'കുഴപ്പക്കാരനാണോ എന്ന് ചോദിച്ചാൽ... നമുക്ക് പണിയാ', എക്സ്റ്റർ നാളെ എത്തും

ഹ്യൂണ്ടായുടെ മൈക്രോ എസ്.യു.വി എക്സ്റ്റർ ജൂലൈ 10ന് ഇന്ത്യയിൽ അവതരിപ്പിക്കും. മൈക്രോ എസ്.യു.വി സെഗ്മെന്റിൽ ഏറെ പ്രതീക്ഷയോടെയാണ് എക്സ്റ്ററുമായി ഹ്യൂണ്ടായ് എത്തുന്നത്. ഹ്യൂണ്ടായ് നിരയിൽ വെന്യുവിന് തൊട്ടുതാഴെയായിരിക്കും എക്സ്റ്ററിന്റെ സ്ഥാനം. അടിസ്ഥാന മോഡൽ മുതൽ ആറ് എയർബാഗുകളുടെ സുരക്ഷ എക്സ്റ്റർ നൽകും. ഈ സംവിധാനം സെഗ്‌മെന്റിൽ തന്നെ ആദ്യമാണ്.

ആഗോളതലത്തില്‍ ഹ്യുണ്ടായുടെ പുതിയ മോഡലുകളില്‍ കാണുന്ന പാരാമെട്രിക് ഡിസൈന്‍ ഭാഷയാണ് എക്സ്റ്റര്‍ പിന്തുടരുന്നത്. ഒതുക്കമുള്ള രൂപവും വിശാലമായ ഇന്റീരിയറും ഈ ഡിസൈന്റെ പ്രത്യേകതയാണ്.‘എച്ച്’ ആകൃതിയിലുള്ള എൽ.ഇ.ഡി ഡി.ആർ.എല്ലുകളാല്‍ ചുറ്റപ്പെട്ട സ്ലീക്ക് ഗ്രില്ലാണ് എക്സ്റ്ററിന് ലഭിക്കുന്നത്. ചതുരാകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍ ബമ്പറില്‍ സ്ഥാപിച്ചിരിക്കുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകളും ചുറ്റും ബോഡി ക്ലാഡിങും മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകളും ലഭിക്കും.


റൂഫ് റെയിലുകള്‍, സി-പില്ലറിന് ടെക്സ്ചര്‍ ചെയ്ത ഫിനിഷ്, ഫ്‌ലോട്ടിങ് റൂഫ് ഇഫക്റ്റുള്ള ഡ്യുവല്‍-ടോണ്‍ പെയിന്റ് ഓപ്ഷനുകള്‍ എന്നിവയും നൽകും. പിന്‍വശത്ത് നേരെയുള്ള ടെയില്‍ ഗേറ്റ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ചെറിയ ബില്‍റ്റ്-ഇന്‍ സ്പോയിലര്‍, എച്ച്-പാറ്റേണ്‍ എല്‍ഇഡി ലൈറ്റിങ് ഘടകങ്ങള്‍ ഫീച്ചര്‍ ചെയ്യുന്ന ടെയില്‍ ലാമ്പുകള്‍ എന്നിവയും ലഭിക്കും.

ഡ്രൈവർ, പാസഞ്ചർ, കർട്ടൻ, സൈഡ് എയർബാഗുകളുടെ സുരക്ഷയാണ് എക്സ്റ്ററിന്റെ എല്ലാ മോഡലുകൾക്കും ലഭിക്കുക. എഎസ്‌സി, വെഹിക്കിൾ സ്റ്റബിലിറ്റ് മാനേജ്മെന്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, 3 പോയിന്റ് സീറ്റ് ബെൽറ്റ് ആൻഡ് സീറ്റ് ബെൽറ്റ് റിമൈൻഡർ, എ.ബി.എസ് വിത്ത് ഇ.ബി.ഡി, സെഗ്‌മെന്റിൽ ആദ്യമായി ബർഗ്ലർ അലാം തുടങ്ങി 26 സുരക്ഷാ ഫീച്ചറുകളും പുതിയ എസ്.യു.വിക്ക് ഹ്യുണ്ടായ് നൽകുന്നുണ്ട്. അടിസ്ഥാന വകഭേദങ്ങളായ ‘ഇ’, ‘എസ്’ എന്നീ മോഡലുകൾക്ക് ഓപ്ഷനായിട്ടാണ് ഇവ നൽകുന്നത്.


1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ കരുത്ത്. എഞ്ചിന്‍ 82 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഇ20 ഫ്യൂവൽ റെഡി എൻജിനൊടൊപ്പം 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സ്മാർട്ട് ഓട്ടോ എ.എം.ടിയുമുണ്ട്. ഇ.എക്സ്, എസ്, എസ്.എക്സ്, എസ്.എക്സ്(ഒ), എസ്.എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളിൽ ആറ് നിറങ്ങളിലായാണ് എക്സ്റ്റർ വിപണിയിലെത്തുക. 3.8 മീറ്റർ നീളമുണ്ടാകും. പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം, ഉയരം 1,575 എംഎം എന്നിങ്ങനെയാണ്.

ഹ്യുണ്ടായ് എക്സ്റ്ററിലെ മറ്റൊരു സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറാണ് TPMS (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം). ഇത് വാഹനത്തിന്റെ ഒപ്റ്റിമല്‍ പോയിന്റിന് താഴെയാണ് ടയര്‍ പ്രെഷര്‍ എങ്കില്‍ ഡ്രൈവര്‍ക്ക് വാര്‍ണിങ് നല്‍കും. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയും ലഭിക്കും. ആറ് മുതൽ 10 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന വില. ടാറ്റ പഞ്ച് ആവും ഈ മൈക്രോ എസ്‌.യു.വിയുടെ പ്രധാന എതിരാളി. മാരുതി സുസുക്കി ഇഗ്‌നിസും പോരിന് ഉണ്ടാവും.  



Tags:    
News Summary - Hyundai Exter launching on July 10: All we know so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.