ഇന്ത്യൻ നിരത്തുകളിലെ സ്പോർട്ടി ലുക്കുള്ള ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ഹ്യുണ്ടായി ഐ20 യുടെ പുത്തൻ പതിപ്പ് അണിയറയിൽ ഒരുങ്ങുന്നു. 2023 ഐ20 യുടെ സ്റ്റൈലിഷ് ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്ത് വിട്ടത്. അഴകിനൊപ്പം കൂടുതൽ സവിശേഷതകളുമായാണ് പുതിയ മോഡലിനെ കമ്പനി ഒരുക്കുന്നത്.
2023 ഹ്യുണ്ടായി ഐ20 നിലവിലുള്ള മോഡലിനേക്കാൾ സ്‌പോർട്ടിയാണ്. നിലവിലെ അടിസ്ഥാന രൂപത്തിൽ മാറ്റം വരുത്താതെ വാഹനത്തെ സ്പോർട്ടി ഡിസൈനിലൂടെ സ്റ്റൈലിഷാക്കുകയാണ് കമ്പനി ചെയ്തത്. മുൻഭാഗം ഇപ്പോൾ കൂടുതൽ മനോഹരമാണ്. എൽ.ഇ.ഡി ഹെഡ്‌ലാമ്പ് യൂനിറ്റിനോട് ചേർന്ന് എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ നൽകി. ഇതിനു ചുറ്റും കറുത്ത ട്രിമ്മുകളുമുണ്ട്.
എയർ ഇൻടേക്കോടുകൂടി കറുപ്പ് നിറത്തിലുള്ള വലിയ ബമ്പർ സ്പോർടി ലുക്ക് വർധിപ്പിക്കുന്നു.അതേസമയം, പിൻവശത്ത് കാര്യമായ രൂപമാറ്റങ്ങളില്ല.
വശക്കാഴ്ചയിലെ പ്രധാന പ്രത്യേകത പുതിയ ഡിസൈനിലുള്ള സ്റ്റാർ രൂപത്തിലെ അലോയ് വീലുകളാണ്. ഇതൊഴിച്ച് നിർത്തിയാൽ വശങ്ങളിൽ വലിയ മാറ്റം ഇല്ല.
എന്നാൽ, ഉൾവശത്ത് കാര്യമായ മാറ്റങ്ങളുണ്ട്. കൂടുതൽ സവിശേഷതകളുള്ള 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതുമയാണ്.
വാഹനത്തിന്‍റെ എക്സ്റ്റീരിയർ നിറം ഉൾവശത്തെ കറുപ്പ് നിറത്തിനോടൊപ്പം പലയിടത്തും നൽകിയിട്ടുണ്ട്. ഇത് ഉൾവശത്തെ ഗംഭീരമാക്കി. വയര്‍ലെസ് ചാര്‍ജര്‍ ഉള്‍പ്പെടെ പുതിയ സംവിധാനങ്ങളും ഉണ്ട്. സുരക്ഷ വർധിപ്പിക്കാനായി അഡാസ് ഫീച്ചറുകളും ഉണ്ടാവും.
ലൂസിഡ് ലൈം മെറ്റാലിക്, ലൂമെൻ ഗ്രേ പേൾ, മെറ്റാ ബ്ല്യൂ പേൾ എന്നീ പുതിയ നിറങ്ങൾ 2023 മോഡലിന് കമ്പനി നൽകി. മൂന്ന് ഡ്യുവൽ ടോൺ കളർ ഉൾപ്പെടെ എട്ട് നിറങ്ങളിൽ വാഹനം ലഭ്യമാവും. 1.2 ലീറ്റർ പെട്രോൾ എൻജിൻ, 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ എന്നിവയാവും ഇന്ത്യൻ മോഡലിലുണ്ടാവുക. 2023 അവസാനത്തോടെയാവും വാഹനം വിപണിയില്‍ എത്തുക എന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.