'ബിഗ് ഡാഡി'ക്ക് അപ്ഡേറ്റുമായി മഹീന്ദ്ര; സ്കോർപിയോ ഇനി കൂടുതൽ സ്മാർട്ടാകും

ന്യൂഡൽഹി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹനനിരയിൽ ഏറ്റവും കരുത്തുറ്റ വാഹനമാണ് സ്കോർപിയോ. 2002 ജൂൺ 20നാണ് ഈ എസ്.യു.വി ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്. 2014 പുതിയ അപ്ഡേറ്റുമായി വന്നപ്പോൾ വാഹനത്തിന് ഒരു ഫോർ വീൽ വകഭേദവും മഹീന്ദ്ര അവതരിപ്പിച്ചു. പിന്നീട് മഹീന്ദ്ര ഥാർ റോക്ക്സ് മാർക്കറ്റിൽ അവതരിപ്പിച്ചപ്പോളും സ്കോർപിയോ വിപണിയിൽ തലയുയർത്തി തന്നെ നിന്നു. 2022 ജൂണിൽ എസ്.യു.വിയുടെ ഏറ്റവും പുതിയ വകഭേദമായ സ്കോർപിയോ എൻ ഇന്ത്യൻ നിരത്തിലേക്ക് മഹീന്ദ്ര ഇറക്കി വിട്ടു. ഈ വാഹനത്തിന് പുതിയ അപ്ഡേറ്റുകൾ നൽകാനാണ് മഹീന്ദ്രയുടെ തീരുമാനം.

2022ൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്കോർപിയോ എൻ വേരിയന്റിന് ഒരു പ്രധാന അപ്ഡേറ്റ് മഹീന്ദ്ര നടത്തുന്നത് 2025ൽ ആണ്. അതിനിടയിൽ എക്സ്.യു.വി 3XO, ഥാർ റോക്ക്സ് 5 ഡോർ, എക്സ് ഇ.വി 9ഇ, ബി.ഇ 6 എന്നീ വാഹനങ്ങളെയും മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടാതെ ലെജൻഡറി മോഡലായ ബൊലേറോയിലും വലിയൊരു അപ്ഡേറ്റ് മഹീന്ദ്ര നടത്തി. എന്നാൽ ഇതിനിടയിലെല്ലാം ബിഗ് ഡാഡിയെ കമ്പനി മറന്നോ എന്ന് വാഹനപ്രേമികൾ മഹീന്ദ്രയോട് ചോദിച്ചു. ഇതിനൊരു മറുപടിയെന്നോണമാണ് മഹീന്ദ്രയുടെ ഈ പ്രഖ്യാപനം.


പ്രധാനമായും സുരക്ഷ വർധിപ്പിക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഫീച്ചർ എസ്.യു.വിയിൽ പ്രതീക്ഷിക്കാം. കൂടാതെ AEB (ഓട്ടോ എമർജൻസി ബ്രേക്കിങ്), അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലൈൻ കീപ്പ് അസിസ്റ്റന്റ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ സുരക്ഷ ഫീച്ചറുകളും സ്കോർപിയോ എൻ മോഡലിൽ ഉണ്ടായേക്കാം.

മറ്റൊരു പ്രധാന ഫീച്ചറായി പനോരാമിക് സൺറൂഫും പ്രതീക്ഷിക്കാം. നിലവിൽ ഏറ്റവും ഉയർന്ന മോഡലുകൾക്ക് മാത്രമാണ് സിംഗിൾ-പ്ലെയിൻ സൺറൂഫ് മഹീന്ദ്ര നൽകുന്നത്. കൂടാതെ മുൻവശത്തെ സീറ്റുകൾ വെന്റിലേറ്റഡ് മോഡലിലേക്ക് മാറ്റാനും കമ്പനി ശ്രമിക്കുമായിരിക്കും. സുരക്ഷയിലും ഉൾവശത്തും മാത്രമായിരിക്കും കമ്പനി അപ്ഡേറ്റ് നടത്തുന്നത്. നിലവിൽ ലഭിക്കുന്ന 2.0 ലീറ്റർ പെട്രോൾ, 2.2 ലീറ്റർ ഡീസൽ എൻജിൻ അതേപടി നിലനിർത്തും. വാഹനത്തിന്റെ ഫീച്ചറുകളിൽ കാര്യമായ അപ്ഡേറ്റ് നടത്തുന്നതോടെ നിലവിലെ വിലയിലും മാറ്റം വരും.

Tags:    
News Summary - Mahindra updates 'Big Daddy'; Scorpio will now be even smarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.