തിരുവനന്തപുരം: വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
രാത്രിയിൽ കൂടുതൽ വാഹനങ്ങൾ ചാർജ് ചെയ്താൽ സൗരോർജ്ജം പോലുള്ള ഹരിതസ്രോതസ്സുകൾ പ്രയോജനപ്പെടുത്താനാവില്ല. ഇത് കാർബൺ വികിരണം കൂട്ടുമെന്ന് മാത്രമല്ല, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് കാർബൺ വികിരണം കുറക്കുക എന്ന ലക്ഷ്യത്തിന് എതിരാണെന്നും ചാർജിങ്, പകൽ സമയങ്ങളിൽ നടത്തിയാൽ രാത്രിയിലെ വൈദ്യുതിയുടെ അമിതോപയോഗം കുറക്കാനാകുമെന്നും റെഗുലേറ്ററി കമ്മീഷൻ അഭിപ്രായപ്പെട്ടു.
വൈദ്യുതി നിരക്ക് പരിഷ്‌ക്കരിച്ചതനുസരിച്ച് വാഹന ചാർജിങ്ങിന് രണ്ട് നിരക്ക് നിശ്ചയിച്ചിരുന്നു. തുടക്കത്തിൽ മൂന്ന് സമയമേഖലകളായി തിരിച്ചിരുന്നെങ്കിലും ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തതയിൽ സമയമേഖലകൾ രണ്ടായി ചുരുക്കി. ഈ സമയമേഖലകളനുസരിച്ച് മീറ്ററുകൾ ക്രമീകരിക്കാനും പുതിയത് സ്ഥാപിക്കാനും ഏപ്രിൽ ഒന്നുവരെയാണ് റെഗുലേറ്ററി കമ്മീഷൻ സമയം നൽകിയിരുന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി) നടത്തുന്ന ചാർജിങ് സ്റ്റേഷനുകൾ ഇതിനകം തന്നെ ഈ നിർദ്ദേശം നടപ്പിലാക്കുന്നുണ്ടെന്ന് കമ്മീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.