ടാറ്റ മോട്ടോർസ് അഭിമാനപൂർവം വിപണിയിൽ അവതരിപ്പിച്ച ടാറ്റ വാഹനനിരയിലെ ആദ്യത്തെ ഓൾ-വീൽ ഡ്രൈവ് വാഹനമാണ് ഹാരിയർ.ഇ.വി. ഓൾ-വീൽ ഡ്രൈവ് കൂടാതെ ക്വാഡ്-വീൽ ഡ്രൈവ് വകഭേദത്തിലും വാഹനം ലഭ്യമാണ്. മലയാളി ഓഫ് റോഡ് ഡ്രൈവറായ ഡോ. മുഹമ്മദ് ഫഹദ് വാഗമണ്ണിലെ ആനപ്പാറയിലേക്ക് ഓടിച്ചു കയറ്റിയാണ് വാഹനത്തിന്റെ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. ജൂൺ ആറിന് വിപണിയിലെത്തിയ വാഹനം ജൂലൈ രണ്ടിനാണ് ബുക്കിംഗ് ആരംഭിക്കുന്നത്. ടാറ്റ വാഹന നിരയിൽ ആദ്യ 24 മണിക്കൂർ കൊണ്ട് 10,000 ബുക്കിങ് നേടിയെന്ന റെക്കോർഡും ഹാരിയർ.ഇ.വി സ്വന്തമാക്കിയിരുന്നു.
ഇതിനിടയിലാണ് മഹീന്ദ്രയുടെ ഏറ്റവും കരുത്തുറ്റ വാഹനമായ ഥാർ റോക്സിനെ ടാറ്റ ഹാരിയർ.ഇ.വി ചെളിയിൽ നിന്നും വലിച്ചു കയറ്റുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മണ്ണിൽ താഴ്ന്നുപോയ ഥാറിനെയാണ് ഹാരിയർ.ഇ.വി വലിച്ചു കയറ്റുന്നത്. ഹാരിയർ.ഇ.വിയുടെ ഈ ഇലക്ട്രിക് കരുത്തിന് സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. വാഹനം വലിച്ചു കയറ്റുന്ന ചെറിയൊരു വിഡിയോ ക്ലിപ്പാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഥാർ 3 ഡോറിന് ശേഷം വിപണിയിൽ അവതരിപ്പിച്ച 5 ഡോർ റോക്സിന് വിദേശത്തും സ്വദേശത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ടു-വീൽ ഡ്രൈവ്, റിയർ-വീൽ ഡ്രൈവ്, 4x4 എന്നീ സെഗ്‌മെന്റുകളിൽ റെക്കോർഡ് വിറ്റുവരവാണ് മഹീന്ദ്ര ഥാർ റോക്സിനുള്ളത്. നിരവധി സുരക്ഷ ഫീച്ചറുകളുള്ള ഈ എസ്.യു.വി മഹീന്ദ്രയുടെ ഒരു ഐകോണിക് വാഹനമാണ്.
ടാറ്റ മോട്ടോർസ് ഈയടുത്തായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഇലക്ട്രിക് ഓൾ-വീൽ വാഹനമാണ് ഹാരിയർ.ഇ.വി. ഇലക്ട്രിക് യുഗത്തിലെ ഇന്ത്യൻ വിപ്ലവം ആയിട്ടാണ് വാഹന പ്രേമികൾ ഹാരിയർ.ഇ.വിയെ വിശേഷിപ്പിക്കുന്നത്. 65kWh, 75kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ഡ്യൂവൽ മോട്ടോർ സജ്ജീകരണമാണ് ഇ.വിയുടെ കരുത്ത്. വാഹനത്തിന്റെ മുൻവശത്തെ എൻജിൻ മാത്രം 155.8 എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ റിയർ എൻജിൻ 234.7 എച്ച്.പി പവറും 502 എൻ.എം ടോർക്കും ഉത്പാതിപ്പിക്കും. സാൻഡ്, സ്നോ, റോക്ക്, മഡ്, നോർമൽ, കസ്റ്റം തുടങ്ങിയ ആറ് ഡ്രൈവിങ് മോഡുകൾ ഹാരിയർ.ഇ.വിയിൽ സജ്ജീകരിച്ചതിനാൽ ഡ്രൈവിങ് വളരെ എളുപ്പമാക്കും എന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.