എത്ര കിട്ടും; ജിംനിയുടെ മൈലേജ് വെളിപ്പെടുത്തി മാരുതി സുസുകി

ജിംനിയുടെ കൂടുതൽ വിശേഷങ്ങൾ പങ്കുവച്ച് മാരുതി സുസുകി. വാഹനത്തിന്റെ മൈലേജ്, എഞ്ചിൻ സവിശേഷതകൾ എന്നിവയെല്ലാമാണ് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഏഴിന് വാഹനം നിരത്തിലെത്തും.

105 ബി.എച്ച്.പി കരുത്തും 134.2 എൻ.എം പീക് ടോർക്കും ഉത്പ്പാദിപ്പിക്കുന്ന 1.5 ലിറ്റർ കെ 15 ബി എഞ്ചിനാണ് ജിംനി ഫൈവ് ഡോറിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴിയാണ് നാല് വീലുകളിലേക്കും പവർ എത്തുന്നത്. മാനുവൽ ട്രാൻസ്ഫർ കേസുള്ള സുസുകിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' മോഡുകളുള്ള ലോ-റേഞ്ച് ഗിയർബോക്സും വാഹനത്തിന് ലഭിക്കും. സീറ്റ, ആൽഫ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ജിംനി വരുന്നത്.

ഫൈവ് സീറ്റർ കോൺഫിഗറേഷനിലാണ് വാഹനം വരുന്നതെങ്കിലും നാല് പേർക്കാണ് സുഖകരമായി ഇരിക്കാനാവുന്നത്. 208 ലിറ്ററാണ് ജിംനിയുടെ ബൂട്ട്സ്പെയ്സ്. പിന്നിലെ സീറ്റുകൾ മടക്കി ഇത് 332 ലിറ്ററായി വർധിപ്പിക്കാനുമാവും.

ജിംനി ഫൈവ് ഡോറിൽ വരുന്ന മാനുവൽ ഗിയർബോക്‌സ് മോഡലിന് ലിറ്ററിന് 16.94 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അതേസമയം ഓട്ടോമാറ്റിക് ഗിയർബോക്‌സ് പതിപ്പ് ലിറ്ററിന് 16.39 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. 40 ലിറ്റർ ഫ്യുവൽ ടാങ്കുള്ള ജിംനി മാനുവലിന് ഫുൾ ടാങ്ക് ഫ്യുവലിൽ 678 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ഓട്ടോമാറ്റിക് പതിപ്പാകട്ടെ 656 കിലോമീറ്റർ വരെ സഞ്ചരിക്കും.

ആറ് എയർബാഗുകൾ, ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ABS, EBD, ESP, ഹിൽ ഹോൾഡ്, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ എന്നീ ഫീച്ചറുകളും ജിംനിയിലുണ്ട്.

വാഹനത്തിന്റെ ബുക്കിങ് ഈ വർഷം ആദ്യം മാരുതി ആരംഭിച്ചിരുന്നു. ഇതിനകം ഏകദേശം 30,000 ബുക്കിങുകൾ ലഭിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്തു കഴിഞ്ഞാൽ മാനുവൽ വേരിയന്റുകളുടെ കാത്തിരിപ്പ് കാലാവധി ആറ് മാസം വരെ നീളും. അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് എട്ട് മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും. ഇന്ത്യ സ്പെക്ക് ജിംനിയുടെ വില ജൂൺ ആദ്യവാരം പ്രഖ്യാപിക്കും. 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Maruti Suzuki Jimny ARAI tested mileage figures revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.