തിരുവനന്തപുരം: സംയുക്ത സംരഭമായി ഈ വർഷം ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലെത്തിക്കാൻ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെ.എ.എൽ). മുംബൈ ആസ്ഥാനമായുള്ള ലോർഡ്സ് ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഇലക്ട്രിക് വാഹനങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്നത്. ഇതിനായി 2022ൽ ഇരു കമ്പനികളും ചേർന്ന് കരാറുണ്ടാക്കിയിരുന്നു. പിന്നാലെ കെ.എ.എൽ-ലോർഡ്സ് ടെക്നോളജീക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പുതിയ കമ്പനി രജിസ്റ്റർ ചെയ്തു.
കേരള ഓട്ടോ മൊബൈൽസിന്റെ നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ ആസ്ഥാനത്ത് പതിനായിരം ചതുരശ്ര അടി കെട്ടിട സൗകര്യം കമ്പനിക്ക് പാട്ടത്തിന് നൽകും. ഇവിടെയാണ് നിർമാണ പ്ലാന്റ് ആരംഭിക്കുക. രണ്ട് മാസത്തിനകം യന്ത്രസാമഗ്രികളടക്കം സ്ഥാപിച്ച് ഉൽപാദനം തുടങ്ങുമെന്നും ഈ വർഷംതന്നെ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലെത്തിക്കാനാകുമെന്നും കേരള ഓട്ടോമൊബൈൽസ് എം.ഡി വി.എസ്. രാജീവ് ‘മാധ്യമ’ത്തോട് പറഞ്ഞു. വാഹനത്തിന്റെ സാങ്കേതികവിദ്യ ലോർഡ്സ് ഓട്ടോമോട്ടീവിന്റേതായിരിക്കും.
പശ്ചാത്തല സൗര്യമടക്കലുള്ളവയാണ് കേരള ഓട്ടോമൊബൈൽസ് ഒരുക്കുക. പുതിയ സംരംഭത്തിന് രൂപവത്കരിച്ച കമ്പനിയുടെ ചെയർമാൻ കേരള ഓട്ടോ മൊബൈൽസ് എം.ഡിയാണ്. എം.ഡി പദവിയിൽ ലോർഡ്സ് ഓട്ടോമോട്ടീവിന്റെ പ്രതിനിധിയും. വിപണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളോട് കിടപിടിക്കുന്നതരത്തിൽ പുറത്തിറക്കുന്ന വാഹനങ്ങളുടെ വിപണി ദക്ഷിണേന്ത്യയാണ്.ഇതിനകം ഇലക്ട്രിക് ഓട്ടോ ഉൾപ്പെടെ കെ.ഇ.എൽ വിപണിയിലെത്തിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ മിനി ഇ-കാർട്ട്, മിനി ഇ-കാർട്ട് പ്ലസ്, ഇലക്ട്രിക് ബഗ്ഗി എന്നിവക്കും സ്വീകാര്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.