ഹാർലിയെ കൈവിടാതെ ഹീറോ, പ്രത്യേക ബിസിനസ് ഡിവിഷൻ ആരംഭിച്ചു; ഉപഭോക്​താക്കൾക്ക്​ ആശ്വാസം

ഹാർലിക്കായി പ്രത്യേക ബിസിനസ് ഡിവിഷൻ രൂപീകരിച്ച്​ ഹീറോ മോട്ടോകോർപ്. 11 ഹാർലി ഡേവിഡ്സൺ ഡീലർമാർ ഹീറോ മോട്ടോകോർപ്പ് ശൃംഖലയുടെ ഭാഗമായിട്ടുണ്ട്​. ജനുവരി 18 മുതൽ ഡീലർമാർക്കുള്ള ഹാർലി ഡേവിഡ്സൺ ഉത്പന്നങ്ങളുടെ ഹോൾസെയിൽ വിതരണം ആരംഭിക്കും. രാജ്യത്തിന്‍റെ പ്രധാന ഭാഗങ്ങളിൽ നിന്നുള്ള 11 ഹാർലി ഡെവിഡ്സൺ ഡീലർമാർ ഹീറോ മോട്ടോകോർപ്പിൻറെ വിതരണ ശൃംഖലയുടെ ഭാഗമായി മാറിയതായും ഹീറോ അറിയിച്ചു.


എഞ്ചിൻ ഘടക നിർമാതാക്കളായ കൂപ്പറിലെ സ്ട്രാറ്റജി, ഇന്‍റർനാഷണൽ ബിസിനസ് മേധാവി രവി അവലൂരിനെ ഹാർലി ബിസിനസ് മേധാവിയായി ഹീറോ ബുധനാഴ്ച പ്രഖ്യാപിച്ചു. ഇറ്റാലിയൻ മോട്ടോർ സൈക്കിൾ ബ്രാൻഡായ ഡുകാട്ടിയിലെ ഇന്ത്യൻ യൂനിറ്റിന്‍റെ തലവനായിരുന്നു അദ്ദേഹം. രാജ്യംവിടാൻ തീരുമാനിച്ച അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്​സനുമായി നേരത്തേ സഹകരണ കരാറിൽ ഹീറോ മോ​േട്ടാർ കോപ് ഒപ്പുവച്ചിരുന്നു​. ഹാർലി-ഡേവിഡ്‌സണി​െൻറ ഇന്ത്യയിലെ വിൽപ്പനയും വിൽപ്പനാനന്തര സേവനവും ഹീറോ കൈകാര്യം ചെയ്യാനാണ്​ തീരുമാനമായത്​. ഹാർലിയുടെ പേരിൽ പ്രീമിയം ഉൽപ്പന്നങ്ങൾ, ബൈക്കുകൾ എന്നിവ ഹീറോ വികസിപ്പിക്കാനും ധാരണയായിരുന്നു​.


വർഷങ്ങളായി തുടരുന്ന വിൽപ്പന മുരടിപ്പാണ്​ ഹാർലി ഇന്ത്യ വിടാൻ കാരണം.​ 2010 ജൂലൈയിലാണ്​ ആദ്യ ഹാർലി ഡീലർഷിപ്പ് ഇന്ത്യയിൽ സ്​ഥാപിക്കുന്നത്​. അന്നുമുതൽ രാജ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത്​ കമ്പനിയാണ്​. ഹീറോ പുതിയ ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുമെന്നത്​ ഇന്ത്യൻ വാഹനപ്രേമികളെ സംബന്ധിച്ച്​ ആവേശം പകരുന്ന വാർത്തയാണ്​. വൻ വിലയുള്ള ഹാർലികൾ ഹീറോയിലൂടെ വിലകുറച്ച്​ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ബജാജ്, ടിവിഎസ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് ഇതിനകം തന്നെ വിദേശ മോട്ടോർ സൈക്കിൾ ബ്രാൻഡുകളുമായി പങ്കാളിത്തം ഉണ്ട്. ഹീറോയും ഒടുവിൽ ഇൗ വഴിക്കാണ്​ നീങ്ങുന്നത്​. പുതിയ ലൈസൻസിംഗ് കരാർ പ്രകാരം ഹാർലി-ഡേവിഡ്​സൺ ബ്രാൻഡിന് കീഴിലെ പ്രീമിയം മോട്ടോർസൈക്കിളുകളുടെ ഒരു ശ്രേണി ഹീറോ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യും.


ഹാർലിയുടെ മടക്കം

ലോകത്തിലെ വാഹനപ്രേമികളുടെ സ്വപ്​ന വാഹനമായ ഹാർലിയുടെ മടക്കം വലിയ നിരാശയാണ്​ വിപണിയിൽ ഉണ്ടാക്കിയത്​. ഹാർലി പോലൊരു വമ്പ​െൻറ മടക്കത്തിന്​ പിന്നിൽ നിരവധി കാരണങ്ങളാണ്​ വിലയിരുത്തപ്പെടുന്നത്​. മെയ്​ക്​ ഇൻ ഇന്ത്യ സ്ട്രീറ്റ് 750 മോഡലുകൾ ഇറക്കി വിപണിപിടിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടാണ്​​ ഹാർലിയുടെ മടക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഹാർലി ഇന്ത്യയിൽ 2,500 ൽ താഴെ യൂനിറ്റുകൾ മാത്രമാണ്​ വിറ്റത്​. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ,100 ഓളം ബൈക്കുകൾ മാത്രമാണ് വിറ്റഴിക്കാനായത്​. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.