ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളും ബൈക്കുകളും കണ്ടെത്താൻ പഠനം; റിസൾട്ട് വന്നപ്പോൾ വിജയിച്ചത് ഇവർ

ഇന്ത്യക്കാരുടെ പ്രിയ വാഹന കമ്പനി മാരുതി സുസുകി ആണെന്നാണ് നമ്മുടെ പൊതു ധാരണ. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാർ കണ്ടെത്താൻ പഠനം നടത്തുമ്പോ ഏതെങ്കിലും മാരുതിയാകും ഒന്നാമതെത്തുക എന്നാണ് നാം വിചാരിക്കുക. ഇത്തരമൊരു പഠനം നടത്തിയിരിക്കുന്നത് ഓട്ടോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഡ്രൂമാണ്. മാരുതി ആരാധകർക്ക് അത്ര സന്തോഷം നൽകുന്ന കാര്യങ്ങളല്ല പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഡ്രൂമിന്റെ പഠനമനുസരിച്ച് ഹ്യുണ്ടായി ക്രെറ്റ എസ്‌.യു.വിയും ബജാജ് പൾസർ മോട്ടോർസൈക്കിളുമാണ് രാജ്യത്തെ ഫോർ വീലർ, ടു വീലർ സെഗ്‌മെന്റുകളിൽ ഏറ്റവും ജനപ്രിയ വാഹനങ്ങൾ. ആഡംബര കാർ സെഗ്‌മെന്റ് ഉൾപ്പെടെ ഇന്ത്യയിൽ നിലവിൽ വിൽക്കുന്ന എല്ലാ ഇന്റേണൽ കംബസ്റ്റൻ മോഡലുകളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹന വിഭാഗത്തിൽ സമാനമായ പഠനം നടത്തിയെങ്കിലും ഡാറ്റ ഡ്രൂം പുറത്തുവിട്ടിട്ടില്ല.

പട്ടികയിൽ ഹ്യുണ്ടായ് ക്രെറ്റ ഒന്നാമതെത്തിയപ്പോൾ അവരുടെ തന്നെ ബ്രാൻഡായ കിയ സെൽറ്റോസ് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യക്കാർക്കിടയിൽ പ്രിയങ്കരമായ എസ്‌.യു.വികളിൽ പുതിയ മാരുതി സുസുകി ബ്രെസയും ഉൾപ്പെടുന്നു. എം.പി.വി അല്ലെങ്കിൽ വലിയ എസ്‌.യു.വികൾ പോലുള്ള കാറുകൾക്കിടയിൽ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറുമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വാഹനങ്ങൾ. ആഡംബര വാഹന വിഭാഗത്തിൽ മുന്നിൽ നിൽക്കുന്നത് മെർസിഡീസ് ബെൻസിന്റെ E-ക്ലാസ് ആണ്. മറ്റ് ആഡംബര കാറുകളിൽ ജീപ്പ് കോമ്പസ്, ബെൻസ് C-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് എന്നിവ ഉൾപ്പെടുന്നു.


ഇരുചക്ര വാഹന വിഭാഗത്തിലേക്ക് നോക്കിയാൽ ബജാജിന്റെ ബൈക്കുകളാണ് മുന്നിലെത്തിയത്. ബജാജ് പൾസർ ഏറ്റവും പ്രിയപ്പെട്ട ഇരുചക്ര വാഹനമായി പഠനം തെരഞ്ഞെടുത്തു. ഹീറോ സ്‌പ്ലെൻഡർ പ്ലസ്, ബജാജ് പൾസർ എൻ.എസ് 200, ടിവിഎസ് അപ്പാച്ചെ RTR, ഹോണ്ട CB ഷൈൻ തുടങ്ങിയ മോട്ടോർസൈക്കിളുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി.

ലക്ഷ്വറി മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ഏറ്റവും ജനപ്രിയ മോഡലായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഹാർലി ഡേവിഡ്‌സൺ സ്ട്രീറ്റ് 750, കവസാക്കി നിഞ്ച ZX-10R എന്നിവയും ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ മോഡലുകളുടെ പട്ടികയിൽ ഇടംപിടിച്ചു. ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള വാഹനങ്ങൾ വാങ്ങുന്നവർക്കിടയിൽ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു.

2015 മുതലുള്ള ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിഹിതം കണക്കാക്കിയപ്പോൾ 23 ശതമാനത്തിൽ നിന്ന് 33 ശതമാനമായി കഴിഞ്ഞ വർഷം ഉയർന്നു. ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ ഉയർച്ചയ്ക്ക് കാരണം 'സൗകര്യവും ഉയർന്ന ഇന്ധനക്ഷമതയും' ആണെന്ന് പഠനം പറയുന്നു. മൊത്തം വാഹന വിൽപ്പനയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യയിൽ ഇവി വിൽപ്പനയെന്നും പഠനം പറയുന്നു.

Tags:    
News Summary - Hyundai Creta and Bajaj Pulsar are India's most popular car and bike: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.