മുൻഗാമികളെക്കാൾ പരുക്കൻ രൂപത്തിലാണ് പുതിയ ലെക്‌സസ് ജി.എക്സ് എന്ന ആഡംബര എസ്.യു.വിയെ ലെക്സസ് അവതരിപ്പിച്ചത്. കരുത്തുള്ള രൂപത്തിനൊപ്പം സ്റ്റൈലിഷായിട്ടാണ് പുതിയ ജിഎക്സിന്‍റെ വരവ്. മുൻപത്തെ രണ്ട് പേരിൽ നിന്നും വ്യത്യസ്ഥനാണ് മൂന്നാം തലമുറക്കാൻ എന്ന് ഒറ്റ നോട്ടത്തിൽ മനസിലാവും.
ബോക്സി ഡിസൈനാണ് വാഹനത്തിന്‍റെ പ്രത്യേകത. ലാൻഡ് റോവർ ഡിഫൻഡർ പ്രേമികൾക്ക് ഈ ലുക്ക് ഇഷ്ടമാവുമെന്ന് ഉറപ്പ്. ചുരുക്കി പറഞ്ഞാൽ മസിൽ ലുക്ക് ഡിസൈനും കരുത്തും ആഡംബരവുമാണ് ഇവന്‍റെ മെയിൻ.
എക്സ്റ്റീരിയറിൽ വലിയ പണികളൊന്നും ഇല്ല. മൊത്തത്തിൽ ഒരു രൗദ്രഭാവം. മുന്നിലും പിന്നിലും വശക്കാഴ്ചയിലും തികഞ്ഞ എസ്.യു.വി. മുൻവശവും പിൻവശവും അതിഗംഭീരമാണ്. സ്ലീക്ക് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളുകളാണ് പിൻവശത്തിന്‍റെ കരുത്ത്.പുതിയ ലെക്‌സസ് ജി.എക്‌സിന്റെ ക്യാബിൻ ഗംഭീരമാണ്.
എക്സ്റ്റീരിയറിനെ പോലെ കരുത്തേറിയതാണ് ഇന്‍റീരിയറും. പരുക്കൻ ഭാവത്തോടൊപ്പം ആധുനിക ഡിസൈൻ രീതിയും ഉൾവശത്തെ മനോഹരമാക്കുന്നു. ആഡംബരവും സ്‌പോർടിമാണെന്ന് വിശേഷിപ്പിക്കാം. കൂടാതെ ഉൾവശത്തെ കറുപ്പിൽ പൊതിഞ്ഞതോടെ വല്ലാത്തൊരു ലുക്കാണ് വാഹനത്തിന്. 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് അകത്തെ പ്രധാന സവിശേഷത.
ബോഡി-ഓൺ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് ജി.എക്സ് നിർമിച്ചിരിക്കുന്നത്. രണ്ട് എൻജിൻ ഓപ്ഷനുകളാണുള്ളത്. 3.5 ലിറ്റർ ട്വിൻ-ടർബോ വി6 എഞ്ചിനും 2.4 ലിറ്റർ ടർബോചാർജ്ഡ് ഹൈബ്രിഡ് എഞ്ചിനും. 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് രണ്ടിലും ഉള്ളത്. കുന്നും മയലും വെള്ളവും താണ്ടാൻ കരുത്തുറ്റ ഫോർ വീൽ ഡ്രൈവ് മോഡും ജി.എക്സിൽ ഉണ്ട്.
വിവിധ പ്രതലങ്ങളിലെ ഡ്രൈവിങിനായി മൾട്ടി ടെറൈൻ സെലക്ട് മോഡും നൽകിയിരിക്കുന്നു.ജി.എക്സിന്‍റെ ഏറ്റവും വലിയ എതിരാളി ലാൻഡ് റോവർ ഡിഫൻഡറാണ്. ഡിഫൻഡറിന്‍റെ ഐതിഹാസികമായ ഓഫ്-റോഡ് കഴിവുകളോട് മുട്ടിനിൽക്കുന്നതിനൊപ്പം ഓൺ-റോഡ് പ്രകടനത്തിലും ജി.എക്സ് എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.