രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇ.വി ചാർജർ കൊച്ചിയിൽ സ്ഥാപിച്ച് കിയ മോട്ടോർസ്



രാജ്യത്തെ ഏറ്റവും വേഗതയുള്ള ഇ.വി ചാർജർ കൊച്ചിയിൽ സ്ഥാപിച്ച് കിയ മോട്ടോഴ്സ്. കൊച്ചിയിലെ കിയ ഡീലർഷിപ്പിലാണ് 240 കിലോവാട്ട് ശേഷിയുള്ള ഡി.സി ചാർജർ സ്ഥാപിച്ചത്.

നേരത്തേ ഗുർഗാവിൽ 150 കിലോവാട്ട് ശേഷിയുള്ള ചാർജർ കിയ സ്ഥാപിച്ചിരുന്നു. വരുംനാളുകളിൽ രാജ്യത്തെ 12 നഗരങ്ങളിലും 150 കിലോവാട്ട് ചാർജറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും കിയ അധികൃതർ പറഞ്ഞു.

ഇന്ത്യയിലെ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് കിയയുടെ നടപടി. മറ്റ് നിർമ്മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങൾക്കും ഈ ചാർജറുകൾ ഉപയോഗിക്കുന്നതിന് കിയ അനുവദിക്കും. 'കിയ ഇന്ത്യയെ സംബന്ധിച്ച് ഇത് നാഴികക്കല്ലാണ്. രാജ്യത്ത് ഇ.വി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിലും ഇന്ത്യയുടെ മൊബിലിറ്റി വളർച്ചയിലേക്ക് സംഭാവന ചെയ്യുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'-കിയ ചീഫ് സെയിൽസ് ഓഫീസർ മ്യുങ്-സിക് സോൻ പറയുന്നു.

'ഇന്ത്യയിലെ ഞങ്ങളുടെ ഇ.വി യാത്ര ഇവിടെ അവസാനിക്കുന്നില്ല. ഇ.വി ഉപഭോക്താക്കളെ പിന്തുടരുന്ന ചാർജിങ് സമയവും റേഞ്ച് ഉത്കണ്ഠയും കുറയ്ക്കുന്നതിന് രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഇവി ഡീലർഷിപ്പുകളിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പ്രക്രിയയിലാണ് ഞങ്ങൾ'-അദ്ദേഹം കൂട്ടിച്ചേർത്തു.

കിയയുടെ ഏറ്റവും പുതിയ ഇ.വിയായ EV6 ക്രോസ്ഓവർ ജൂണിൽ കിയ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. EV6ന് 526 കിലോമീറ്റർ റേഞ്ചാണുള്ളത്. മറുവശത്ത്, കിയയുടെ സഹോദര ബ്രാൻഡായ ഹ്യുണ്ടായ് പ്രാദേശികമായി അസംബിൾ ചെയ്ത Ioniq 5 ഇ.വി ഉടൻ പുറത്തിറക്കാനുള്ള നീക്കത്തിലാണ്. കോന ഫെയ്‌സ്‌ലിഫ്റ്റും ഇ-നീറോ ഇലക്ട്രിക് ക്രോസ്‌ഓവറും ഉൾപ്പെടുന്ന ആറ് പുതിയ ഇവികൾ 2024 ഓടെ ഇന്ത്യയിൽ അവതരിപ്പിക്കാനും കിയയും ഹ്യുണ്ടായിയും പദ്ധതിയിടുന്നുണ്ട്.

Tags:    
News Summary - Kia India installs 240kW DC fast charger in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.