വി.എൽ.എഫ് മോബ്‌സ്റ്റർ സ്കൂട്ടർ
ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ വി.എൽ.എഫിന്റെ (വെലോസിഫെറോ) പുതിയ മോബ്‌സ്റ്റർ സ്കൂട്ടർ മോട്ടോഹൗസ് ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് വ്യത്യസ്ത എൻജിൻ വകഭേദത്തിലാണ് സ്കൂട്ടർ നിരത്തുകളിൽ എത്തുക. ആദ്യത്തെ 2,500 ഉപഭോക്താക്കൾക്കായി 1.30 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് വാഹനം ലഭ്യമാകുക. വി.എൽ.എഫ് സ്പോർട്ടി സ്കൂട്ടർ ഇന്ത്യയിൽ ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുകയും സ്കൂട്ടർ നിരയിൽ ടെന്നീസ് ഇലക്ട്രിക് സ്കൂട്ടറിനൊപ്പം വിപണിയിൽ എത്തുകയും ചെയ്യുന്നു. ഇന്ത്യയിൽ വി.എൽ.എഫ് അവതരിപ്പിക്കുന്ന ആദ്യ ഐ.സി.ഇ, സി.കെ.ഡി (വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ ഭാഗങ്ങൾ മറ്റൊരു രാജ്യത്തുവെച്ച് യോജിപ്പിക്കുന്ന പ്രക്രിയ) സ്കൂട്ടറാണിത്.
മോബ്‌സ്റ്റർ സ്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 999 രൂപ ടോക്കൺ അഡ്വാൻസ് നൽകി വാഹനം ബുക്ക് ചെയ്യാനുള്ള സംവിധാനം കമ്പനി ആരംഭിച്ചിട്ടുണ്ട്. മുൻവശത്ത് ട്വിൻ ഹെഡ്‍ലൈറ്റ് കോൺഫിഗറേഷനിൽ വിപണിയെത്തുന്ന ഒരു സ്‌പോർട്ടി സ്കൂട്ടറാണ് മോബ്‌സ്റ്റർ. അതിനാൽ തന്നെ രാജ്യത്ത് ലഭ്യമായ സ്കൂട്ടറുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് മോബ്‌സ്റ്റർ സ്കൂട്ടറിന്റെ ഡിസൈൻ.
125 സി.സി ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലണ്ടർ, 180 സി.സി ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ, 4 വാൽവ് എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളാണ് മോബ്‌സ്റ്റർ സ്‌പോർട്ടി സ്കൂട്ടറിന്റെ കരുത്ത്. ആദ്യ എൻജിൻ പരമാവധി 8,250 ആർ.പി.എമിൽ 12.1 ബി.എച്ച്.പി പവറും 6,500 ആർ.പി.എമിൽ 11.7 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ എൻജിൻ 8,250 ആർ.പി.എമിൽ 17.9 ബി.എച്ച്.പി കരുത്തും 6,500 ആർ.പി.എമിൽ 15.7 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനുകളാണ്.
12 ഇഞ്ച് അലോയ്-വീലുകളോടെയാണ് ഇരു മോഡലുകളും നിരത്തുകളിൽ എത്തുന്നത്. കൂടാതെ എട്ട് ലിറ്റർ ഇന്ധന ടാങ്കും മോബ്‌സ്റ്റർ സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. മൊബൈൽ സ്ക്രീൻ മിററിങ് സംവിധാനത്തോടെ 5-ഇഞ്ച് ഡിജിറ്റൽ കളർ ടി.എഫ്.ടി ഡിസ്പ്ലേ, യു.എസ്.ബി ചാർജിങ് പോർട്ട്, ഡ്യൂവൽ ചാനൽ എ.ബി.എസ്, ലൈവ് ഡാഷ് കാമറ ഫങ്ഷൻ, നാവിഗേഷൻ, ട്രാക്ഷൻ കണ്ട്രോൾ തുടങ്ങിയ ആധുനിക ഫീച്ചറുകൾ വി.എൽ.എഫ് മോബ്‌സ്റ്റർ സ്‌പോർട്ടി സ്കൂട്ടറിന് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.