മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇന്ത്യൻ നിർമ്മിത വാഹനമായ ഥാർ 3 ഡോർ വിപണിയിൽ സൃഷ്‌ടിച്ച ഓളം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ ഥാറിന്റെ 5 ഡോറായ 'റോക്സ്' കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മഹീന്ദ്ര വിപണിയിലിറക്കി. വളരെയേറെ ഡിമാന്റുള്ള വാഹനത്തിന്റെ ഉത്പാദനം കമ്പനി ഉയർത്തിയെങ്കിലും വേണ്ട വിധത്തിൽ വിതരണം ചെയ്യാൻ കമ്പനിക്കായില്ല. വേരിയന്റുകളുടെ അടിസ്ഥാനത്തിൽ ബുക്ക് ചെയ്തവരിപ്പോൾ 18 മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
മഹീന്ദ്ര ഡീലർമാർക്ക് ലഭിച്ച നിർദേശമനുസരിച്ച്, ഏറ്റവും ബേസ് വേരിയന്റായ ഥാർ റോക്‌സിന്റെ എംഎക്സ് 1, എഎക്സ് 7 എൽ 4x4 എന്നി മോഡലുകൾക്കാണ് നിലവിൽ കമ്പനി 18 മാസത്തെ കാത്തിരിപ്പ് കാലാവധി പറയുന്നത്. ഥാർ റോക്സ് എംഎക്സ് 1 - പെട്രോൾ-മാനുവൽ, ഡീസൽ-മാനുവൽ രൂപത്തിൽ ലഭ്യമാണ്. 12.99 ലക്ഷം മുതൽ 13.99 ലക്ഷം വരെയാണ് എംഎക്സ് 1 ന്റെ എക്സ് ഷോറൂം വില. താർ റോക്സ് എ എക്സ് 7 എൽ 4x4, ഡീസൽ-മാനുവൽ, ഡീസൽ-ഓട്ടോമാറ്റിക് രൂപങ്ങളിൽ ലഭ്യമാണ്. 21.59 ലക്ഷം മുതൽ 23.09 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
മിഡ് വേരിയന്റായ എംഎക്സ് 3 (14.99 ലക്ഷം - 17.49 ലക്ഷം), എഎക്സ് 3 എൽ (16.99 ലക്ഷം), എം എക്സ് 5 (16.49 ലക്ഷം - 19.09 ലക്ഷം), എ എക്സ് 5 എൽ (18.99 ലക്ഷം - 21.09 ലക്ഷം) എന്നീ വാഹനങ്ങളുടെയും ഡെലിവറിക്ക് 6 മാസം വരെ കാത്തിരിക്കേണ്ടിവരും. റോക്സ് എഎക്സ് 7 എൽ 4x2 (19.49 ലക്ഷം - 20.99 ലക്ഷം രൂപ) മോഡലിന് 10 മാസമെടുക്കും.
ഥാർ റോക്സിന്റെ ബേസ് വേരിയന്റിന് വരെ ദൈർഘ്യമേറിയ ഡെലിവറി സമയം ഉള്ളതിനാൽ, താർ 3 - ഡോർ ബുക്ക് ചെയ്യുന്നവർക്കിപ്പോൾ 5 മാസം മാത്രം കാത്തിരുന്നാൽമതി. 4 വീൽ ഡ്രൈവ് ഹാർഡ് ടോപ്പ് പെട്രോൾ - ഡീസൽ, റിയർ വീൽ ഡ്രൈവ് ഹാർഡ് ടോപ്പ് ഡീസൽ എന്നി മോഡലുകൾക്ക് 3 മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്. റിയർ വീൽ ഡ്രൈവ് ഹാർഡ് ടോപ്പ് പെട്രോൾ വേരിയന്റ് വാങ്ങുന്നവർക്ക് അവരുടെ പുതിയ മോഡലിൻ്റെ ഡെലിവറിക്കായി 2 മാസം കാത്തിരുന്നാൽ മതിയാകും.
മഹീന്ദ്ര ഥാർ 3 ഡോറിന് നിലവിൽ 11.50 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. 2.0-ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിനും 2.2-ലിറ്റർ ഡീസൽ എഞ്ചിനുമൊപ്പം 6-സ്പീഡ് മാനുവൽ ഗിയർ ബോക്സും, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും വാഹനത്തിന് ലഭ്യമാണ്. 3 -ഡോർ മോഡലിന്, എൻട്രി ലെവലിൽ തന്നെ മാനുവൽ രൂപത്തിൽ 1.5-ലിറ്റർ ഡീസൽ എഞ്ചിൻ എന്നൊരു ഓപ്ഷനും വരുന്നുണ്ട്.
2024 ഒക്‌ടോബറിലെ ഥാറിന്റെ കാത്തിരിപ്പ് കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ, വേരിയൻ്റിനെ ആശ്രയിച്ചുള്ള ഡെലിവറി സമയം വളരെ കൂടുതലാണ്. ഉൽപ്പാദനശേഷി പ്രതിമാസം 9,000 യൂനിറ്റുകൾ കടന്നിട്ടും - 70 ശതമാനം 5-ഡോറിലേക്ക് നീക്കിവച്ചിട്ടും, കാത്തിരിപ്പ് കാലയളവ് അതേപടി തുടരുന്നു. ഇത് മഹീന്ദ്ര ഥാർ റോക്‌സിൻ്റെ ഉയർന്ന ഡിമാൻഡിനെ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.