10 ലക്ഷം വാഹനങ്ങളെന്ന നാഴികക്കല്ല്​ താണ്ടി കിയ; രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വാഹന കമ്പനിയായി കൊറിയൻ ബ്രാൻഡ്​

ചേട്ടനായ ഹ്യൂണ്ടായിയെ വെല്ലുന്ന നേട്ടത്തിലേക്ക്​ കിയ ​മോട്ടോർസ്​. ഇന്ത്യയിൽ 10 ലക്ഷം വാഹനങ്ങൾ നിർമിക്കുകയെന്ന നാഴികക്കല്ലാണ്​ ഈ കൊറിയൻ വാഹന കമ്പനി പിന്നിട്ടത്​. രാജ്യത്ത്​ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന വാഹന കമ്പനിയെന്ന ​പദവിയും ഇനിമുതൽ കിയക്ക്​ സ്വന്തമാണ്​.

2019 ആഗസ്റ്റിലാണ് ദക്ഷിണ കൊറിയന്‍ വാഹന ഭീമന്മാരായ കിയ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ടോപ് 5 കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി മാറിയ കിയ അസൂയാവഹമായ വളര്‍ച്ചയാണ് കൈവരിച്ചത്. ഒരുപാട് മോഡലുകള്‍ ഒന്നും വിപണിയില്‍ എത്തിക്കുന്നില്ലെങ്കിലും സെൽറ്റോസ്​ എന്ന ഹിറ്റ്​ മോഡലാണ്​ കിയയെ വിൽപ്പനയിൽ തുണക്കുന്നത്​.

7.5 ലക്ഷം യൂനിറ്റ് പ്രദേശിക വിൽപനയും 2.5 ലക്ഷം യൂണിറ്റ് കയറ്റുമതിയും ചേർന്നാണ് 10 ലക്ഷം എന്ന മാജിക്​ നമ്പരിലേക്ക്​ കിയ എത്തിയത്​. ഇതിൽ 532450 സെൽറ്റോസും 332450 ത്നിറ്റ് സോണറ്റും 120516 യൂണിറ്റ് കരൻസും 14584 യൂണിറ്റ് കാർണിവല്ലുമുണ്ട്. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍ നിന്നാണ്​ കിയ ദശലക്ഷം യൂനിറ്റ് വാഹനങ്ങള്‍ പുറത്തിറക്കിയത്. ഐതിഹാസിക നേട്ടം ആഘോഷിക്കാനായി കിയ അനന്തപൂരിലെ പ്ലാന്റില്‍ ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ആന്ധ്രപ്രദേശ് ധന മന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് റെഡ്ഡി, വ്യവസായ വകുപ്പ് മന്ത്രി ഗുഡിവാഡ അമര്‍നാഥ്, ഗോരന്ത്‌ല മാധവ് എംപി, പെനുകൊണ്ട എംഎല്‍എ ജി ശങ്കരനാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പുതിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. മുഖംമിനുക്കിയെത്തുന്ന കിയ സെല്‍റ്റോസിന്റെ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​ ആരംഭിക്കും. വില പ്രഖ്യാപനവും ഉടനുണ്ടാകും. ലെവല്‍ 2എഡാസ്​ ഉള്‍പ്പെടെ 32 സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് കാറിന്റെ വരവ്.

കിയയുടെ സഹോദര സ്ഥാപനമായ ഹ്യുണ്ടായ്​ 1998-ല്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ചിരുന്നു. എന്നാല്‍ 2006-ലാണ് ദശലക്ഷം യൂനിറ്റിലേക്കെത്താന്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിക്കായത്. 2021-ല്‍ ഹ്യൂണ്ടായ്​ 10 ദശലക്ഷം വാഹനങ്ങൾ ഇന്ത്യയിൽ നിർമിച്ച്​ വമ്പന്‍ നേട്ടം കൈവരിച്ചിരുന്നു. ഈ വര്‍ഷമാണ് ഫ്രഞ്ച് കമ്പനിയായ റെനോ ഇന്ത്യയും ദശലക്ഷം കാര്‍ പണിതിറക്കി നാഴികക്കല്ല് താണ്ടിയത്. എന്നാല്‍ ഇതിന്​ ഇവർക്ക്​ 11 വര്‍ഷമെടുത്തിരുന്നു.

Tags:    
News Summary - Kia India surpasses 1 million production units milestone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.