വലുപ്പത്തിൽ വമ്പനായി ലാൻഡ് റോവർ ഡിഫൻഡർ 130

എക്കാലത്തും വാഹനപ്രേമികളുടെ ഉറക്കംകെടുത്തുന്ന മോഡലാണ് ലാൻഡ് റോവർ ഡിഫൻഡർ. ഇപ്പോഴിതാ ഡിഫൻഡറിന്‍റെ നീളം കൂടിയ പതിപ്പ് അവതരിപ്പിച്ചിക്കുകയാണ് ബ്രീട്ടീഷ് കമ്പനിയായ ലാൻഡ് റോവർ. ലാൻഡ് റോവർ ഡിഫൻഡർ 130 എന്ന പേരിലാണ് എട്ട് സീറ്റുകളോട് കൂടിയ പുതിയ വാഹനത്തിന്‍റെ അവതാരപ്പിറവി. നിലവിൽ വിപണിയിലുള്ള ഡിഫൻഡർ 110-നെ അപേക്ഷിച്ച് വാഹനത്തിന്‍റെ നീളത്തിലാണ് കാര്യമായ മാറ്റമുണ്ടായത്.




 


ഡിഫൻഡർ 130 ന് 5358 എം.എം ആണ് നീളം. 5018 എം.എം നീളമുള്ള ഡിഫെൻഡർ 110 ന്റെ നീളത്തേക്കാൾ 340 എം.എം വർധനയാണ് പുതിയ വാഹനത്തിൽ ഉണ്ടായത്. എന്നാൽ, 3022 എം.എം എന്ന വീൽബേസ് ഡിഫൻഡർ 110-ന് തുല്യമാണ്. കാഴ്ചയിൽ 130 നും 110 നും ഇടയിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. വശങ്ങളിൽ നിന്ന് നോക്കുമ്പോഴുള്ള വർധിച്ച നീളത്തിൽ മാത്രമാണ് മാറ്റമുള്ളത്. ഒന്നാം നിരയിൽ രണ്ട്, രണ്ട്, മൂന്ന് നിരകളിൽ മൂന്ന് എന്നിങ്ങനെ എട്ട് യാത്രക്കാർക്കാണ് ഡിഫൻഡർ 130ൽ ഇരിപ്പിടം ഒരിക്കിയത്. രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾ മടക്കിയാൽ 2291 ലിറ്റർ ലഗേജ് സ്പെയ്സ് കണ്ടെത്താം. എല്ലാ ഡിഫൻഡർ 130 മോഡലുകളിലും സ്റ്റാൻഡേർഡായി പനോരമിക് സൺറൂഫ് കമ്പനി നൽകിയിട്ടുണ്ട്. ഇത് മൂന്നാം നിര വരെ നീളുന്നുവെന്നതും സവിശേഷതയാണ്. 11.4 ഇഞ്ച് പി.വി പ്രോ ടച്ച്‌സ്‌ക്രീനും സാധാരണ എയർ സസ്‌പെൻഷനുമാണ് വാഹനത്തിലുള്ളത്. എച്ച്.എസ്.ഇ, എക്സ് വേരിയന്‍റുകളിൽ ലാൻഡ് റോവർ ഡിഫൻഡർ 130 ലഭ്യമാകും




 


290 എം.എം ആണ് വാഹനത്തിന്‍റെ ഗ്രൗണ്ട് ക്ലിയറൻസ്. ഇതിന് 900 എം.എം വെള്ളത്തിലൂടെ സഞ്ചരിക്കാനുള്ള (വാട്ടർ വേഡിംഗ്) ശേഷിയുണ്ട്. രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഡിഫൻഡർ 130ക്ക് ഉള്ലത്. പി 400 മൈൽഡ്-ഹൈബ്രിഡ് ഇങ്ഗേനിയം ആറ് സിലിണ്ടർ പെട്രോൾ എഞ്ചിൻ 400 ബി.എച്ച്.പി കരുത്തും 550 എൻ.എം ടോർക്കും നൽകുന്നു. ഡി 300 ഇങ്ഗേനിയം ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ 300 ബി.എച്ച്.പി കരുത്തും 650 എൻഎം ടോർക്കും നൽകുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും 8 സ്പീഡ് സെഡ്.എഫ് സോഴ്സ്ഡ് ടോർക്ക് കൺവെർട്ടർ സ്റ്റാൻഡേർഡായി നൽകുന്നുണ്ട്. വാഹനത്തിന്‍റെ വില കമ്പനി പുറത്ത് വിട്ടിട്ടില്ല.




 


അതേസമയം, ഡിഫെൻഡർ 130 ഇന്ത്യയിൽ അവതരിപ്പിക്കുമോയെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. എന്നിരുന്നാലും, വരും മാസങ്ങളിൽ ഇൗ കരുത്തനായ എസ്‌.യു.വി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ലാൻഡ് റോവർ ഡിഫൻഡർ 90, 110 വേരിയന്റുകൾ ഇന്ത്യയിൽ ലഭ്യമാണ്. ഇവയുടെ വില യഥാക്രമം 80.72 ലക്ഷം (എക്സ്-ഷോറൂം), 82.25 ലക്ഷം (എക്സ്-ഷോറൂം) എന്നിങ്ങനെയാണ്.




 



Tags:    
News Summary - Land Rover Defender 130 unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.