തിരുവനന്തപുരം: സംസ്ഥാനത്തെ ഇലക്ട്രോണിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഒരു ലക്ഷം പിന്നിട്ടു. ‘ലക്ഷം തികച്ച’ വാഹന ഉടമയെ ആദരിച്ചും നേട്ടം ആഘോഷമാക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്. ഇതിനായി വ്യാഴാഴ്ച മന്ത്രിമാരടക്കം പങ്കെടുക്കുന്ന ചടങ്ങും ആലോചിക്കുന്നുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായി കിരൺ ആണ് ലക്ഷം നേട്ടത്തിന് ഉടമ. 2022-ല്‍ 39,588 ഇ-വാഹനങ്ങളാണ് സംസ്ഥാനത്ത് നിരത്തിലിറങ്ങിയത്. എന്നാൽ, കഴിഞ്ഞ ആറുമാസത്തിനിടെ 35,072 ഇ-വാഹനങ്ങൾ നിരത്തിലെത്തി. ഇതില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്, 29,634. കാറുകള്‍ ഉള്‍പ്പെടെ 5437 എണ്ണം മറ്റു വാഹനങ്ങളും.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച13.66 ശതമാനം വർധനയാണ് സംസ്ഥാനത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിക്കുള്ളത്. കഴിഞ്ഞ വർഷം ഇത് 6.28 ശതമാനമായിരുന്നു. ഇതുവരെ പെട്രോൾ കഴിഞ്ഞാൽ വിൽപനയിൽ മുന്നിലുണ്ടായിരുന്ന ഡീസൽ വാഹനങ്ങൾ മൂന്നാം സ്ഥാനത്തേക്ക് പോവുകയും ഇ-വാഹനങ്ങൾ രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തെന്നാണ് കണക്കുകൾ അടിവരയിടുന്നത്.
കെ.എസ്.ആർ.ടി.സിക്ക് കീഴിൽ നിലവിൽ 50 ഇ-ബസുകൾ ഓടുന്നുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇ-ബസുകളിൽ 60 എണ്ണം ഈ മാസം 26ന് നിരത്തിലെത്തും
. 70 ഇ-കാറുകൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സർക്കാർ വക സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും ഇന്ധന വിലയിലെ വർധനയുമെല്ലാമാണ് ഇ-വാഹന മേഖലക്ക് വൈദ്യുതവേഗം പകരുന്നത്.
ഇ- ഓട്ടോകൾ വാങ്ങാൻ 30,000 രൂപ സബ്സിഡി നൽകുന്നതിനു പുറമേ, ഡീസൽ ഓട്ടോകൾ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ- വാഹനം ആക്കാൻ 15,000 രൂപ വേറെയും സബ്സിഡി അനുവദിക്കുന്നുണ്ട്. 2018ൽതന്നെ സംസ്ഥാന സർക്കാർ ഇ-വാഹന നയവും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വൈദ്യുത വാഹന മേഖലകൾ (ഇ.വി സോണുകൾ) സ്ഥാപിക്കുന്നതും പരിഗണനയിലാണ്.
ഇലക്ട്രിക് വാഹന രജിസ്ട്രേഷനിൽ വർധന ഉണ്ടായെങ്കിലും അതിന് ആനുപാതികമായ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനായിട്ടില്ലെന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി.
സംസ്ഥാനത്തൊട്ടാകെ വൈദ്യുത തൂണുകളിൽ ചാർജർ സംവിധാനം ഒരുക്കാനുള്ള പ്രയത്നത്തിലാണ് കെ.എസ്.ഇ.ബി. മോട്ടോര്‍വാഹനവകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1.67 കോടി വാഹനങ്ങളാണുള്ളത്. ഇതില്‍ 1.09 കോടിയും ഇരുചക്രവാഹനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.