ഇനി വിറ്റാര ഇല്ല, ബ്രെസ്സ മാത്രം; മാരുതിയുടെ സേഫസ്റ്റ് കാർ മുഖം മിനുക്കി

മാരുതി സുസുകിയുടെ ഏറ്റവും സുരക്ഷിത വാഹനം എന്നറിയപ്പെടുന്ന വിറ്റാര ബ്രെസ്സ മുഖംമിനുക്കി. പേരിലെ വിറ്റാര ഒഴിവാക്കിയാണ് പുതിയ ബ്രെസ നിരത്തിലെത്തുന്നത്. വിറ്റാര എന്ന പേരിൽ വലിയ എസ്.യു.വി ഇന്ത്യക്കായി സുസുകി പരിഗണിക്കുന്നു എന്ന വാർത്തകൾക്ക് ബലം നൽകുന്നതാണ് പുതിയ നീക്കം.

വാഹനത്തിന്റെ പ്രാരംഭ വില 7.99 ലക്ഷം രൂപയാണ്. പുതിയ വാഹനം മാനുവൽ അല്ലെങ്കിൽ പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ സ്റ്റാൻഡേർഡ് പെട്രോൾ എഞ്ചിനിൽ ലഭിക്കും. പഴയ-തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ബ്രെസയിൽ കോസ്മെറ്റിക്, മെക്കാനിക്കൽ മാറ്റങ്ങളുണ്ട്. മൂന്ന് പ്രൈമറി ട്രിമ്മുകളിലാവും വാഹനം ലഭിക്കുക.

മാറ്റങ്ങൾ

പുതിയ സ്ലീക്കർ, ഡ്യുവൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ, പുതുക്കിയ ഫോഗ്ലാമ്പ് ഹൗസിംഗുകൾ, പുനർരൂപകൽപ്പന ചെയ്‌ത ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവയ്‌ക്കൊപ്പം പുനർരൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ഗ്രിൽ എന്നിങ്ങനെ നിരവധി മാറ്റങ്ങൾ വാഹനത്തിനുണ്ട്. ടെറാസ്‌കേപ്പ്, മെട്രോസ്‌കേപ്പ് എന്നിങ്ങനെ രണ്ട് ക്യൂട്ടോമൈസേഷൻ പാക്കേജുകളും പുതിയ ബ്രെസ്സയ്‌ക്കായി മാരുതി വാഗ്ദാനം ചെയ്യുന്നു. എക്‌സ്റ്റീരിയർ ബ്ലൂ, പേൾ ആർട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, ബ്ലാക്ക് റൂഫുള്ള സ്‌പ്ലെൻഡിഡ് സിൽവർ, ബ്ലാക്ക് റൂഫുള്ള സിസ്‌ലിംഗ് റെഡ്, പേൾ ആർട്ടിക് വൈറ്റ് റൂഫുള്ള ബ്രേവ് കാക്കി എന്നിങ്ങനെ ആറ് എക്‌സ്റ്റീരിയർ കളർ സ്‌കീമുകളിലാണ് വാഹനം നിരത്തിലെത്തുക..


ഇന്റീരിയർ

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, നാവിഗേഷൻ എന്നിവയുള്ള പുതിയ 9.0 ഇഞ്ച് ഫ്ലോട്ടിങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഉള്ളിലെ പ്രധാന സവിശേഷത. സ്‍മാർട്ട് വാച്ച് ഉപയോഗിച്ച് ബ്രെസ്സ ലോക്ക്/അൺലോക്ക് ചെയ്യാൻ കഴിയും. നാല്‍പ്പതിലധികം കണക്റ്റഡ് ഫീച്ചേഴ്സും ലഭിക്കും. ഇന്റീരിയറിലെ ഏറ്റവും വലിയ പരിഷ്‍കാരം, ഇലക്ട്രിക് സൺറൂഫാണ്. ബലേനോയിലൂടെ അരങ്ങേറ്റം കുറിച്ച ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD) യൂണിറ്റും നൽകിയിട്ടുണ്ട്. റിയർ എസി വെന്റുകൾ, വയർലെസ് ഫോൺ ചാർജർ, ക്രൂസ് കൺട്രോൾ, കൂൾഡ് ഗ്ലോവ് ബോക്സ്, ആംബിയന്റ് ലൈറ്റിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും വാഹനത്തിലുണ്ട്.

എഞ്ചിൻ

ബ്രെസ്സ അതിന്റെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ നിലനിർത്തിയിട്ടുണ്ട്. 102 ബിഎച്ച്പിയും 134 എൻഎം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. 5-സ്പീഡ് മാനുവലും പാഡിൽ ഷിഫ്റ്ററുകളുള്ള പുതിയ 6-സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഗിയർബോക്സ്. ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇഎസ്‍സി, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, 360-ഡിഗ്രി ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്‌സ് പാർക്കിങ് സെൻസറുകൾ, സീറ്റ് ബെൽറ്റ് അലാം, ഹൈ സ്പീഡ് അലർട്ട് എന്നിവ സുരക്ഷാസവിശേഷതകൾ.


എതിരാളികൾ

ടാറ്റ നെക്‌സൺ, മഹീന്ദ്ര XUV300, നിസ്സാൻ മാഗ്നൈറ്റ്, ടൊയോട്ട അർബൻ ക്രൂസർ, അടുത്തിടെ പുറത്തിറക്കിയ ഹ്യൂണ്ടായ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ്, കിയ സോണറ്റ് എന്നിവയാണ് പ്രധാന എതിരാളികൾ. മാനുവിലിന് 7,99 ലക്ഷം രൂപ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 10.96 ലക്ഷം രൂപയിലുമാണ്ണ്‍വില ആരംഭിക്കുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിലും വാഹനം ലഭ്യമാകും, പ്രതിമാസം 18,300 രൂപയാണ് സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക്.

Tags:    
News Summary - 2022 Maruti Suzuki Brezza launched at Rs 7.99 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.