മുംബൈ: ഇന്ത്യൻ വാഹനനിർമ്മാതാക്കളിൽ ഏറ്റവും കരുത്തരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ബിഗ് സർപ്രൈസുകളുമായി ഇന്ത്യൻ വിപണിയിലേക്ക്. ഓഗസ്റ്റ് 15ന് നടക്കുന്ന വാഹന പ്രദർശന മേളയിലാകും മഹീന്ദ്രയുടെ കൂടുതൽ പ്രഖ്യാപനം നടക്കുക. എന്നിരുന്നാലും മഹീന്ദ്ര ലെജൻഡ് വാഹനമായ ബൊലേറോയുടെ പരിഷ്‌ക്കരിച്ച പതിപ്പും ഥാർ 5 ഡോറിന്റെ ഇലക്ട്രിക് വകഭേദവും ഈ പ്രദർശനമേളയിൽ വിപണിയിലെത്തിക്കാൻ മഹീന്ദ്ര പ്ലാൻ ചെയ്യുന്നുണ്ട്.
മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനങ്ങളായ XEV 9e, BE 6 വാഹനങ്ങൾ ഇതിനോടകം വിപണിയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി മഹീന്ദ്ര നിർമ്മിച്ച ഇൻഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഈ രണ്ട് ഇ.വികളുടെയും നിർമ്മാണം. 80 ദിവസങ്ങൾകൊണ്ട് 10,000ത്തിലധികം ഡെലിവറിയും നടത്തി റെക്കോർഡ് നേട്ടത്തിൽ കുതിപ്പ് തുടരുന്ന മഹീന്ദ്രയുടെ വിജയത്തിൽ കൂടുതൽ കരുത്തേകാൻ Vision.T, Vision.S എന്നീ രണ്ട് പുതിയ പ്ലാറ്റ്ഫോമുകൾ കൂടെ മഹീന്ദ്ര അവതരിപ്പിക്കും. ഇത് ഇൻഗ്ലോ പ്ലാറ്റ്‌ഫോം പോലെ ഇലക്ട്രിക് വാഹനനിർമ്മാണത്തിലാകും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ മഹീന്ദ്രയുടെ ഹൈബ്രിഡ് വാഹനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതാകും ഈ പുതിയ പ്ലാറ്റ്ഫോമുകൾ.
മഹീന്ദ്രയുടെ വാഹനങ്ങൾക്ക് മികച്ച ഡിസൈനിങ് നൽകാനായി 'ന്യൂ ഫ്ലെക്സിബിൾ ആർക്കിടെക്ചർ' (എൻ.എഫ്.എ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ചക്കൻ പാന്റിന്റെ പ്രഖ്യാപനയും ഓഗസ്റ്റ് 15ന് നടക്കുന്ന പ്രദർശന മേളയിൽ ഉണ്ടാകുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെയാകും കമ്പനി പുതിയ വാഹനങ്ങൾ നിർമ്മിക്കുന്നത്. വർഷത്തിൽ 1.20 ലക്ഷം യൂനിറ്റ് വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റിൽ പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ വാഹങ്ങളാകും നിർമ്മിക്കുക.
2026ൽ പുറത്തിറങ്ങുന്ന പുതിയ തലമുറയിലെ ബൊലേറോ നിയോ എസ്.യു.വിയെ കൂടാതെ BE 07 ഇലക്ട്രിക് കാറും നിർമ്മിക്കുക ചക്കൻ പ്ലാന്റിലാകും. പുതിയ തലമുറയിലെ ബൊലേറോയുടെ സ്പൈ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. ഥാർ റോക്സിനോട് നേരിട്ടാകും ബൊലേറോ മത്സരിക്കുക. ഏകദേശം ഥാർ റോക്സിലെ ഫീച്ചറുകൾ തന്നെയാകും ബൊലേറോയുടെ കരുത്ത്. XEV 9e, BE 6 എന്നീ ഇലക്ട്രിക് മോഡലുകൾക്കിടയിൽ മഹീന്ദ്ര ഇൻഗ്ലോ പ്ലാറ്റഫോമിൽ നിർമ്മിക്കുന്ന മറ്റൊരു ഇലക്ട്രിക് വാഹനമാണ് BE 07. ഇത് BE 6നെക്കാൾ കൂടുതൽ ഫീച്ചറുകൾ ഉൾകൊള്ളുന്നതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.