പുത്തൻ ഹിമാലയന്‍റെ ബുക്കിങ്​ ആരംഭിച്ചു; വില പ്രഖ്യാപനം ഗോവയിൽ

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലെ മുടിചൂടാമന്നനാണ്​ റോയൽ എൻഫീൽഡ് ഹിമാലയൻ. 2016-ൽ പുറത്തിറങ്ങിയതു മുതൽ ഇത്രയധികം ഫാൻബേസുണ്ടാക്കിയെടുത്ത മറ്റൊരു മോട്ടോർസൈക്കിൾ വേറേയില്ല. ഓൺറോഡിൽ എന്നപോലെ ഓഫ്-റോഡിലും പുലിയാണ്​ ഹിമാലയൻ. പുത്തൻ ഹിമാലയന്‍റെ ബുക്കിങ്​ റോയൽ എൻഫീൽഡ്​ ആരംഭിച്ചിട്ടുണ്ട്​. ഉപഭോക്താക്കൾക്ക് 10,000 രൂപ ടോക്കൺ തുക നൽകി വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം.

ഈ വർഷം ഗോവയിൽ അരങ്ങേറുന്ന മോട്ടോവേഴ്‌സിൽ വാഹനം ഔദ്യോഗികമായി അവതരിപ്പിക്കും. വിലയും അന്നായിരിക്കും പ്രഖ്യാപിക്കുക. നവംബർ 24 മുതൽ 26വരെയാണ്​ റോയൽ എൻഫീൽഡ്​ മോട്ടോവേഴ്​സ്​ നടക്കുക. വില പ്രഖ്യാപനത്തിനുശേഷം ഡെലിവറികളും ആരംഭിക്കും.

ബേസ്, പാസ്, സമ്മിറ്റ് എന്നീ മൂന്ന് വേരിയന്റുകളിൽ പുതിയ ഹിമാലയൻ വിപണിയിലെത്തുക. ഇതിന് അഞ്ച് കളർ ഓപ്‌ഷനുകളും ലഭിക്കും. ബൈക്കിന്റെ ബേസ് വേരിയന്റ് കാസ ബ്രൗൺ കളർ ഓപ്ഷനോടെയാവും വരിക.പാസ് മോഡലിന് സ്ലേറ്റ് ഹിമാലയൻ സാൾട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ ഓപ്ഷനുകളാവും ഉണ്ടാവുക. ഹാൻലെ ബ്ലാക്ക്, കാമറ്റ് വൈറ്റ് എന്നീ നിറങ്ങളിൽ ടോപ്പ് എൻഡ് സമ്മിറ്റ് വേരിയന്റ് ലഭ്യമാവും.

പുത്തൻ ഹിമാലയൻ 452 മോഡലിന്റെ ടീസർ വിഡിയോകളും ചിത്രങ്ങളും എൻഫീൽഡ് നേരത്തേ​ പങ്കുവച്ചിരുന്നു​. നിലവിലെ ഹിമാലയൻ 411 ഭാരമേറിയതാണെന്നും പവറും പെർഫോമൻസും അത്രപോരെന്നുമുള്ള പരിഭവങ്ങൾ പലതവണ എൻഫീൽഡ് കേട്ടിട്ടുള്ളതാണ്. ഇക്കാര്യത്തിന് അറുതിവരുത്തിക്കൊണ്ടാണ് പുതിയ 452 പതിപ്പിനെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതിയ 451.65 സിസി, ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനായിരിക്കും ഹിമാലയൻ 452 മോഡലിന് കരുത്തേകുക. ഇതാദ്യമായാണ് റോയൽ എൻഫീൽഡ് തങ്ങളുടെ ഒരു മോട്ടോർസൈക്കിളിൽ ലിക്വിഡ് കൂളിങ്​ എഞ്ചിൻ ഉപയോഗിക്കുന്നത്​. 8,000 rpm-ൽ 40 bhp കരുത്തും 40 Nm ടോർക്കും എഞ്ചിൻ ഉത്​പ്പാദിപ്പിക്കും.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സും അഡ്വഞ്ചർ ടൂററിൽ ഉൾപ്പെടുത്തും. വിശദമായ മാപ്പോടെ വരുന്ന പുതിയ വൃത്താകൃതിയിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മോട്ടോർസൈക്കിളിന്റെ ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ട്രിപ്പർ നാവിഗേഷന്റെ പുതിയ തലമുറ പതിപ്പ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ റോയൽ എൻഫീൽഡ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സസ്പെൻഷനായി മുന്നിൽ USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഓഫ്‌സെറ്റ് മോണോഷോക്കുമായിരിക്കും നൽകുക. എൽഇഡി ലൈറ്റിംഗും ഹസാർഡ് ലൈറ്റുകളും സൈഡ്-സ്റ്റാൻഡ് കട്ട് ഓഫ് സ്വിച്ചും വാഗ്ദാനം ചെയ്യും. ട്യൂബ്ലെസ് സ്പോക്ക്ഡ് വീലുകളും മോട്ടോർസൈക്കിളിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതും സെഗ്മെന്റിൽ പുതിയത് ആയിരിക്കും.

ബ്രേക്കിങിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക് ബ്രേക്കുകളും ഉണ്ടാവും. 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വീൽ സൈസിലായിരിക്കും ഹിമാലയൻ 452 വരിക. സിംഗിൾ ടോൺ, ഡ്യുവൽ ടോൺ നിറങ്ങളിൽ ഹിമാലയനെ കമ്പനി ഒരുക്കും. യെല്ലോ-ബ്ലാക്ക്, ഗ്രേ-റെഡ്, ഗ്രേ-ബ്ലൂ, ഗ്രേ-വൈറ്റ് എന്നിങ്ങനെ പുതുമയാർന്ന ഡ്യുവൽ ടോൺ കളറുകൾ വരാനിരിക്കുന്ന പുതിയ ഹിമാലയൻ 452 മോഡലിലുണ്ടാവും.

Tags:    
News Summary - New Royal Enfield Himalayan prices to be announced on November 24, bookings open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.