ന്യൂഡൽഹി: സ്വകാര്യ വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുേമ്പാൾ വീണ്ടും രജിസ്റ്റർ ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ സംവിധാനം വരുന്നു. ഇതിനായി ഭാരത് സീരിസ് (BH) അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
പ്രതിരോധ ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സംഘടനകൾ, നാലോ അതിലധികമോ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഓഫിസുകളുള്ള സ്വകാര്യമേഖലയിലെ കമ്പനികളിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ വ്യക്തിഗത വാഹനങ്ങൾക്കാണ് ഈ സൗകര്യം ഉപയോഗിക്കാൻ കഴിയുക. താൽപ്പര്യമുള്ളവർക്ക് മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മതി. ഇത്തരം വ്യക്തികൾ ഇടക്കിടെ ജോലി സ്ഥലത്തുനിന്ന് ട്രാൻസ്ഫറാകാൻ സാധ്യതയുള്ളതിനാലാണ് ഇവർക്ക് ഈ സൗകര്യം നൽകുന്നത്.
നിലവിൽ, ഒരു വ്യക്തി രജിസ്റ്റർ ചെയ്ത സംസ്ഥാനം ഒഴികെയുള്ള ഏത് സംസ്ഥാനത്തും പരമാവധി 12 മാസം മാത്രമാണ് വാഹനം ഉപയോഗിക്കാൻ കഴിയുക. 12 മാസം കഴിയുന്നതിന് മുമ്പ് വാഹനം പുതിയ സംസ്ഥാനത്ത് വീണ്ടും രജിസ്റ്റർ ചെയ്യണം.
മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇത്തരം വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് സീരീസിന്‍റെ പ്രാരംഭ പദ്ധതി വിജ്ഞാപനം ചെയ്തത്. ഭാരതത്തെ സൂചിപ്പിക്കുന്ന BH സീരീസിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഒരു പുതിയ സംസ്ഥാനത്തിലേക്ക് മാറ്റുമ്പോൾ വീണ്ടും രജിസ്ട്രേഷന് ആവശ്യമില്ല.
വാഹന ഉടമകൾ 'ബി.എച്ച്' സീരീസ് തെരഞ്ഞെടുക്കുകയാണെങ്കിൽ ചുരുങ്ങിയ രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ രണ്ടിന്‍റെ ഗുണിതങ്ങളായി വരുന്ന വർഷങ്ങളിലേക്കോ റോഡ് നികുതി അടക്കണം. എല്ലാ പ്രക്രിയകളും ഓൺലൈൻ വഴിയായിരിക്കും.
നേരത്തെ മന്ത്രാലയം 'IN' സീരീസായിരുന്നു നിർദേശിച്ചിരുന്നത്. കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളിൽ ഓഫിസുകളുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യോഗ്യതയുണ്ടെന്നും അന്ന് വ്യക്തമാക്കിയിരുന്നു. അന്തിമ വിജ്ഞാപനത്തിൽ, 'IN' സീരീസ് 'BH' ആയി മാറുകയായിരുന്നു.
നിലവിൽ സ്വകാര്യ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ 15 വർഷത്തെ റോഡ് നികുതി മുൻകൂറായി അടക്കേണ്ടതുണ്ട്. ഈ വാഹനങ്ങൾ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റുകയാണെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്യണം. ഇതുവരെ ഉപയോഗിച്ച കാലം കഴിഞ്ഞ്, 15 വർഷം ആകുന്നത് വരേക്കുള്ള റോഡ് നികുതിയും അടക്കണം. മുമ്പ് ഈ കാലയളവിലേക്ക് അടച്ച നികുതി നേരത്തെ രജിസ്റ്റ്ർ ചെയ്ത സംസ്ഥാനത്തുനിന്ന് െക്ലയിം ചെയ്ത് എടുക്കാവുന്നതാണ്. ഈ നൂലാമാലകൾ അവസാനിപ്പിക്കുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനങ്ങൾ തമ്മിൽ റോഡ് നികുതി തുക സ്വയമേവ കൈമാറുന്ന സംവിധാനത്തെ കുറിച്ച് നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽ ടാക്സ് സ്ലാബ് വ്യത്യസ്തമാണെന്നതും എല്ലാ സംസ്ഥാനങ്ങളും പ്രസ്തുത ബോർഡിൽ വരാത്തതും പദ്ധതിക്ക് വിഘാതമായി.
പുതിയ 'ബി.എച്ച്' സീരീസിൽ, 10 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് എട്ട് ശതമാനമാണ് റോഡ് നികുതി. 10-20 ലക്ഷം രൂപ വരെ വിലയുള്ളവക്ക് 10ഉം 20 ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് 12ഉം ശതമാനമാണ് റോഡ് ടാക്സ്. ഡീസൽ വാഹനങ്ങൾക്ക് രണ്ട് ശതമാനം അധികവും ഇലക്ട്രിക് വാഹനങ്ങൾക്ക് രണ്ട് ശതമാനം കുറവും നികുതിയിൽ വ്യത്യാസമുണ്ടാകും.
14 വർഷം കഴിഞ്ഞാൽ മോട്ടോർ വാഹന നികുതി വർഷം തോറും ഈടാക്കും. ഇത് വാഹനത്തിന് നേരത്തെ ഈടാക്കിയ തുകയുടെ പകുതിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.