വാഹനലോകത്തും വിലക്കയറ്റം; ഥാറിനും ഹൈക്രോസിനും വില വർധിപ്പിച്ചു

പുതുവർഷത്തിൽ വിവിധ മോഡലുകളുടെ വില വർധിപ്പിക്കുന്ന തിരക്കിലാണ് വാഹന കമ്പനികൾ. മഹീന്ദ്ര, ടൊയോട്ട കമ്പനികളാണ് അവസാനമായി തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് വില വർധിപ്പിച്ചത്. മഹീന്ദ്രയുടെ ഥാർ, ടൊയോട്ടയുടെ ഹൈക്രോസ് എന്നിവയ്ക്ക് യഥാക്രമം 50,000, 75,000 രൂപ എന്നിങ്ങനെയാണ് വില കൂടുന്നത്.

ഥാർ ആർ.ഡബ്ല്യു.ഡി

മഹീന്ദ്ര 2023 ജനുവരിയിൽ റിയർ-വീൽ ഡ്രൈവ് ഥാർ പുറത്തിറക്കിയിരുന്നു. താങ്ങാനാവുന്ന വിലയും AX (O) ഡീസൽ മാനുവൽ, LX ഡീസൽ മാനുവൽ, LX പെട്രോൾ ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളിൽ അവതരിപ്പിച്ചതിനാലും ഏവരുടേയും ശ്രദ്ധയാകർഷിക്കാനും വാഹനത്തിന് സാധിച്ചു. 1.5 ലിറ്റർ ഡീസൽ RWD വേരിയന്റിനാണ് ആവശ്യക്കാർ ഏറെയും.

ഥാറിന്റെ 4WD ഡീസൽ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 4 ലക്ഷം രൂപയിലധികം ലാഭിക്കാനും സാധിക്കും. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമേ പ്രാരംഭ വിലകൾ ബാധകമാകൂ എന്ന് ലോഞ്ച് സമയത്ത് മഹീന്ദ്ര പറഞ്ഞിരുന്നു. ഇപ്പോൾ ബുക്കിങ് ഈ സംഖ്യയ്ക്ക് മുകളിലായതോടെ കമ്പനിയിപ്പോൾ ഥാറിന് വില വർധിപ്പിച്ചിരിക്കുകയാണ്.

50,000 രൂപയുടെ വില വർധനവാണ് ഇപ്പോൾ എസ്‌യുവിയുടെ ആർ.ഡബ്ല്യു.ഡി മോഡലിന് സംഭവിച്ചിരിക്കുന്നത്. എന്നാൽ ബേസ് വേരിയന്റിന്റെ വിലയിൽ തൊടാതെയാണ് മഹീന്ദ്ര പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത്. AX (O) ഡീസൽ മാനുവലിനെ 9.99 ലക്ഷം രൂപയിൽ തന്നെ നിലനിർത്തി രണ്ടാമത്തെ LX ഡീസൽ മാനുവലിനാണ് അരലക്ഷം രൂപ ഉയർത്തിയത്. 10.99 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഈ വകഭേദത്തിന് 11.49 ലക്ഷം രൂപയാണ് പുതുക്കിയ എക്സ്ഷോറൂം വില.

ഥാർ റിയർ വീൽ ഡ്രൈവ് മോഡലിന്റെ ടോപ്പ് വേരിയന്റിനും വില വർധനവില്ല. 13.49 ലക്ഷം മുടക്കിയാൽ എസ്‌.യു.വി വീട്ടിലെത്തിക്കാം. ഹാർഡ്‌ടോപ്പ് കോൺഫിഗറേഷനിൽ മാത്രമാണ് മഹീന്ദ്ര ഥാർ RWD വിൽക്കുന്നത്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്ന മോഡലിന് നാല് മീറ്ററിൽ താഴെയാണ് നീളം.

ടൊയോട്ട ഹൈക്രോസ്

ഇന്നോവ ഹൈക്രോസിന്റെ വില ടൊയോട്ടയും വർധിപ്പിച്ചിട്ടുണ്ട്. 18.30 ലക്ഷം രൂപ മുതൽ 28.97 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ച പുത്തൻ ഇന്നോവ ഹൈക്രോസിന് ഇനി മുതൽ അധികം മുടക്കേണ്ടി വരിക 75,000 രൂപയോളമാണ്. ഇതോടൊപ്പം ഹൈബ്രിഡ് നിര വികസിപ്പിക്കുന്നതിന് രണ്ട് പുതിയ വേരിയന്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പത്ത് വേരിയന്റുകളിൽ വാഗ്ദാനം ചെയ്‌തിരുന്ന നിരയിലേക്കാണ് പുത്തൻ പതിപ്പുകളും എത്തുന്നത്.

എൻട്രി ലെവൽ സെവൻ സീറ്റർ G പെട്രോൾ വേരിയന്റിന് 25,000 രൂപ വില വർധിപ്പിച്ച് 18.55 ലക്ഷം രൂപയായി പ്രാരംഭ വില. സാധാരണ പെട്രോൾ ശ്രേണിയിലെ മറ്റ് വകഭേദങ്ങളിലും സമാനമായ വർധനവ് തന്നെയാണ് ടൊയോട്ട നടപ്പിലാക്കിയിരിക്കുന്നത്.

അങ്ങനെ 8-സീറ്റർ G, 7-സീറ്റർ GX, 8-സീറ്റർ GX എന്നിവയ്ക്ക് ഇനി മുതൽ യഥാക്രമം 18.60 ലക്ഷം, രൂപ, 19.40 ലക്ഷം രൂപ, 19.45 ലക്ഷം രൂപ എന്നിങ്ങനെയാണ് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സാധാരണ പെട്രോൾ പതിപ്പുകളിൽ 1.3 ശതമാനം വില പരിഷ്ക്കാരമാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ബേസ് സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ VX സെവൻ സീറ്ററിന് 75,000 രൂപ കൂടി 24.76 ലക്ഷം രൂപയായി എക്സ്ഷോറൂം വില.

അതേസമയം 8-സീറ്റർ VX വേരിയന്റിന് 5,000 രൂപയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് ശ്രേണിയിലുടനീളം 75,000 രൂപ വർധിച്ചതിനാൽ ടോപ്പ് എൻഡ് ZX മോഡലിന്റെ വില ഇപ്പോൾ 29.08 ലക്ഷം രൂപയും ZX (O) പതിപ്പിന് 28.97 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരും. ടൊയോട്ട പുറത്തിറക്കിയ പുതിയ വേരിയന്റായ VX (O) VX, ZX വേരിയന്റുകളുടെ ഇടയിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

Tags:    
News Summary - The price of Thar and Hycross has been increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.