മുംബൈ: ദക്ഷിണ കൊറിയൻ വാഹനനിർമ്മാതാക്കളായ കിയ അടുത്തിടെയാണ് കാരൻസിന്റെ പുതിയ മോഡലായ ക്ലാവിസിനെ ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചത്. വില കുറഞ്ഞതും കൂടുതൽ ഫീച്ചറുകളുമുള്ള ഈ എം.പി.വി വാഹനം വളരെ വേഗം വിപണിയിൽ ശ്രദ്ധനേടി. അതിനിടയിൽ കിയ കാരൻസ് ക്ലാവിസിന്റെ ഇ.വി വകഭേദവും പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി.
'അക്കോ ഡ്രൈവ്' പറയുന്നതനുസരിച്ച് 2025 ജൂലൈ 15ന് ക്ലാവിൻസ് ഇ.വി വിപണിയിലേക്കെത്തും. പക്ഷെ ഇത് ഔദ്യോഗികമായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ക്ലാവിസ് ഇ.വിയെ ഏറെ പ്രതീക്ഷയോടെയാണ് വാഹനലോകം നോക്കികാണുന്നത്.
ഹ്യുണ്ടായ് ക്രെറ്റ ഇ.വിയുടെ അതേ ബാറ്ററി പാക്കുകളാകും ക്ലാവിസ് ഇ.വിയുടെ കരുത്ത്. 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭിക്കാൻ സാധ്യതയുണ്ട്. ആദ്യ ബാറ്ററിയായ 42kWh 390 കിലോമീറ്ററും രണ്ടാമത്തെ 51.4kWh ബാറ്ററി 473 കിലോമീറ്റർ വരെയും സഞ്ചരിക്കാൻ സാധിക്കും.
കാരൻസിന്റെ ക്ലാവിസ് മോഡലിൽ നിന്നും വലിയ മാറ്റങ്ങൾ വരുത്താതെയാകും ക്ലാവിസ് ഇ.വി വിപണിയിലെത്തുന്നത്. എൽ.ഇ.ഡി ത്രീ-പോഡ് ഹെഡ്ലൈറ്റ്, എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ എന്നിവ കൂടാതെ ഒരു ഓഫ് ഗ്രിൽ ഡിസൈനും മുൻവശത്തെ മാറ്റങ്ങളാണ്.
ഉൾവശത്ത് കിയ സെൽട്ടോസിൽ ഉപയോഗിച്ച 22.62 ഇഞ്ചിന്റെ ഒരു ഡ്യൂവൽ-സ്ക്രീനും ക്ലാവിൻസ് ഇ.വിയിൽ പ്രതീക്ഷിക്കാം. 10.25 ഇഞ്ചിന്റെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, കൂടാതെ 10.25 ഇഞ്ചിന്റെ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലയും ഉണ്ടാകും. 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും ക്ലാവിസ് ഇ.വിയിൽ പ്രതീക്ഷിക്കാം.
ഏകദേശം 16 ലക്ഷം മുതൽ 20 ലക്ഷം വരെയാകും ക്ലാവിസ് ഇ.വിയുടെ എക്സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. ടാറ്റ ഹാരിയർ.ഇ.വി, ഹ്യുണ്ടായ് ക്രെറ്റ ഇ.വി തുടങ്ങിയ വാഹനങ്ങളാകും ക്ലാവിസ് ഇ.വിയുടെ മുഖ്യ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.