ഐ ഫോൺ, ആൻഡ്രോയ്ഡ് ഉപഭോക്താക്കളിൽനിന്ന് വ്യത്യസ്‌ത ചാർജ്; ആരോപണത്തിൽ പ്രതികരിച്ച് ഒലയും യൂബറും

ന്യൂഡൽഹി: ആൻഡ്രോയ്ഡ്, ഐ ഫോൺ ഉപഭോക്താക്കളിൽ നിന്ന് സമാന ദൂരത്തിന് വ്യത്യസ്ത ചാർജ് ഈടാക്കുന്നുവെന്ന പരാതിയിൽ പ്രതികരിച്ച് ടാക്സി സേവന ദാതാക്കളായ ഒല, യൂബറും. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ഇരു കമ്പനികളും അറിയിച്ചത്.

ഉപഭോക്താവിന്‍റെ ഫോണിനെ അടിസ്ഥാനമാക്കി വ്യത്യസ്ത നിരക്ക് നിശ്ചയിക്കുന്നില്ലെന്ന് ഒല അവകാശപ്പെട്ടു. ഇത് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയെ (സി.സി.പി.എ) അറിയിച്ചിട്ടുണ്ടെന്നും തെറ്റിദ്ധാരണകൾ പരിഹരിക്കണമെന്നും കമ്പനി പറഞ്ഞു. ഉപഭോക്താവിന്‍റെ ഫോണിന് നിരക്കിനെ സ്വാധീനിക്കാൻ കഴിയില്ലെന്ന സമാന മറുപടിയാണ് യൂബറും നൽകിയതെന്നാണ് റിപ്പോർട്ട്.

യാത്ര ബുക്ക് ചെയ്യാൻ ഉപഭോക്താവ് ഐഫോണോ ആൻഡ്രോയിഡോ ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ച്, ഒരേ യാത്രക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കിയെന്ന റിപ്പോർട്ടുകളിൽ വിശദീകരണം തേടി ഉപഭോക്തൃകാര്യ മന്ത്രാലയം അയച്ച നോട്ടിസുകളെ തുടർന്നാണ് പ്രതികരണം.

കഴിഞ്ഞ മാസം, ആൻഡ്രോയിഡ് ഉപകരണങ്ങൾ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ഐഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഒലയും യൂബറും ഉയർന്ന നിരക്കുകൾ ഈടാക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ തെളിവുകൾ പങ്കുവെച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. അതേസമയം, നിരക്ക് വ്യത്യാസത്തെക്കുറിച്ച് ആപ്പിളും ഗൂഗിളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Ola, Uber respond to price differences on Android, iPhone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.