പാസഞ്ചർ കാറുകളിൽ ഇനി ഇരട്ട എയർബാഗുകൾ നിർബന്ധം; വാഹന വില വീണ്ടും ഉയർന്നേക്കും

പാസഞ്ചർ വാഹനങ്ങളിൽ ഇരട്ട എയർബാഗുകൾ നിർബന്ധമാക്കി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം. ഡ്രൈവർക്കൊപ്പം മുന്നിലെ യാത്രക്കാരനും എയർബാഗ്​ നിർബന്ധമാക്കിയാണ്​ മന്ത്രാലയം ഉത്തരവ്​ ഇറക്കിയിരിക്കുന്നത്​. 2021 ഏപ്രിൽ ഒന്നുമുതൽ നിർമിക്കുന വാഹനങ്ങൾക്ക്​ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകണമെന്ന്​ ഗസറ്റ് വിജ്ഞാപനത്തിൽ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു. ഇതോ​െടാപ്പം ഓഗസ്റ്റ്​ 31 മുതൽ നിരത്തിലിറക്കുന്ന വാഹനങ്ങൾക്കും ഇരട്ട എയർബാഗ്​ നിർബന്ധമാണ്​.


റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ നിർദ്ദേശത്തിനെ അടിസ്ഥാനമാക്കിയാണ്​ ഉത്തരവ്​ ഇറക്കുന്നതെന്നും​ മന്ത്രാലയം അറിയിപ്പിൽ പറയുന്നു. വാഹന യാത്രികരുടെ സുരക്ഷക്കായി മുന്നിൽ ഇരട്ട എയർബാഗുകൾ വേണമെന്നത്​ ഏറെക്കാലമായുള്ള ആവശ്യമാണ്​. അടിസ്ഥാന ട്രിമ്മുകളിലെ സുരക്ഷാ സവിശേഷത വർധിപ്പിക്കാൻ പുതിയ നിർദേശം സഹായിക്കുമെന്നാണ്​ വിലയിരുത്തൽ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ‌ഡേർഡ് (ബി‌ഐ‌എസ്) സവിശേഷതകൾ‌ക്ക് കീഴിലുള്ള എ‌ഐ‌എസ് 145 നിലവാരം എയർബാഗ് പാലിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.

'വാഹനത്തിന്‍റെ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് എയർബാഗ് നിർബന്ധമാക്കുന്നത് സംബന്ധിച്ച് മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ഒരു സുപ്രധാന സുരക്ഷാ സവിശേഷതയായാണ്​ നിർബന്ധിതമാക്കിയിട്ടുള്ളത്​. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ നിർദേശം'-റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഉത്തരവിന്‍റെ കോപ്പി പങ്കുവച്ചുകൊണ്ട്​ ട്വിറ്ററിൽ പറഞ്ഞു. പുതിയ നിർദേശത്തിന്‍റെ പശ്​ചാത്തലത്തിൽ വീണ്ടും വാഹനവില ഉയരാനുള്ള സാഹചര്യമാണ്​ തെളിഞ്ഞുവരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.