ജപ്പാനും പിടിച്ചെടുക്കാൻ മാരുതി: ഇന്ത്യയിൽ നിർമിച്ച മാരുതി സുസുക്കിയുടെ ജിംനി നൊമാഡിന് ജപ്പാനിൽ റെക്കോർഡ് ബുക്കിങ്

ഈയിടെയായി വാഹനപ്രേമികളെ ഏറെ ആകർഷിച്ചിട്ടുള്ള ഒരു ഇന്ത്യൻ നിർമിത വാഹനമാണ് മാരുതി സുസുക്കിയുടെ ഓഫ്‌റോഡ് വാഹനമായ ജിംനി. ഇന്ന് ജിംനിക്ക് അങ്ങ് വിദേശത്തും ഫാൻസുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ജിംനി, ജിംനി നൊമാഡ്‌ എന്ന പേരിൽ ജപ്പാനിൽ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി. ഒരാഴ്ച കൊണ്ട് 50 ,000 ബുക്കിങ് പൂർത്തീകരിച്ച വാഹനത്തിന്റെ മുമ്പോട്ടുള്ള ബുക്കിങ് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ് കമ്പനി. ബുക്കിംഗ് പുനരാരംഭിക്കുന്നതിന് മുമ്പ്, ഓർഡർ ചെയ്ത യൂനിറ്റുകൾ എത്രയും വേഗം ഡെലിവറി ചെയ്യാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് വാഹന നിർമാതാക്കൾ അറിയിച്ചു.

ഇന്ത്യയിൽ അവതരിപ്പിച്ച വേരിയന്റിനെ അപേക്ഷിച്ച് കുറച്ച് അധിക സവിശേഷതകളോടെയാണ് വാഹനം പുറത്തിറക്കുന്നത്. ഇന്ത്യയിലെ പോലെ ജപ്പാനിലും എസ്.യു.വി വാഹനങ്ങൾക്ക് ഉയർന്ന ഡിമാൻഡ് ആണ്. ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ജിംനി നൊമാഡ്‌, ഡിസൈനിൻ്റെ കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല. നിലവിലുള്ള ഇന്ത്യയിലെ ജിംനിയെക്കാൾ ജപ്പാൻ വേരിയന്റ് ജിംനിക്ക് ചിഫൺ ഐവറി മെറ്റാലിക്കും (കറുത്ത മേൽക്കൂരയുള്ളത്) ജംഗിൾ ഗ്രീനും ഉൾപ്പെടെ രണ്ട് പുതിയ കളർ ഓപ്ഷനുകൾ ലഭിക്കുന്നു.

മുൻ നിരയിലടക്കം 4-സ്പീക്കർ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഓട്ടോ എസി തുടങ്ങിയ ഫീച്ചറുകളോടെയാണ് സുസുക്കി ജിംനി നൊമാഡ്‌ സജ്ജീകരിച്ചിട്ടുള്ളത്. സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യൻ പതിപ്പിനോട് സാമ്യമുള്ളതാണെങ്കിലും, അതിൽ തന്നെ 6 എയർബാഗുകൾ, ഹിൽ-ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ, സെൻസറുകളോട് കൂടിയ റിയർ പാർക്കിങ് കാമറ എന്നിവ ഉൾപ്പെടുന്നു.

ജപ്പാൻ വേരിയന്റ് ജിംനിക്ക് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) സാങ്കേതികവിദ്യയും ലഭിക്കുന്നു. 1.5 ലിറ്റർ പെട്രോൾ എൻജിനാണ് ജിംനി നൊമാഡിനുള്ളത്. 102 എച്ച്.പി പവറും 130 എൻ.എം മാക്സിമം ടോർക്കുമാണ് എൻജിൻ നൽകുക. 5 സ്പീഡ് മാനുവൽ ഡ്രൈവും 4 സ്പീഡ് ഓട്ടോമാറ്റിക് ഡ്രൈവിലുമാണ് വാഹനം സജ്ജീകരിച്ചിട്ടുള്ളത്. 14.86 ലക്ഷം മുതൽ 15.41 ലക്ഷം രൂപ വരെയാണ് ജിംനി നൊമാഡിന്റെ എക്സ് ഷോറൂം വില.

Tags:    
News Summary - Maruti to conquer Japan too: Maruti Suzuki's Jimny Nomad, made in India, has a record booking in Japan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.