സ്വാതന്ത്ര്യ ദിനത്തിൽ ഇലക്ട്രിക് കാർ അവതരിപ്പിക്കുമെന്ന് ഒല; ടീസർ പങ്കിട്ട് സി.ഇ.ഒ

ഒല ഇലക്ട്രിക്കിന്റെ അടുത്ത ഉത്പ്പന്നം ഇലക്ട്രിക് കാർ ആയിരിക്കുമെന്ന് സ്ഥിരീകരിച്ച് സി.ഇ.ഒ. ഓഗസ്റ്റ് 15 ന് ആഗോളതലത്തിൽ ഇ.വി കാർ അരങ്ങേറ്റം കുറിക്കും. പുതിയ കാറിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 'ചിത്രം ഇപ്പോഴും ബാക്കിയാണ് സുഹൃത്തേ. ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാണാം' എന്ന് കാപ്ഷനോടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ പുതിയ ഉത്പ്പന്നങ്ങൾ പ്രഖ്യാപിക്കുമെന്ന് ഒല നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ ഉത്പ്പന്നം കാറാണോ അതോ വിലകുറഞ്ഞ ഇ.വി സ്കൂട്ടറാണോ എന്ന ചർച്ചയും സജീവമായിരുന്നു. കഴിഞ്ഞ വർഷം, സ്വാതന്ത്ര്യ ദിനത്തിലാണ് S1 ഇലക്ട്രിക് സ്കൂട്ടർ ഒല (ola) പുറത്തിറക്കിയത്.

'ഈ ഓഗസ്റ്റ് 15ന് ഒരു പുതിയ ഉത്പ്പന്നം പ്രഖ്യാപിക്കുന്നതിൽ അതിയായ ആവേശത്തിലാണ്! ഞങ്ങളുടെ വലിയ ഭാവി പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെയ്ക്കും'എന്നാണ് സി.ഇ.ഒ ഭവിഷ് അഗർവാൾ നേരത്തേ ട്വീറ്റ് ചെയ്തത്. ഇതോടെ ഒല പുതിയ വാഹനം അവതരിപ്പിക്കുമെന്ന കിംവദന്തികൾ ഇന്റർനെറ്റിൽ നിറഞ്ഞു. ബ്രാൻഡിന്റെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് കാർ ആയിരിക്കും ഇതെന്നും നിഗമനങ്ങളുണ്ടായി. ഇക്കാര്യം ശരിവയ്ക്കുന്നതാണ് പുതിയ ടീസർ.

കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബ്രാൻഡ് അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ ടീസർ വിഡിയോ പുറത്തുവിട്ടിരുന്നു. ഇതാണ് കാർ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ പടരാൻ കാരണം. കൂപ്പെ പോലെയുള്ള റൂഫ്‌ലൈനുള്ള ഫോർ-ഡോർ സെഡാൻ ആയിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒലയുടെ ഫോർ വീലർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി 1000 ഏക്കർ ഭൂമിക്കായി അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നിരുന്നു. ഒല എസ് 1, എസ് 1 പ്രോ സ്‌കൂട്ടറുകൾ നിർമ്മിക്കുന്ന തമിഴ്‌നാട്ടിലെ ഫ്യൂച്ചർ ഫാക്ടറിയുടെ ഇരട്ടി വലുപ്പമായിരിക്കും ഇതെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നുണ്ട്.

Tags:    
News Summary - Ola Electric confirms debut of its first electric car ahead of Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.