പുതിയ ലുക്കിലും കൂടുതൽ ഫീച്ചറുകളിലും മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ പുറത്ത്, അവതരണം സെപ്റ്റംബർ 22-ന്

ഇന്ത്യയിലെ ജനപ്രിയ ഓഫ്‌റോഡ് എസ്.യു.വിയായ മഹീന്ദ്ര താറിന്റെ (3-ഡോർ) പുതിയ ഫേസ്‌ലിഫ്റ്റ് പതിപ്പിന്റെ ആദ്യ ടീസർ കമ്പനി പുറത്തുവിട്ടു. സെപ്റ്റംബർ 22-ന് വാഹനം ഔദ്യോഗികമായി വിപണിയിലവതരിപ്പിക്കാനിരിക്കെയാണ് സോഷ്യൽ മീഡിയയിലൂടെ മഹീന്ദ്ര ആദ്യ സൂചനകൾ പങ്കുവെച്ചത്. "ആൻ ഐക്കൺ, നൗ മോർ ഐക്കണിക്" (An icon, now more iconic) എന്ന ടാഗ്‌ലൈനോടെയാണ് ടീസർ എത്തിയിരിക്കുന്നത്.

ടീസറിലെ പ്രധാന വിവരങ്ങൾ

ചളി പുരണ്ട മുൻഗ്രില്ലും അതിലെ വെർട്ടിക്കൽ സ്ലോട്ടുകളും മഹീന്ദ്ര ലെറ്ററിങുമാണ് ടീസറിൽ പ്രധാനമായും കാണിക്കുന്നത്. 'കമിങ് സൂൺ ടു എ റിയർ വ്യൂ മിറർ നിയർ യൂ' എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്. വാഹനത്തിന്റെ പൂർണ്ണ രൂപം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താർ റോക്സിന് സമാനമായ ഡിസൈൻ മാറ്റങ്ങൾ

മുൻപ് പുറത്തുവന്ന  ചിത്രങ്ങൾ അനുസരിച്ച്, അടുത്തിടെ പുറത്തിറങ്ങിയ താർ റോക്സിന് സമാനമായ ഡിസൈൻ മാറ്റങ്ങളോടെയായിരിക്കും പുതിയ 3-ഡോർ താർ എത്തുക:

എക്സ്റ്റീരിയർ: സി-ഷെയ്പ്പ് എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റുകളോട് കൂടിയ സർക്കുലർ പ്രൊജക്ടർ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, പരിഷ്കരിച്ച മുൻ ഗ്രിൽ, പുതിയ ഫ്രണ്ട്-റിയർ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടും.

രൂപകൽപ്പന: പരമ്പരാഗത 3-ഡോർ രൂപകൽപ്പനയും പിൻവശത്തെ സ്പെയർ വീലും സ്പ്ലിറ്റ് റിയർ ഓപ്പണിംങും പഴയപടി തന്നെ തുടരും.

കാബിനിലെ പുതിയ സൗകര്യങ്ങൾ

കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി കാബിൻ കൂടുതൽ പ്രീമിയമാക്കാനും മഹീന്ദ്ര ലക്ഷ്യമിടുന്നു:

  • ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
  • ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
  • ഓട്ടോ-ഡിമ്മിംങ് ഐ.ആർ.വി.എം (IRVM)

360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. (ലെവൽ-2 എ.ഡി.എ.എസ് ഫീച്ചർ ഉൾപ്പെടുത്തുമോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല).

എഞ്ചിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരും

സാങ്കേതികമായി എഞ്ചിൻ വിഭാഗത്തിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിലെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ലഭ്യമാകും:

  • 1.5-ലിറ്റർ ടർബോ ഡീസൽ: റിയർ-വീൽ ഡ്രൈവ് (RWD), മാനുവൽ ഗിയർബോക്സ്.
  • 2.0-ലിറ്റർ ടർബോ പെട്രോൾ: മാനുവൽ/ഓട്ടോമാറ്റിക്, ഫോർ-വീൽ ഡ്രൈവ് (4WD) / റിയർ-വീൽ ഡ്രൈവ്.
  • 2.2-ലിറ്റർ ടർബോ ഡീസൽ: മാനുവൽ/ഓട്ടോമാറ്റിക്, ഫോർ-വീൽ ഡ്രൈവ് (4WD).

വിലയും വിപണിയും

നിലവിൽ 10.32 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) താറിന്റെ വില. പുതിയ മാറ്റങ്ങളോടെ എത്തുന്ന ഫേസ്‌ലിഫ്റ്റ് മോഡലിന് നേരിയ വിലവർധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഫോഴ്സ് ഗുർഖ 3-ഡോർ തന്നെയാണ് വിപണിയിൽ ഇതിന്റെ പ്രധാന എതിരാളി.

Tags:    
News Summary - Mahindra Thar 3-Door Facelift Teaser Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.