജാംനഗറിലാവും ജിഗാ ഫാക്​ടറികൾ വരിക. നാല്​ ഫാക്​ടറികളാണ്​ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഹൈഡ്രജൻ അടിസ്​ഥാനമാക്കിയുള്ള ഫ്യൂവൽ സെൽ ഫാക്​ടറി, സൗരോർജം ഉത്​പാദിപ്പിക്കുന്നതിനുള്ള സംയോജിത സോളാർ ഫോട്ടോവോൾട്ടെയ്ക്ക് മൊഡ്യൂൾ ഫാക്​ടറി, നൂതനമായ എനർജി സ്​റ്റോറേജ് ബാറ്ററി ഫാക്​ടറി, ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള ഇലക്ട്രോലൈസർ ഫാക്ടറി എന്നിവയാണ്​ ജിഗാ ഫാക്​ടറികൾ. 'ജാംനഗറിലെ 5,000 ഏക്കറിൽ ജിഗാ കോംപ്ലക്​സ്​ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്​. ലോകത്തിലെ ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഉൗർജ്ജ ഉത്​‌പാദന സൗകര്യങ്ങളിലൊന്നാണിത്'-അംബാനി പറഞ്ഞു.


ഇന്ധന സെൽ ഗിഗാ ഫാക്​ടറിയെകുറിച്ചും അംബാനി സംസാരിച്ചു. 'ഹൈഡ്രജൻ ഇന്ധന സെൽ വായുവിൽ നിന്നുള്ള ഓക്​സിജനും ഹൈഡ്രജനും ഉപയോഗിച്ചാണ്​ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്​. ജലബാഷ്​പമാണ് ഈ പ്രക്രിയയുടെ ഏക ഉപോത്​പന്നം. പുതിയ യുഗത്തിൽ, ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ക്രമേണ ആന്തരിക ജ്വലന എഞ്ചിനുളെ മാറ്റിസ്ഥാപിക്കും. ഇന്ധന സെൽ എഞ്ചിനുകൾക്ക് വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവക്ക്​ കരുത്തേകാൻ കഴിയും. ഡാറ്റാ സെൻററുകൾ, ടെലികോം ടവറുകൾ, എമർജൻസി ജനറേറ്ററുകൾ, മൈക്രോ ഗ്രിഡുകൾ, വ്യാവസായിക ഉപകരണങ്ങൾ എന്നിവ പവർ ചെയ്യുന്നതിനുള്ള സ്​റ്റേഷനറി ആപ്ലിക്കേഷനുകളിലും ഇവ ഉപയോഗിക്കാം'-അംബാനി പറഞ്ഞു.

സോളാർ ഫോട്ടോവോൾട്ടെയ്ക്ക് ജിഗ ഫാക്ടറി അസംസ്​കൃത സിലിക്കയിൽ നിന്ന് ആരംഭിച്ച് പോളി സിലിക്കണിലേക്ക് മാറ്റപ്പെടും. ഇവ പിന്നീട് ഇൻ‌കോട്ടുകളിലേക്കും വേഫറുകളിലേക്കും മാറ്റും. ഇത് ഉയർന്ന ശേഷിയുള്ള സോളാർ സെല്ലുകൾ നിർമിക്കാനും ഒടുവിൽ സോളാർ മൊഡ്യൂളുകളായി കൂട്ടിച്ചേർക്കാനും ഉപയോഗിക്കും. 'നമ്മുടെ രാജ്യം ഫോസിൽ ഇന്ധനത്തി​െൻറ ഏറ്റവും വലിയ ഇറക്കുമതിക്കാരിൽ നിന്ന് ശുദ്ധമായ സൗരോർജ്ജ പരിഹാരങ്ങളുടെ വലിയ കയറ്റുമതിക്കാരായി മാറുന്ന ഭാവിയാണ്​ ഞങ്ങൾ വിഭാവനം ചെയ്യുന്നത്​'- അംബാനി വാർഷിക യോഗത്തിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.