ജയസൂര്യയും കുടുംബവും 

കുഞ്ഞുങ്ങളെന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അതങ്ങു സാധിച്ചുകൊടുക്കണം; മകന്റെ ഇഷ്ട്ടവാഹനം വീട്ടിലെത്തിച്ച് ജയസൂര്യ

കൊച്ചി: ഫോക്സ്‍വാഗണിന്റെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് വാഹനമാണ് ഗോൾഫ് ജി.ടി.ഐ. ഈ വർഷം മേയ് 26ന് ഇന്ത്യയിൽ അവതരിപ്പിച്ച ഈ സൂപ്പർ കാർ മകൻ അദ്വൈതിനു വേണ്ടി സ്വന്തമാക്കിയിരിക്കുകയാണ് മലയാള നടൻ ജയസൂര്യ. കരുത്തിലും പ്രകടനത്തിലും ഒരുപോലെ തിളങ്ങുന്ന ഫോക്സ്‍വാഗണിന്റെ ഈ ഹാച്ച്ബാക്ക് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ സെലിബ്രിറ്റിയുമാണ് ജയസൂര്യ.


ഫോക്സ്‌വാഗൺ ഇന്ത്യയിലേക്കായി ആകെ 250 ഗോൾഫ് ജി.ടി.ഐ മോഡലുകളാണ് അവതരിപ്പിച്ചത്. അതിൽ ആദ്യ ബാച്ചിൽ എത്തിയ 150 കാറുകളിൽ ഒന്നാണ് താരം സ്വന്തമാക്കിയത്. 'ഏറെ നാളായി കാത്തിരുന്ന വാഹനമാണിത്. ഇന്ത്യയിലേക്കെത്തുന്നു എന്ന വാർത്ത കേട്ടപ്പോൾ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹമാണ് ഇപ്പോൾ സാധിച്ചിരിക്കുന്നത്. അതിൽ വളരെയധികം സന്തോഷമുണ്ടെന്ന്' അദ്വൈത് പറയുന്നു.

ഫോക്സ്‌വാഗൺ ഗോൾഫ് ജി.ടി.ഐ

ജർമൻ വാഹനനിർമ്മാതാക്കളായ ഫോക്സ്‍വാഗണിന്റെ കരുത്തുറ്റ ഹാച്ച്ബാക്ക് വാഹനമാണ് ഗോൾഫ് ജി.ടി.ഐ. 1974ലാണ് ആദ്യമായി ഫോക്സ്‌വാഗൺ ഗോൾഫ് ജി.ടി.ഐ വിപണിയിലെത്തിക്കുന്നത്. 1.6 ലീറ്റർ എൻജിനായിരുന്നു ഇതിന്റെ കരുത്ത്. അതിന് പരമാവധി 180 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിച്ചിരുന്നു. തുടർന്ന് 1984ൽ രണ്ടാം തലമുറയും 1991ൽ മൂന്നാം തലമുറയും 1998ൽ നാലാം തലമുറയും 2004ൽ അഞ്ചാം തലമുറയും 2009ൽ ആറാം തലമുറയും 2013ൽ ഏഴാം തലമുറയും വിപണിയിലെത്തി. ഇപ്പോൾ എട്ടാം തലമുറയിലെ ജി.ടി.ഐയാണ് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. പൂർണമായും ഇറക്കുമതി ചെയ്യുന്ന ഗോൾ‌ഫ് ജി.ടി.ഐ മോഡലിന് 52.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.


ഗോൾഫ് ജി.ടി.ഐയിൽ 2.0 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ്. ഇത് യഥാക്രമം 265 ബി.എച്ച്.പി കരുത്തും പരമാവധി 370 എൻ.എം ടോർക്കും നൽകും. 7 സ്പീഡ് ഡി.എസ്.ജി ട്രാൻസ്മിഷനുള്ള വാഹനം 5.9 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ മറികടക്കും. കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത് വാഹനത്തിന്റെ ഏറ്റവും വിലകൂടിയ മോഡലാണ്.

Tags:    
News Summary - If your children wish for something, they should be granted it; Jayasurya brings home his son's favorite vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.