എച്ച് സ്മാർട്ട് വേരിയന്റുമായി ആക്ടീവ 125 എത്തി; വില 78,920 മുതൽ 88,903 വരെ

ഇന്ത്യയിലെ വാഹനനിർമാതാക്കളെല്ലാം തങ്ങളുടെ മോഡലുകൾ നിലവിൽ പരിഷ്‍കരിക്കുന്ന തിരക്കിലാണ്. ഏപ്രിൽ ഒന്നുമുതൽ നടപ്പിലാകുന്ന ബി.എസ് ആറ് ഫേസ് 2 നിയന്ത്രണങ്ങൾ പാലിക്കുന്നതിനാണിത്. ഇതിന്റെ ഭാഗമായി ഹോണ്ടയും തങ്ങളുടെ ജനപ്രിയ മോഡലായ ആക്ടീവ പുതുക്കിയിറക്കിയിരിക്കുകയാണ്.

നേരത്തേ ആക്ടീവ 6ജി പരിഷ്‍കരിച്ച ഹോണ്ട ഇപ്പോൾ ആക്ടീവ 125 ഉം മാറ്റങ്ങളോടെ അവതരിപ്പിക്കുകയാണ്. എച്ച് സ്മാർട്ട് എന്ന ഹൈ ടെക് വേരിയന്റുമായാണ് ആക്ടീവയെത്തുന്നത്. 78,920 മുതൽ 88,903 വരെയാണ് പുതിയ മോഡലുകളുടെ വില. ആക്ടീവയുടെ ആറാംതലമുറയാണ് നിലവിൽ പുറത്തിറങ്ങുന്നത്. ആദ്യ കാലത്ത് 100 സിസി എഞ്ചിനുമായി ഓടിത്തുടങ്ങിയ ആക്‌ടിവ പിന്നീട് 110 സിസിയിലേക്കും 125 സിസിയിലേക്കും പരിഷ്‍കരിക്കപ്പെട്ടു.

ഫിസിക്കൽ കീ ഉപയോഗിക്കാതെ സ്‌കൂട്ടർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും അനുവദിക്കുന്ന മോഡലാണ് എച്ച് സ്മാർട്ട്. ഇതുകൂടാതെ നിരവധി പ്രത്യേകതകളും ഈ വേരിയന്റിൽ വരുന്നുണ്ട്. സ്മാർട്ടിവ എന്ന വിശേഷണവുമായാണ് ആക്‌ടിവ 125 എച്ച്-സ്മാർട്ട് പതിപ്പ് പുറത്തിറക്കുന്നത്. ഇതുകൂടാതെ ഒരു വിലകുറഞ്ഞ ഡ്രം ബ്രേക്ക് പതിപ്പും പുതിയ ആക്ടീവയിലുണ്ട്.

സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ പുതിയ സ്‌മാർട്ട് കീയുടെ ലഭ്യതയായിരിക്കും സ്കൂട്ടറിലേക്കുള്ള പ്രധാന കൂട്ടിച്ചേർക്കൽ. സ്‌മാർട്ട് കീയിലെ ആൻസർ ബാക്ക് സിസ്റ്റം വാഹനം എളുപ്പത്തിൽ കണ്ടെത്തുന്നതിനും സഹായകരമാവും. ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ നാല് ടേൺ സിഗ്നലുകളും മിന്നിമറയുന്ന രീതിയിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. വലിയ പാർക്കിംഗ് ഏരിയിലെല്ലാം സ്കൂട്ടർ കണ്ടുപിടിക്കുന്നതിന് ഇത് സഹായകരമാവും.

ഫിസിക്കൽ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്മാർട്ട് കീ സഹായിക്കുന്നുവെന്നതും പ്രത്യേകതയാണ്. ഇത്തരത്തിൽ ആക്ടിവേഷൻ കഴിഞ്ഞ് 20 സെക്കൻഡിൽ ഒരു പ്രവർത്തനവും സിസ്റ്റം കണ്ടെത്തുന്നില്ലെങ്കിൽ സ്കൂട്ടർ സ്വയമേവ ഓഫാവുന്ന രീതിയും ഹോണ്ട കോർത്തിണക്കിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ 2 മീറ്റർ പരിധിയിലാണ് സ്‌മാർട്ട് കീ ഉള്ളതെങ്കിൽ ലോക്ക് മോഡിലെ നോബ് ഇഗ്‌നിഷൻ പൊസിഷനിലേക്ക് തിരിക്കുകയും കീ പുറത്തെടുക്കാതെ സ്റ്റാർട്ട് ബട്ടൺ അമർത്തുകയും ചെയ്‌ത് റൈഡർക്ക് സുഗമമായി വാഹനം ഓടിച്ചുപോവാം.

സിംഗിൾ പീസ് സീറ്റ്, ഗ്രാബ് ഹാൻഡിൽ, ഫ്രണ്ട് ഏപ്രോണിൽ ഘടിപ്പിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകൾക്കിടയിലുള്ള ക്രോം ട്രിം, ചെറിയ ബ്ലാക്ക് ഫ്ലൈസ്‌ക്രീൻ, എൽഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫംഗ്‌ഷൻ, അപ്-റൈറ്റ് ഹാൻഡിൽബാർ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിഗ്‌നേച്ചർ സൈഡ് ബോഡി വർക്ക്, ബ്ലാക്ക് അലോയ് വീലുകൾ, റിയർവ്യൂ മിററുകൾ തുടങ്ങിയവ സവിശേഷതകളെല്ലാം സ്കൂട്ടറിൽ അതേപടി തുടരും.

Tags:    
News Summary - Honda Activa 125 priced from Rs 78,920

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.