ജപ്പാൻ മൊബിലിറ്റി എക്സ്പോയിൽ ഹോണ്ട പ്രദർശിപ്പിച്ച 'ഒ ആൽഫ' സീരിസ്

ജപ്പാൻ മൊബിലിറ്റി എക്സ്പോയിൽ തിളങ്ങി ഹോണ്ട; എത്തുന്നത് പത്ത് പുതിയ കാറുകൾ

രാജ്യത്ത് വലിയ നിക്ഷേപ പദ്ധതികളുമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസ്. 2030 ആകുമ്പോഴേക്കും പത്ത് പുതിയ കാറുകൾ വിപണിയിൽ എത്തിക്കാനാണ് ഹോണ്ടയുടെ നീക്കം. ഇതിന്റെ ഭാഗമായി ജപ്പാനിലെ ടോക്യോയിൽ നടന്ന വാഹന പ്രദർശനമേളയിൽ 'ഒ ആൽഫ' ഇലക്ട്രിക് എസ്.യു.വി ആശയത്തിൽ പുതിയ മോഡൽ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ ആശയം കമ്പനിയുടെ മുമ്പോട്ടുള്ള യാത്രയിൽ പ്രധാന നാഴികക്കല്ലാകും എന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.

ഹോണ്ട സിറ്റി, ഹോണ്ട അമേസ്, ഹോണ്ട ഇലവേറ്റ് എന്നീ മൂന്ന് വാഹനങ്ങളാണ് ഹോണ്ട രാജ്യത്ത് വിൽപ്പന നടത്തുന്നത്. കൂടുതൽ വാഹനങ്ങൾ വിപണിയിലേക്കെത്തിക്കാൻ വേണ്ടി ഉപഭോക്താക്കളുടെ താത്പര്യവും രാജ്യത്തെ വാഹന ട്രെൻഡ് എന്നിവ സൂക്ഷമമായി പരിശോധിച്ച ശേഷമാണ് പുത്തൻ വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ കമ്പനി ശ്രമിക്കുന്നത്. പുതിയ പത്ത് കാറുകളിൽ ഏഴെണ്ണം വ്യത്യസ്ത സെഗ്‌മെന്റുകളും വ്യത്യസ്ത ഇന്ധന വകഭേദങ്ങളുമായിരിക്കും.


ഹോണ്ട 'ഒ ആൽഫ' സീരിസിൽ പുതിയ മൂന്ന് ഇലക്ട്രിക് മോഡലുകളാണ് ഹോണ്ട നിർമിക്കാൻ പദ്ധതിയിടുന്നത്. അതിൽ രണ്ട് എസ്.യു.വികളും ഒരു സെഡാൻ മോഡലും ഉൾപെടും. ഇന്ത്യയും മറ്റ് ഏഷ്യൻ രാജ്യങ്ങളുമാണ് കമ്പനി ലക്ഷ്യം. ഇന്ത്യയെ കൂടാതെ യു.എസ് വാഹന വിപണിയും ഹോണ്ട ലക്ഷ്യം വെക്കുന്നുണ്ട്. അതിനാൽത്തന്നെ ഒരു ഫുൾ-സൈസ് ഫ്ലാഗ്ഷിപ്പ് പ്രോഡക്റ്റ് ആയിട്ടാകും വാഹനങ്ങൾ നിർമിക്കുക. ഇന്തോനേഷ്യൻ ബാറ്ററി നിർമാതാക്കളായ CALT മായി സഹകരിച്ച് ബാറ്ററികൾ വാങ്ങാനാണ് ഹോണ്ടയുടെ തീരുമാനം.

രാജ്യത്ത് പാസഞ്ചർ വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജി.എസ്.ടി ഇളവിൽ 4 മീറ്ററിൽ താഴെയുള്ളതും 1500 സി.സിയിൽ കൂടുതൽ ഇല്ലാത്ത വാഹങ്ങൾക്ക് 18 ശതമാനമായി നികുതി ഏകീകരിച്ചതിനാൽ ഹോണ്ട നിർമിക്കാൻ പോകുന്ന വാഹനങ്ങളിൽ മിക്കതും ഈ സെഗ്‌മെന്റിൽ ഉൾപ്പെടും. മാരുതി സുസുകി ബ്രെസ, ഹ്യുണ്ടായ് വെന്യൂ, കിയ സോണറ്റ്, മഹീന്ദ്ര എക്സ്.യു.വി 3XO, ടാറ്റ നെക്‌സോൺ മോഡലുകളെ പോലെ 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളാകും ഹോണ്ടയുടെ വരാൻപോകുന്ന വാഹനങ്ങളിലെ കരുത്ത്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം മൂന്ന് മോഡലുകളുടെ 68,650 യൂനിറ്റുകൾ നിരത്തുകളിൽ എത്തിച്ച ഹോണ്ടക്ക് ഇന്ത്യയിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

Tags:    
News Summary - Honda shines at Japan Mobility Expo; Ten new cars arrive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.