ഹാർലിയെന്ന സ്വപ്നം ഇനി ഏറെ അരികെ; ഏറ്റവും വിലകുറഞ്ഞ സൂപ്പർ ബൈക്കുമായി അമേരിക്കൻ കമ്പനി

വിൽപ്പന മാന്ദ്യവും നഷ്ടവും കാരണം രാജ്യം വിട്ട ഹാർലി ഡേവിഡ്സൺ ഇന്ത്യയിലേക്ക് മടങ്ങിവരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായി കൈകോര്‍ത്താണ് ഹാർലിയുടെ രണ്ടാംവരവ്. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണി ഉപേക്ഷിച്ച ഹാര്‍ലി 2021-ലാണ് ഹീറോ മോട്ടോകോര്‍പ്പുമായി കൈകോര്‍ക്കുന്നത്. ഇപ്പോഴിതാ ഹീറോ-ഹാർലി കൂട്ടു​കെട്ടിൽ പിറവിയെടുത്ത ആദ്യ ബൈക്ക് രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ്.


എക്സ് 440 എന്നുപേരിട്ടിരിക്കുന്ന പുതിയ ബൈക്ക് റോഡ്സ്റ്റർ മോഡലായാണ് രൂപമെടുത്തിരിക്കുന്നത്. ഇതുവരെ കണ്ടുപരിചിതമായ ഹാർലി ബൈക്കുകളുടെ ശൈലികൾ അവകാശപ്പെടാനില്ലാത്ത പുതുരൂപമാണ് വാഹനത്തിന്. ഫ്ലാറ്റ് ഹാൻഡിൽബാറും ന്യൂട്രൽ എർഗണോമിക്‌സും ബുച്ച് ഡിസൈനുമാണ് വാഹനത്തിന്. റോയൽ എൻഫീൽഡ്, ജാവ, യെസ്‌ഡി, ബെനലി എന്നിവയിൽ നിന്നുള്ള എൻട്രി ലെവൽ മിഡിൽവെയ്റ്റ് ക്രൂസർ അല്ലെങ്കിൽ റോഡ്‌സ്റ്റർ മോഡലുകളുടെ വിപണിയാണ് പുതിയ ഹാർലി ഡേവിഡ്‌സൺ എക്സ് 440 ഉന്നംവെച്ചിരിക്കുന്നത്.


ന്യൂട്രൽ സെറ്റ് ഫുട്‌പെഗുകളും വിശാലമായ സിംഗിൾ പീസ് സീറ്റും ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ വാഹനമായി പുതിയ ബൈക്കിനെ മാറ്റും. 18-ഇഞ്ച് ഫ്രണ്ട്, 17-ഇഞ്ച് പിൻ ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440 ഉപയോഗിച്ചിരിക്കുന്നത്. സസ്പെൻഷൻ സജ്ജീകരണമായി മുൻവശത്ത് അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പരമ്പരാഗതമായ ട്വിൻ-സൈഡഡ് ഷോക്ക് അബ്സോർബറുകളുമാണ് നലകിയിരിക്കുന്നത്.


420 സിസി എയര്‍/ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ആയിരിക്കും വാഹനത്തിൽ. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്ന എഞ്ചിന് ഏകദേശം 30-35 ബി.എച്ച്.പി കരുത്ത് പുറത്തെടുക്കാനാവും. ഡ്യുവൽ-ചാനൽ എബിഎസ്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, പില്യണ്‍ സീറ്റിനൊപ്പം ആര്‍ടിഒ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സാരി ഗാര്‍ഡ് എന്നിവയും നല്‍കിയിട്ടുണ്ട്. ബ്ലാക്ക്-ഔട്ട് എഞ്ചിൻ ഏരിയയും സൈഡ് പാനലുകളും മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ഡിസൈൻ മെച്ചപ്പെടുത്തുന്നുണ്ട്. സീറ്റ് ഉയരം ഏകദേശം 790 മുതല്‍ 810 മില്ലിമീറ്റര്‍ വരെയാണ്.


വൃത്താകൃതിയിലുള്ള കറുത്ത റിയർവ്യൂ മിററുകൾ, എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റ് ബാർ ഉള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഓൾ-ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. ഓവൽ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ് സീറ്റിന് തൊട്ടുപിന്നിൽ റിയർ ഫെൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന കോംപാക്റ്റ് റിയർ സെക്ഷനിൽ സ്പ്ലിറ്റ് റിയർ ഗ്രാബ് റെയിലുകളും കാണാം.

Tags:    
News Summary - Harley-Davidson X 440 India launch on July 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.