കുറഞ്ഞകാലം കൊണ്ടുതന്നെ ഇന്ത്യയിലെ വാഹനപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച കോംപാക്ട് എസ്.യു.വിയാണ് കിയ സെൽറ്റോസ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ് സൈസ് എസ്.യു.വികളിലൊന്നും സെൽറ്റോസാണ്. കന്നിയങ്കത്തിൽ എതിരാളികളെ മലർത്തിയടിച്ച സെൽറ്റോസിന്‍റെ ഏറ്റവും പുതിയ 2023 പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി.
എഞ്ചിനിലും ഫീച്ചറുകളിലും മാറ്റങ്ങളോടെയാണ് പുതിയ വരവ്. എന്നാൽ വാഹത്തിന്‍റെ രൂപത്തിൽ കാര്യമായ മാറ്റങ്ങൾ ഇല്ല. കിയ ഐഡിയൽ സ്റ്റോപ്പ് ആന്‍ഡ് ഗോ (ഐ.എസ്.ജി) സ്വിച്ച് സെൽറ്റോസ് 2023 പതിപ്പിൽ സ്റ്റാൻഡേർഡ് ഫീച്ചറായി നൽകിയിട്ടുണ്ട്. ആമസോൺ അലക്‌സ- ഹോം ടു കാർ കണക്റ്റിവിറ്റി ഫംങ്ങ്ഷനും ഉണ്ട്. എന്നാൽ ഇത് എല്ലാ മോഡലുകളിലും ഉണ്ടായിരിക്കില്ല.
ഇതുവരെ ഉണ്ടായിരുന്ന 1.4 ലിറ്റർ ടർബോ ജി.ഡി.ഐ എഞ്ചിൻ ഇപ്പോൾ നിർത്തലാക്കി. അതേസമയം, കൂടുതൽ ശക്തമായ 1.5 ലിറ്റർ ടർബോ ജി.ഡി.ഐ എഞ്ചിൻ കിയ ഉടൻ തന്നെ അവതരിപ്പിക്കും. 1.5 ലിറ്റർ സ്മാർട്ട് സ്ട്രീം പെട്രോൾ 1.5 ലിറ്റർ സി.ആർ.ഡി.ഐ വി.ജി.ടി ഡീസൽ എന്നിങ്ങനെ നിലവിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഉള്ളത്.
പെട്രോൾ എഞ്ചിൻ 115 പി.എസ് പരമാവധി കരുത്തും 144 എൻ.എം പീക്ക് ടോർക്കും വികസിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ, ഐ.വി.ടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുകളാണ് ഈ എഞ്ചിനുള്ളത്. ഡീസൽ എഞ്ചിന് 116 പി.എസ് പരമാവധി കരുത്തും (നേരത്തെ 115 പി.എസ്) 250 എൻ.എം പീക്ക് ടോർക്കുമാണുള്ളത്.
6-സ്പീഡ് ഐ.എം.ടി, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് ഇതിലുള്ളത്. ഡീസൽ എഞ്ചിനിനൊപ്പം മാനുവൽ ട്രാൻസ്മിഷൻ ഇല്ല എന്നത് ശ്രദ്ധേയമാണ്. HTE, HTK, HTK+, HTX, HTX+, GTX+, X Line എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ പുതിയ സെൽറ്റോസ് ലഭിക്കും. 10.89 ലക്ഷം രൂപയിൽ തുടങ്ങി 19.65 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) എസ്.യു.വിയുടെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.