കുറഞ്ഞ വിലയിൽ വലിയ എസ്.യു.വി; ഫോർച്യൂണറിനേക്കാൾ 6.5 ലക്ഷം രൂപ വിലക്കുറവിൽ മഹീന്ദ്ര അൽടൂറസ്

മഹീന്ദ്രയുടെ പതാകവാഹകൻ എസ്.യു.വിയായ അൽടൂറസ് ജി ഫോറി​ന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് കമ്പനി. 2 ഡബ്ല്യൂ.ഡി ഹൈ എന്നാണ് പുതിയ വേരിയന്റിന്റെ പേര്. ഈ പ്രീമിയം എസ്.യു.വിയുടെ ഫോർവീൽ വകഭേദം കമ്പനി ഒഴിവാക്കിയിട്ടുണ്ട്. 30.68 ലക്ഷം രൂപയാണ് പുതിയ അൽടൂറസിന്റെ വില. ടൊയോട്ട ഫോർച്യൂണറിന്റെ അടിസ്ഥാന വകഭേദത്തേക്കാൾ 6.5 ലക്ഷം രൂപ കുറവാണ് ഇപ്പോൾ അൽടൂറസിന്. ഉയർന്ന ഫോർവീൽ വകഭേദത്തിലെ എല്ലാ പ്രത്യേകതകളും 2 ഡബ്ല്യൂ.ഡി ഹൈ വേരിയന്റിലും ഉൾപ്പെടുത്തിയിട്ടു​ണ്ടെന്നതും പ്രത്യേകതയാണ്.

ടൊയോട്ട ഫോർച്യൂണർ ഡീസൽ 2 ഡബ്ല്യു.ഡി ഓട്ടോമാറ്റിക് (37.18 ലക്ഷം രൂപ), ബേസ് എംജി ഗ്ലോസ്റ്റർ ഡീസൽ (32 ലക്ഷം രൂപ) എന്നിവയേക്കാളൊക്കെ വിലക്കുറവിൽ ഇനിമുതൽ ആൾടൂറസ് ലഭ്യമാകും. റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, പവേർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ്, സൈഡ്, കർട്ടൻ എയർബാഗുകൾ എന്നിവ ഉൾപ്പെടെ ഫോർവീലിൽ ലഭ്യമായ സവിശേഷതകൾ പുതിയ വേരിയന്റിലുണ്ട്.

18 ഇഞ്ച് അലോയ്‌കൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സൺറൂഫ്, ആംബിയന്റ് ലൈറ്റിങ് പോലുള്ള പ്രത്യേകതകളും അൽടൂറസിലുണ്ട്.പവർട്രെയിനിന് മാറ്റമൊന്നുമില്ല. 181 എച്ച്പി, 2.2-ലിറ്റർ ഡീസൽ എഞ്ചിൻ തുടരും. മെഴ്‌സിഡസിൽ നിന്ന് വാങ്ങുന്ന 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിന്.

ടൊയോട്ട ഫോർച്യൂണർ, ഇസുസു എംയു-എക്സ്, അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത എംജി ഗ്ലോസ്റ്റർ തുടങ്ങിയ ബോഡി-ഓൺ-ഫ്രെയിം എസ്‌യുവികളാണ് എതിരാളികൾ. മോണോകോക്ക് അധിഷ്ഠിത ജീപ്പ് മെറിഡിയൻ എസ്‌യുവി മാത്രമാണ് അൽടൂറസിനേക്കാൾ വിലക്കുറവുള്ള വാഹനം.

Tags:    
News Summary - Mahindra Alturas G4 2WD High variant launched at Rs 30.68 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.