ഇ.വി വിൽപ്പനയിൽ കേരളം കുതിക്കുന്നു; ദേശീയതലത്തിൽ രണ്ടാമത്

വൈദ്യുത ഇരുചക്ര വാഹന വിൽപ്പന വളർച്ചയിൽ കേരളം ദേശീയതലത്തിൽ രണ്ടാം സ്ഥാനത്ത്. മുന്‍വര്‍ഷത്തെക്കാള്‍ 10 ശതമാനം വളര്‍ച്ച നേടിയ നാല് സംസ്ഥാനങ്ങളില്‍ ഗോവ മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 13.66 ശതമാനം വര്‍ധനയാണ് സംസ്ഥാനത്തെ ഇലക്ട്രിക് ഇരുചക്രവാഹന വിപണിക്കുള്ളത്. 2022-ല്‍ ഇത് 6.28 ശതമാനമായിരുന്നു.

വാഹന സാന്ദ്രതയേറിയ സംസ്ഥാനത്ത് മോട്ടോര്‍വാഹനവകുപ്പിന്റെ രേഖകള്‍പ്രകാരം 1.67 കോടി വാഹനങ്ങളാണുള്ളത്. ഇതില്‍ 1.09 കോടിയും ഇരുചക്രവാഹനങ്ങളാണ്. പെട്രോള്‍ ഇന്ധനമായ ഇവയ്ക്ക് പകരമാണ് ഇ-വാഹനങ്ങള്‍ വിപണി കയ്യടക്കുന്നത്. 2022-ല്‍ 33,438 വൈദ്യുത ഇരുചക്രവാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തത്. കഴിഞ്ഞ ആറുമാസത്തിനിടെ 29,634 ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്.

ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോള്‍, കഴിഞ്ഞാല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നതിലേറെയും ഡീസല്‍ വാഹനങ്ങളായിരുന്നു. എന്നാല്‍, ഇവയെ പിന്തള്ളി ഇ.വികള്‍ രണ്ടാംസ്ഥാനത്ത് എത്തിയെന്നതാണ് മറ്റൊരു പ്രത്യേകത.

2022-ല്‍ 39,588 വൈദ്യുത വാഹനങ്ങളാണ് നിരത്തിലെത്തിയത്. എന്നാൽ കഴിഞ്ഞ ആറുമാസത്തിനിടെ 35,072 ഇ.വികളാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്. ഇതില്‍ കൂടുതലും (29,634) ഇരുചക്രവാഹനങ്ങളാണ്. കാറുകള്‍ ഉള്‍പ്പെടെ 5437 വാഹനങ്ങള്‍ പുറമേയുണ്ട്. അതേസമയം 24,498 ഡീസല്‍ വാഹനങ്ങളാണ് രജിസ്ട്രേഷന്‍ നേടിയത്.

Tags:    
News Summary - From Goa to Kerala, four states breach 10% adoption of e-2-wheelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.