ലോകത്തിലെ ആദ്യ സോളാർ കാർ നിർമ്മാണം ആരംഭിച്ചു; 'ലൈറ്റ് ഇയർ സീറോ' സെഡാന്റെ വില 2.11 കോടി

ലോകത്തിലെ ആദ്യ സോളാർ കാറായ 'ലൈറ്റ് ഇയർ സീറോ'യുടെ നിർമാണം ആരംഭിച്ചു. 259,000 ഡോളർ (2.11 കോടി രൂപ) ആണ് വാഹനത്തിന്റെ വില. വാഹനത്തിന് ഇതുവരെ 150 പ്രീ-ഓർഡറുകൾ ലഭിച്ചതായി നിർമാതാക്കളായ ഡച്ച് മൊബിലിറ്റി സ്റ്റാർട്ട്-അപ്പ് ലൈറ്റ്ഇയർ അറിയിച്ചു. 2022 ജൂണിൽ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് കമ്പനി അവതരിപ്പിച്ചിരുന്നു. നവംബറിൽ യൂറോപ്പിൽ വാഹനം എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പദ്ധതി വൈകുകയായിരുന്നു.

പുതിയ പ്രഖ്യാപനം അനുസരിച്ച്, ആദ്യത്തെ 1,000 ലൈറ്റ് ഇയർ സീറോ യൂനിറ്റുകൾ ഫിൻലൻഡിലെ വാൽമെറ്റ് ഓട്ടോമോട്ടീവ് ഓയ്ജ് പ്ലാന്റിൽ നിർമിക്കും. ഓരോ ആഴ്ചയും ഒരു ലൈറ്റ് ഇയർ സീറോ വാഹനം നിർമ്മിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. ലൈറ്റ് ഇയർ സീറോയുടെ മേൽക്കൂരയിലും ടെയിൽ ഭാഗത്തും സോളാർ പാനലുകൾ ഉണ്ടായിരിക്കും. വാഹനം ഓടുമ്പോഴോ പാർക്ക് ചെയ്‌തിരിക്കുമ്പോഴോ റീചാർജ് ചെയ്യാനും കഴിയും.


സൂര്യ പ്രകാശത്തിൽ ഒരു മണിക്കൂർ ചാർജ്ജ് ചെയ്താൽ വാഹനത്തിന് ഏകദേശം 10 കിലോമീറ്റർ ഓടാൻ കഴിയും. ശരാശരി സൂര്യപ്രകാശം ദിവസവും ലഭിച്ചാൽ സോളാര്‍ ചാര്‍ജില്‍ മാത്രം പ്രതിദിനം 70 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. ലൈറ്റ് ഇയർ സീറോയിലെ പവർട്രെയിൻ ലോകത്തിലെ ഏറ്റവും കാര്യക്ഷമമാണെന്ന് കമ്പനി സി.ഇ.ഒ അവകാശപ്പെടുന്നു. കാറിന്റെ എയറോഡൈനാമിക് ആകൃതിയും നാല് ചക്രങ്ങളിലുള്ള നാല് ഇലക്ട്രിക് മോട്ടോറുകളും ഒരേ ശ്രേണിയിലുള്ള യാത്രയ്ക്ക് വേണ്ട ഊർജം നൽകാൻ ചെറിയ ബാറ്ററിയെ പ്രാപ്തമാക്കുന്നു. ലൈറ്റ് ഇയർ സീറോയുടെ ഭാരം 1,575 കിലോഗ്രാം ആണ്. ഇതും വാഹനത്തിന് മികവ് നൽകും.


ലൈറ്റ് ഇയർ സീറോ ഉടന്‍തന്നെ യു.എ.ഇ. നിരത്തുകളിലെത്തുമെന്നും സൂചനയുണ്ട്. ഷാര്‍ജ റിസര്‍ച്ച്, ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പാര്‍ക്കുമായി (എസ്.ആര്‍.ടി.ഐ. പാര്‍ക്ക്) സഹകരിച്ചാണ് വാഹനം എത്തിക്കുക. ലൈറ്റ്ഇയറിന്റെ ടെസ്റ്റിങ്, സെയില്‍സും സര്‍വീസും തുടങ്ങിയ സംവിധാനങ്ങള്‍ യു.എ.ഇ.യില്‍ ലഭ്യമാകുമെന്ന് എസ്.ആര്‍.ടി.ഐ. പാര്‍ക്ക് സി.ഇ.ഒ. ഹുസൈന്‍ അല്‍ മഹ്‌മൂദിയും ലൈറ്റിയര്‍ സി.ഇ.ഒ. ലെക്സ് ഹൂഫ്സ്ലോട്ടും പറഞ്ഞു.

കാറിന് മുകളില്‍ അഞ്ച് സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള സോളാര്‍ പാനല്‍ നല്‍കിയാണ് ചാര്‍ജ് സ്വീകരിക്കുന്നത്. സൗരോര്‍ജത്തിന് പുറമെ, സാധാരണ ഇലക്ട്രിക് കാറായും സീറോ ഉപയോഗിക്കാം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 624 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 60 കിലോവാട്ട് ബാറ്ററി നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ 175 ബി.എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Lightyear 0, World's First Solar Electric Car, Goes Into Production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.