കെ.എസ്.ആർ.ടി.സിയുടെ കേരളപ്പിറവി സമ്മാനം; പുതിയ വോൾവോ 9600 സ്ലീപ്പർ ബസുകൾ വരുന്നു

കെ.എസ്.ആർ.ടി.സിയുടെ പുതിയ വോൾവോ 9600 എസ്.എൽ.എക്സ് ബസുകൾ ഉടൻ നിരത്തുകളിലെത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബസിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ കേരളപ്പിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രി പോസ്റ്റ് പങ്കുവെച്ചത്.

ത്രിവര്‍ണ പതാകയിലെ കളര്‍ തീമില്‍ തന്നെയാണ് പുതിയ വോൾവോ 9600 എസ്.എൽ.എക്സ് ബസുകളും ഒരുക്കിയിരിക്കുന്നത്. ബസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം കാൻസർ രോഗികൾക്ക് സൗജന്യ യാത്രക്കുള്ള യാത്രാകാർഡിന്‍റെ വിതരണം നടന്നിരുന്നു. കാൻസർ രോഗികൾക്ക് കേരളത്തിലെവിടെയും ചികിത്സാ ആവശ്യങ്ങൾക്കായി കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യ യാത്ര ചെയ്യാൻ സാധിക്കുന്ന പദ്ധതിയാണ് ഹാപ്പി ലോങ് ലൈഫ്.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി റേഡിയേഷൻ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ തരം ബസ്സുകളിലും സൗജന്യ യാത്ര നടത്താൻ സാധിക്കും. ഈ യാത്രാ കാർഡ് അപേക്ഷകന്റെ വീട്ടിൽ നേരിട്ട് കെ.എസ്.ആർ.ടി.സി എത്തിക്കും.

യാത്രാ കാർഡിനായി https://www.keralartc.com/ എന്ന ഔദ്യോഗിക പോർട്ടലിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ, ഓങ്കോളിജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപ്‌ലോഡ് ചെയ്യണം. മാത്രമല്ല, സമർപ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധ്യതയുള്ളതും നിർദിഷ്ട ഫയൽ ഫോർമാറ്റിലും ആയിരിക്കണം.

അപേക്ഷകൻ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടാൽ കാർഡ് റദ്ദാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാകുന്നവർക്ക് ചീഫ് ഓഫിസിൽ നിന്നും RFID യാത്രാ കാർഡ് ബന്ധപ്പെട്ട യൂനിറ്റ് ഓഫിസർ മുഖേന അപേക്ഷകന്റെ വീടുകളിൽ എത്തിക്കും.

Tags:    
News Summary - KSRTC's New Volvo 9600 sleeper buses launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.