മാരുതി സുസുകി വിക്ടോറിസ്
അടുത്തിടെ വിപണിയിൽ മാരുതി സുസുകി അവതരിപ്പിച്ച കോംപാക്ട് എസ്.യു.വിയായ വിക്ടോറിസ് സ്വന്തമാക്കണമെങ്കിൽ ഇനി മുതൽ അധിക പണം നൽകണം. വാഹനത്തിന്റെ ആദ്യത്തെ വില വർധനവ് വിവരം പുറത്തുവിട്ട് കമ്പനി. ഏറ്റവും ടോപ്-എൻഡ് വേരിയന്റായ ZXi+ (O) 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, ZXi+ (O) 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലുകൾക്കാണ് കമ്പനി വില വർധിപ്പിക്കുന്നത്. ഇരു മോഡലുകൾക്കും 15,000 രൂപ വീതമാണ് വർധനവ്.
മാരുതി സുസുക്കിയുടെ അറീന ഡീലർഷിപ്പ് വഴിയാണ് രാജ്യവ്യാപകമായി വിക്ടോറിസ് വിൽപ്പന നടത്തുന്നത്. വാഹനത്തിന്റെ ബേസ് മോഡലിന് 10.50 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയും ടോപ് എൻഡ് മോഡലിന് 19.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. വളർന്നുവരുന്ന എസ്.യു.വി വിഭാഗത്തിൽ മത്സരാധിഷ്ഠിതമായി വാഹനം സ്ഥാനമുറപ്പിക്കുന്നതിന്റെ പ്രാരംഭഘട്ടം എന്ന നിലയിലാണ് വാഹനത്തിന്റെ ഇപ്പോഴുള്ള വിലവർധനവ്. വില വർധനവിന് ശേഷവും നിലവിലുള്ള അതേ ഫീച്ചറുകളാണ് മാരുതി വിക്ടോറിസിൽ നൽകുന്നത്. വാഹനം വിപണിയിൽ അവതരിപ്പിച്ച സെപ്റ്റംബർ 15ന് ശേഷമുള്ള ഏതാനം ദിവസങ്ങൾകൊണ്ട് 25,000 ബുക്കിങ്ങുകൾ സ്വന്തമാക്കാനും വിക്ടോറിസിന് സാധിച്ചിട്ടുണ്ട്.
1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോൾ, സി.എൻ.ജി എന്നീ മൂന്ന് പവർട്രെയിനുകളിലാണ് മാരുതി സുസുകി വിക്ടോറിസ് എത്തുന്നത്. കെ15സി മൈൽഡ് ഹൈബ്രിഡ് എൻജിൻ 1462 സി.സി, 4 സിലിണ്ടർ, ഫ്രണ്ട്-വീൽ ഡ്രൈവ് വകഭേദത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എൻജിൻ 6000 ആർ.പി.എമിൽ 101.64 ബി.എച്ച്.പി കരുത്തും 4300 ആർ.പി.എമിൽ 139 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സുമായാണ് മൈൽഡ്-ഹൈബ്രിഡ് പെട്രോൾ ജോടിയിണക്കിയിരിക്കുന്നത്.
രണ്ടാമത്തെ പവർട്രെയിൻ ഓപ്ഷനായ 1.5 ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോൾ എൻജിൻ കെ15സി സ്മാർട്ട് ഹൈബ്രിഡ് സജ്ജീകരണത്തിൽ ഇലക്ട്രിക് മോട്ടറുമായി ജോടിയിണക്കിയിരിക്കുന്നു. 1462 സി.സിയിൽ സിംഗിൾ എസി സിൻക്രണസ് ലിഥിയം-അയോൺ ബാറ്ററിയിലാണ് വാഹനം നിരത്തുകളിൽ എത്തുന്നത്. ഈ എൻജിൻ പരമാവധി 114 ബി.എച്ച്.പി കരുത്ത് പകരും.
1.5 ലിറ്റർ സി.എൻ.ജി പവർട്രെയിനാണ് മൂന്നാമത്തെ എൻജിൻ വകഭേദം. ഇത് 87 ബി.എച്ച്.പി കരുത്തും 121.5 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. സി.എൻ.ജി ടാങ്ക് വാഹനത്തിന്റെ അടിവശത്ത് സജ്ജീകരിച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് സാധാരണ മോഡലുകളിലെ ബൂട്സ് സ്പേസ് ലഭിക്കും. 4,360 എം.എം നീളം, 1,795 എം.എം വീതി, 1,655 എം.എം ഉയരം എന്നിവയാണ് വിക്ടോറിസന്റെ ആകെ വലുപ്പം.
10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, 10.25-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, ജെസ്റ്റെർസ്- കൺട്രോൾഡ് പവേർഡ് ടൈൽഗേറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ആറ് എയർബാഗുകൾ, ലെവൽ 2 ADAS, ഡോൾബി അറ്റ്മോസ് 5.1ൽ എട്ട് സ്‌പീക്കറുകൾ, എട്ട് രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവ വിക്ടോറിസിന്റെ പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.