‘ആ കുടുംബത്തിനുവേണ്ട എല്ലാ പിന്തുണയും നൽകും’; സസ്​പെൻഷൻ ഒടിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഒല ഇലക്രടിക്

കഴിഞ്ഞ ദിവസമാണ് ഒല ഇലക്ട്രിക്കിനെതിരേ കടുത്ത ആരോപണവുമായി യുവാവ് രംഗത്ത് എത്തിയത്. ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് സംകിത് പർമർ എന്ന യുവാവാണ് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. 35 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്ന ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ മുന്നിലെ സസ്പെൻഷനിൽ നിന്നു ടയർ ഊരിത്തെറിച്ചെന്നും വാഹനത്തിനു മുന്നിലേക്ക് തെറിച്ചുവീണ് തന്റെ ഭാര്യക്ക് മുഖത്ത് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റെന്നുമാണ് യുവാവ് ട്വീറ്റ് ചെയ്തത്.

‘ഇന്നലെ എന്റെ ഭാര്യയുടെ ജീവിതത്തിൽ അതിഭയാനകമായ ഒരു സംഭവം നടന്നു. രാത്രി 9.15 ഓടെ 35 കിലോമീറ്റർ വേഗത്തിൽ അവൾ സഞ്ചരിച്ചിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിന്റെ മുന്നിലെ സസ്പെൻഷനിൽ നിന്നു ടയർ ഊരിത്തെറിച്ചു. അവൾ വാഹനത്തിനു മുന്നിലേക്ക് തെറിച്ചുവീണു. മുഖത്ത് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ അവൾ തീവ്രപരിചരണവിഭാഗത്തിൽ കിടക്കുന്നു. ആരാണ് സംഭവത്തിന് ഉത്തരവാദി’-സംകിത് പർമർ ട്വിറ്ററിൽ കുറിച്ചു.

അപകടത്തെ തുടർന്ന് യുവതിയുടെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിൽ ഒല സ്കൂട്ടറിന്റെയും സി.ഇ.ഒ ഭവിഷ് അഗർവാളിന്റെയും ഔദ്യോഗിക പ്രൊഫൈലും യുവാവ് ടാഗ് ചെയ്തിരുന്നു.

ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒല ഇലക്ട്രിക്. സംഭവത്തെക്കുറിച്ച് തങ്ങളുടെ പ്രാഥമിക അന്വേഷണ സംഘം വിലയിരുത്തൽ നടത്തിയെന്നും വലിയ അപകടമാണ് നടന്നതെന്ന നിഗമനത്തിലാണ് എത്തിയതെന്നും ഒല ഇലക്ട്രിക് പ്രസ്താവനയിൽ പറഞ്ഞു. ‘ഉപഭോക്താവുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരി സുരക്ഷിതയാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും അറിയിക്കുകയാണ്’-ഒല പ്രസ്താവനയിൽ പറയുന്നു.

‘ഞങ്ങളുടെ 150,000-ലധികം വാഹനങ്ങൾ റോഡിൽ ഓടുന്നുണ്ട്. ഒറ്റപ്പെട്ട കേസുകളിൽ മാത്രമാണ് സസ്​പെൻഷൻ തകരാർ കണ്ടിട്ടുള്ളത്. പലപ്പോഴും കടുത്ത ആഘാതങ്ങൾ ഏൽക്കുമ്പോഴാണ് സസ്​പെൻഷൻ ഒടിയുന്നത്’-പ്രസ്താവന തുടരുന്നു.

കമ്പനിയുടെ വിശദീകരണം വന്നതിനെ തുടർന്ന് യുവാവ് ആദ്യം ഇട്ടിരുന്ന ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. തുടർന്ന് യുവാവ് പോസ്റ്റ് ചെയ്ത മറ്റൊരു ട്വീറ്റിൽ സംഭവത്തിൽ കൃത്യമായി പ്രതികരിച്ച ഒല ഇലക്ട്രിക് അധികൃതർക്ക് നന്ദിയും പറയുന്നു.


സസ്​പെൻഷൻ പ്രശ്നം തുടർക്കഥ

ഒല എസ്1 പ്രോയുടെ സസ്പെൻഷൻ സംബന്ധിച്ച് നേരത്തേതന്നെ ഗുരുതരമായ പ്രശ്നങ്ങൾ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ചെറിയ സമ്മർദത്തിൽപോലും സസ്​പെൻഷൻ ഒടിയുന്നു എന്നതായിരുന്നു പരാതികളിൽ പ്രധാനം. അടുത്തിടെ ഒല എസ്1 പ്രോ ഉടമ സഞ്ജീവ് ജെയിൻ എന്നയാൾ തന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ വിവരിച്ചിരുന്നു. ഡെലിവറി എടുത്ത് ആറ് ദിവസത്തിനുള്ളിൽ സ്‍കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് തകർന്നതായി ഇയാൾ പറയുന്നു.

ഒല ഇലക്ട്രിക് പബ്ലിക് ഗ്രൂപ്പിലെ ഫേസ്ബുക്ക് പോസ്റ്റിലാണ് സഞ്ജീവ് തകര്‍ന്ന സ്‍കൂട്ടറിന്‍റെ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചത്. തകർന്ന ഫ്രണ്ട് സസ്‌പെൻഷനോടെ ചുവന്ന നിറത്തിലുള്ള അദ്ദേഹത്തിന്റെ പുതിയ എസ്1 പ്രോയുടെ ചിത്രങ്ങൾ വൈറലായി. സ്കൂട്ടറിന്റെ സസ്‌പെൻഷൻ യൂനിറ്റ് പൂർണ്ണമായും തകർന്ന ചിത്രങ്ങളാണ് ഇയാൾ പങ്കുവച്ചത്.

Tags:    
News Summary - Ola Electric responds to scooter accident after front wheel breaks; rider recovering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.