മെഴ്‌സിഡസ് ബെൻസിന്റെ കാറുകൾ തനിക്ക് പോലും വാങ്ങാനാകില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി

മുംബൈ: ഇന്ത്യയിൽ പ്രാദേശികമായി കൂടുതൽ കാറുകൾ നിർമ്മിക്കണ​മെന്ന് ജർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിനോട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.കൂടുതൽ ആളുകൾക്ക് കാർ വാങ്ങാവുന്ന തരത്തിൽ വില കുറക്കാൻ അത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

പുനെയിലെ ചക്കൻ നിർമാണ കേന്ദ്രത്തിൽ നിന്ന് ഇന്ത്യയിൽ ആദ്യമായി പ്രാദേശികമായി അസംബിൾ ചെയ്ത മെഴ്‌സിഡസ് ബെൻസിന്റെ ഇലക്ട്രിക് ​കാർ EQS 580 4MATIC പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1.55 കോടി രൂപയാണ് പുതിയ ഇലക്ട്രിക് കാറിന്റെ വില.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ വിപണിയുണ്ടെന്ന് ഗഡ്കരി പറഞ്ഞു. 'നിങ്ങൾ പ്രാദേശികമായുള്ള ഉൽപ്പാദനം വർധിപ്പിക്കൂ, എങ്കിൽ മാത്രമേ ചെലവ് കുറക്കാൻ സാധിക്കൂ. ഞങ്ങൾ ഇടത്തരക്കാരാണ്, എനിക്ക് പോലും നിങ്ങളുടെ കാർ വാങ്ങാൻ കഴിയില്ല' -മന്ത്രി പറഞ്ഞു.

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അതിന്റെ ഇലക്‌ട്രോ-മൊബിലിറ്റി ഡ്രൈവ് തുടങ്ങിയത് 2020 ഒക്ടോബറിൽ പൂർണ്ണമായും ഇറക്കുമതി ചെയ്ത യൂനിറ്റായി ഓൾ-ഇലക്‌ട്രിക് എസ്‌യുവി ഇക്യുസി 1.07 കോടി രൂപക്ക് പുറത്തിറക്കിയതോടെയാണ്.

രാജ്യത്ത് മൊത്തം 15.7 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഇവിടെ ഇലക്ട്രിക് വാഹനങ്ങൾ വലിയ വിപണിയുണ്ട്. മൊത്തത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 335 ശതമാനം ഉതയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

7.8 ലക്ഷം കോടി രൂപയുടെ വിപണിയാണ് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം. അതിൽ കയറ്റുമതി 3.5 ലക്ഷം കോടി രൂപയാണ്. ഓട്ടോമൊബൈലിനെ 15 ലക്ഷം കോടി രൂപയുടെ വ്യവസായമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.

വാഹനങ്ങൾ പൊളിക്കുന്നതിനുള്ള യൂനിറ്റുകൾ സ്ഥാപിക്കുന്നതിനായി മെഴ്‌സിഡസ്-ബെൻസ് സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. അതു വഴി വാഹനങ്ങളുടെ പാർട്സിന്റെ വില 30 ശതമാനം കുറക്കാനാകുമെന്നും ഗഡ്കരി വ്യക്തമാക്കി.

സർക്കാറിന്റെ കൈവശമുള്ള രേഖകൾ പ്രകാരം, 1.02 കോടി വാഹനങ്ങൾ പൊളിക്കാനായതാണ്. 40 യൂനിറ്റുകൾ മാത്രമേയുള്ളൂ. ഒരു ജില്ലയിൽ നാല് സ്‌ക്രാപ്പിംഗ് യൂനിറ്റുകൾ തുറക്കാൻ കഴിയുമെന്നാണ് എന്റെ കണക്ക്. അങ്ങനെ 2,000 യൂനിറ്റുകൾ തുറക്കാൻ സാധിക്കും' അദ്ദേഹം പറഞ്ഞു. സർക്കാർ ഇത്തരം സംവിധാനങ്ങൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നുണ്ട്. നിങ്ങളുടെ ഭാഗത്ത് നിന്ന് സഹകരണം ലഭിക്കണ​മെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - "Even I Can't Afford Your Car": Nitin Gadkari To Mercedes-Benz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.