ലോകത്തെ മുൻനിര ആഡംബര കാർ നിർമ്മാതാക്കളായ പോർഷെക്ക് ‘വൻ വിലക്കുറവുമായി’ ഡീലർ. 1,21,60,494 രൂപ വിലയുള്ള പോർഷെയുടെ പനമേര മോഡൽ സ്‌പോർട്‌സ് കാർ വെറും 14,78,979 രൂപക്ക് വിൽക്കുന്നുവെന്നാണ് ചൈനയിലെ ഒരു ഡീലർ ഓൺലൈനിൽ പരസ്യം ചെയ്തത്. അതായത് യഥാർത്ഥ വിലയുടെ എട്ടിലൊന്ന് മാത്രം!. കാർ വാങ്ങാൻ നൂറുകണക്കിന് പോർഷെ പ്രേമികൾ കുതിച്ചെത്തിയപ്പോഴാണ് വടക്കൻ നഗരമായ യിൻചുവാനിലെ ഡീലർ അമളി പിണഞ്ഞത് തിരിച്ചറിഞ്ഞത്.
148,000 ഡോളർ (ഏകദേശം 1.21 കോടി രൂപ) വിലയുള്ള കാറിന് പരസ്യത്തിൽ 18,000 ഡോളർ (14.78 ലക്ഷം) എന്നാണ് തെറ്റായി രേഖപ്പെടുത്തിയത്. ഉടൻ തന്നെ 911 യുവാൻ ഓൺലൈനായി നൽകി നിരവധി പേർ ബുക് ചെയ്തതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. വിലയിൽ ഗുരുതരമായ തെറ്റ് പറ്റിയ കാര്യം പോർഷെ സമ്മതിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തെറ്റ് മനസിലാക്കിയ ഉടൻ തന്നെ ഡീലർ തിരുത്തൽ വരുത്തിയതായി ജർമ്മനി ആസ്ഥാനമായുള്ള കാർ നിർമ്മാതാക്കളായ സ്റ്റട്ട്ഗാർട്ടിന്റെ വക്താവ് ബ്ലൂംബെർഗിനോട് പറഞ്ഞു.
ഇക്കാര്യം അറിയിച്ച് ഓൺലൈൻ റിസർവേഷൻ നടത്തിയ വ്യക്തികളുമായി ബന്ധപ്പെട്ടതായും പോർഷെ അധികൃതർ അറിയിച്ചു. ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ തുക തിരികെ നൽകുമെന്നും വക്താവ് പറഞ്ഞു.
ബ്ലൂംബെർഗ് റിപ്പോർട്ടനുസരിച്ച്, 2022 ന്റെ ആദ്യ പകുതിയിൽ 6.2 ബില്യൺ ഡോളറിന്റെ കാറുകളാണ് ചൈനയിൽ പോർഷെ വിറ്റഴിച്ചത്. മൊത്തം വിൽപനയുടെ 30 ശതമാനം അഥവാ 46,664 വാഹനങ്ങളാണ് ചൈനയിൽ വിറ്റത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.