ബ്രേക്കിങ് തകരാർ; പത്ത് ലക്ഷത്തോളം പഴയ വാഹനങ്ങൾ തിരിച്ചുവിളിച്ച് മെഴ്‌സിഡസ്-ബെൻസ്

ജർമ്മൻ കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ്, ബ്രേക്കിങ് സംവിധാനത്തിലെ പ്രശ്‌നത്തെ തുടർന്ന് ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തോളം പഴയ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി ഫെഡറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (കെ.ബി.എ) അറിയിച്ചു. 2004നും 2015നും ഇടയിൽ നിർമ്മിച്ച എസ്‌.യു.വി സീരീസായ എം‌.എൽ, ജി‌.എൽ, ആർ ക്ലാസ് ലക്ഷ്വറി മിനിവാൻ എന്നീ മോഡലുകൾ തിരിച്ചുവിളിച്ചതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ബ്രേക്ക് ബൂസ്റ്ററിലെ പ്രശ്നം ഏറ്റവും മോശമായ സാഹചര്യത്തിൽ ബ്രേക്ക് പെഡലും ബ്രേക്കിങ് സിസ്റ്റവും തമ്മിലുള്ള ബന്ധം തടസ്സപ്പെടാൻ ഇടയാക്കും. അതിന്റെ ഫലമായി, സർവീസ് ബ്രേക്കിന്‍റെ പ്രവർത്തനം നിന്നുപോകാമെന്നും കെ‌.ബി‌.എ പറയുന്നു. ജർമ്മനിയിലെ 70,000 വാഹനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടും 993407 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി കെ.ബി.എ അറിയിച്ചു.



അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എ.എഫ്‌.പിക്ക് അയച്ച പ്രസ്താവനയിൽ വാഹനങ്ങളുടെ തിരിച്ചുവിളി മെഴ്‌സിഡസ്-ബെൻസ് സ്ഥിരീകരിച്ചു. ചില വാഹനങ്ങൾക്ക് മാത്രം ഒറ്റപ്പെട്ട തകരാറുകൾ റിപ്പോർട് ചെയ്തതോടെയാണ് ഈ നീക്കമെന്ന് മെഴ്‌സിഡസ് വ്യക്തമാക്കി. ഉടൻ വാഹനങ്ങൾ തിരിച്ചുവിളിച്ച് തുടങ്ങുമെന്നും തകരാറിന് സാധ്യതയുള്ള വാഹനങ്ങളുടെ ഉടമകളുമായി ബന്ധപ്പെടുമെന്നും കമ്പനി അറിയിച്ചു. അപകടസാധ്യതയുള്ള വാഹനങ്ങൾ പരിശോധിച്ച് ആവശ്യമുള്ളിടത്ത് പുതിയ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കും. പരിശോധന പൂർത്തിയാവുന്നത് വരെ ഉപഭോക്താക്കളോട് അവരുടെ വാഹനങ്ങൾ ഓടിക്കരുതെന്നും കമ്പനി അഭ്യർത്ഥിച്ചു.



Tags:    
News Summary - Mercedes to recall 1 million older cars on fear of faulty brakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.