ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ രജിസ്ട്രേഷൻ നമ്പർ ഇതാണ്; വാങ്ങിയത് 1.17 കോടി രൂപക്ക്

ന്യൂഡൽഹി: ഒരുവട്ടം, രണ്ടുവട്ടം....ഒടുവിൽ അതുറപ്പിച്ചു. HR88B8888 എന്ന  ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ് ഇനി ഇന്ത്യയിലെ ആഡംബര കാറുടമയുടേത് ആയി മാറി. കാറുടമയുടെ പേരു വിവരങ്ങൾ ലഭിച്ചിട്ടില്ല. ഹരിയാനയിൽ ബുധനാഴ്ച നടന്ന ലേലത്തിൽ 1.17 കോടി രൂപക്കാണ് ഈ ഫാൻസി നമ്പർ വിറ്റുപോയത്.

ഹരിയാനയിൽ എല്ലാ ആഴ്ചകളിലും വി.ഐ.പി, ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലം നടക്കാറുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് അഞ്ചുമണിക്കും തിങ്കളാഴ്ച രാവിലെ ഒമ്പതിനും ഇടയിൽ ലേലത്തിൽ പ​ങ്കെടുക്കുന്നവർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള നമ്പർ തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കായിരിക്കും ഫലം പ്രഖ്യാപിക്കുക. അതുവരെ ലേലം തുടരും. fancy.parivahan.gov.in portal എന്ന ഔദ്യോഗിക പോർട്ടൽ വഴിയാണ് ലേലം നടക്കുക.

ഇത്തവണ HR88B8888 എന്ന നമ്പറിനായിരുന്നു ഏറെ ആവശ്യക്കാരുണ്ടായിരുന്നത്. 45 പേരാണ് ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കാൻ ആഗ്രഹിച്ച് ലേലത്തിൽ പ​ങ്കെടുത്തത്. നമ്പർ പ്ലേറ്റിന്റെ വില 50,000ത്തിൽ സെറ്റ് ചെയ്തു. ലേലം വിളി തുടങ്ങിയപ്പോൾ ഓരോ മിനിറ്റിലും വില കൂടിക്കൂടി വന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയായപ്പോഴേക്കും 1.17 കോടിയിലെത്തി. ഉച്ച 12മണിക്ക് ലേലത്തുക 88ലക്ഷത്തിലെത്തി.

കഴിഞ്ഞാഴ്ച HR22W2222 എന്ന നമ്പർ 37.91 ലക്ഷം രൂപക്കാണ് വിറ്റുപോയത്.

HR88B8888 അതുല്യമായ ഒരു വാഹന നമ്പറാണ്. ലേലത്തിലൂടെ മാത്രമേ ഈ നമ്പർ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.

HR എന്നത് സംസ്ഥാനത്തി​ന്റെ കോഡ് ആണ്. അതായത് വണ്ടിയുടെ രജിസ്ട്രേഷൻ നടന്നത് ഹരിയാനയിലാണ് എന്നാണിത് സൂചിപ്പിക്കുന്നത്.

B എന്നത് വണ്ടിയുടെ നിർദിഷ്ട ആർ.ടി.ഒ പരിധിക്കുള്ളിലെ സീരീസ് കോഡ് ആണ്.

8888 എന്നാൽ വണ്ടിക്കായി തയാറാക്കിയിട്ടുള്ള നാലു ഡിജിറ്റ് രജിസ്ട്രേഷൻ നമ്പറാണ്.

B എന്നത് വലിയക്ഷരത്തിൽ കണക്കാക്കുമ്പോൾ എട്ടുകളുടെ ഒരു സ്ട്രിംഗ് പോലെ തോന്നുകയും ഒരു അക്കം മാത്രമേ ആവർത്തിക്കുകയും ചെയ്യുന്നുള്ളൂ എന്നതാണ് നമ്പർ പ്ലേറ്റിന്റെ പ്രത്യേകത.

ഈ വർഷം ഏപ്രിലിൽ കേരളത്തിൽ നിന്നുള്ള ടെക് ബില്യണയർ ആയ വേണ ഗോപാലകൃഷ്ണൻ അദ്ദേഹത്തിന്റെ ലംബോർഗിനി ഉറുസ് പെർഫോമന്റിനായി ഒരു ഫാൻസി നമ്പർ പ്ലേറ്റ് 45.99ലക്ഷം രൂപക്ക് സ്വന്തമാക്കിയിരുന്നു. KL 07 DG 0007 എന്നായിരുന്നു ആ ഫാൻസി നമ്പർ. അതിന്റെ ലേലം തുടങ്ങിയത് 25,000 രൂപയിലാണ്. ഒടുവിലത് റെക്കോഡ് തുകക്ക് ലേലം ചെയ്യപ്പെട്ടു. ആ നമ്പർ പ്ലേറ്റിലെ 0007 എന്നത് ജെയിംസ് ബോണ്ട് കോഡ് ആണ്. ജെയിംസ് ബോണ്ട് കോഡിനെ അനുസ്മരിപ്പിക്കുന്ന '0007' നമ്പർ കേരളത്തിലെ ആഡംബര വാഹന രംഗത്ത് ഗോപാലകൃഷ്ണന്റെ സ്ഥാനം ഉറപ്പിക്കുന്നു


Tags:    
News Summary - HR88B8888 Becomes India's Costliest Car Registration Number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.