പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പിന്റെ വ്യാജ പതിപ്പുണ്ടാക്കി കോടികൾ കൊയ്ത് സൈബർ തട്ടിപ്പുകാർ വിലസുന്നു. പ്രതിദിനം നിരവധി പേരാണ് ആയിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെട്ടെന്ന പരാതിയുമായി സൈബർ പൊലീസിനെ സമീപിക്കുന്നത്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ.ഐ കാമറ വഴിയോ സ്പീഡ് കാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാൻ എന്ന വ്യാജേന മെസേജുകളും വാട്സ്ആപ് സന്ദേശങ്ങളും അയച്ചാണ് ഇവർ തട്ടിപ്പിന് കളമൊരുക്കുന്നത്.
സീറ്റ് ബെൽറ്റും ഹെൽമറ്റുമൊക്ക ധരിച്ച് വാഹനമോടിച്ചവർക്ക് നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്സ്ആപ്പിൽ മെസേജ് അയച്ചാണ് തട്ടിപ്പ്. പിഴത്തുക അടക്കാൻ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും. എ.പി.കെ ഫയൽ തുറക്കാനുള്ള സംവിധാനമില്ലാത്തതിനാൽ പ്ലേസ്റ്റോറിൽ ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ സ്ക്രീൻ നിശ്ചലമാകും. പിന്നീട് പിറകോട്ട് സ്ക്രാൾ ചെയ്യുമ്പോഴാണ് പണം നഷ്ടപ്പെട്ടുവെന്നറിയുന്നത്.
എന്നാൽ, ഇത്തരത്തിൽ എം പരിവാഹന്‍ എ.പി.കെ ഫയൽ ഇല്ലെന്നും പ്ലേസ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ എംപരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാകൂ എന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ഒറ്റനോട്ടത്തിൽ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തിൽ ചലാൻ നമ്പർ 14 അക്കമാണ്. എന്നാൽ, യഥാർഥ ചലാനിൽ 19 അക്കമുണ്ട്. ബംഗളൂരു സിറ്റി പൊലീസിന്റെ പ്രൊഫൈലിലുള്ള നമ്പറിൽനിന്നാണ് കൂടുതൽ തട്ടിപ്പും നടന്നിട്ടുള്ളത്. മാസങ്ങളായി തുടരുന്ന ഈ സൈബർ തട്ടിപ്പിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.