മാരുതി സുസുക്കിയുടെ ജനപ്രിയ മൾട്ടി പർപ്പസ് വാഹനമായ എർട്ടിഗയുടെ 2022 മോഡൽ പുറത്തിറക്കി. 8.35 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) മുതലാണ് വാഹനത്തിന്റെ വില വരുന്നത്. വാഹനം വാങ്ങുന്നതിന് പുറമെ സബ്സ്ക്രിപ്ഷൻ മാതൃകയിൽ ഉപയോഗിക്കാനും സാധ്യമാകും. പെട്രോൾ, സി.എൻ.ജി മോഡലിന് യഥാക്രമം 18,600 രൂപയും 22,400 രൂപയുമാണ് പ്രതിമാസ ഫീസ്.
എൽ.എക്സ്.ഐ, വി.എക്സ്.ഐ, ഇസഡ്.എക്സ്.ഐ, ഇസഡ്.എക്സ്.ഐ പ്ലസ് എന്നീ നാല് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. എൽ.എക്സ്.ഐ ഒഴികെ മറ്റെല്ലാ വകഭേദത്തിലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമാണ്. കൂടാതെ എൽ.എക്സ്.ഐ, ഇസഡ്.എക്സ്.ഐ പ്ലസ് ഒഴികയെുള്ളവയിൽ സി.എൻ.ജിയും ലഭിക്കും. ടാക്സി കമ്പനികളെ ലക്ഷ്യമിട്ട് 9.46 ലക്ഷം രൂപയും 10.41 ലക്ഷം രൂപയും വിലയുള്ള പുതിയ ടൂർ എം പെട്രോൾ, സി.എൻ.ജി വകഭേദങ്ങളും മാരുതി പുറത്തിറക്കിയിട്ടുണ്ട്.
പുതിയ എൻജിനും ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് 2022 എർട്ടിഗയുടെ ഹൈലൈറ്റ്. മാരുതിയിലെ വാഹനങ്ങളിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഫോർ സ്പീഡ് ടോർക്ക് കൺവെർട്ടർ കൂടുതൽ ആധുനികമായ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ യൂനിറ്റിലേക്ക് വഴിമാറുകയാണ്. അതുപോലെ നിലവിലുള്ള 1.5 ലിറ്റർ പെട്രോളിന് പകരം കൂടുതൽ കാര്യക്ഷമമായ 1.5 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എൻജിനും നൽകി.
പുതിയ ഡ്യുവൽ ജെറ്റ് യൂനിറ്റ് 102 ബി.എച്ച്.പി കരുത്തും 137 എൻ.എം ടോർക്കും നൽകുന്നു. പെട്രോൾ-സി.എൻ.ജി മോഡലിൽ പെട്രോൾ മോഡിൽ 99 ബി.എച്ച്.പിയും 136 എൻ.എമ്മും സി.എൻ.ജിയിൽ പ്രവർത്തിക്കുമ്പോൾ 87 ബി.എച്ച്.പിയും 121.5 എൻ.എമ്മും നൽകും.
5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ആണ് സ്റ്റാൻഡേർഡായി ലഭിക്കുക. അതേസമയം, എൽ.എക്സ്.ഐയിൽ ഒഴികെ മറ്റെല്ലാ വേരിയന്റിലും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും. പാഡിൽ ഷിഫ്റ്റ് കൂടി നൽകിയതോടെ ഓട്ടോമാറ്റിക് വാഹനങ്ങൾ കൂടുതൽ ഹരം നൽകും. പെട്രോൾ മാനുവലിന് 20.51 കി.മീറ്ററും ഓട്ടോമാറ്റിക്കിൽ 20.30 കി.മീറ്ററും സി.എൻ.ജി മോഡലിന് 26.11 കിലോമീറ്ററുമാണ് മൈലേജ്.
വാഹനത്തിന്റെ സ്റ്റൈലിങ്ങിലും മാരുതി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയം പുതിയ അലോയ് വീലുകളും ഫ്രണ്ട് ഗ്രില്ലുമാണ്. പിൻവശത്ത് നമ്പർ പ്ലേറ്റ് ഹൗസിംഗിന്റെ മുകളിലുള്ള ക്രോം ട്രിം ഒഴിച്ചാൽ നിലവിലെ മോഡലിന് സമാനമാണ്.
അകത്തും മാറ്റങ്ങൾ വരുത്തി. കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി എതിരാളികളെ വെല്ലാനുള്ള ഒരുക്കത്തിലാണ് മാരുതി. ഫാബ്രിക് അപ്ഹോൾസ്റ്ററിയും ഡാഷ്ബോർഡിലെ പുതിയ ഫോക്സ്-വുഡ് ട്രിമ്മും പുതിയതാണ്.
പുതിയ 7.0 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ പ്രോ സിസ്റ്റം വോയ്‌സ് അസിസ്റ്റന്റും കണക്റ്റഡ് കാർ സാങ്കേതികവിദ്യയും നൽകുന്നു. ഈ സംവിധാനം നാൽപതിലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ആമസോൺ അലക്‌സയെയും സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയെയും പിന്തുണക്കും. ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഉയർന്ന മോഡലുകളിൽ നാല് എയർബാഗുകൾ എന്നിവയും എർട്ടിഗയിൽ പുതിയതാണ്. ഡ്യുവൽ എയർബാഗുകൾ, എ.ബി.എസ്, റിയർ പാർക്കിങ് സെൻസറുകൾ, ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.
മാരുതിയിൽനിന്ന് ഇനി വരാനിരിക്കുന്നത് എർട്ടിഗയുടെ പ്രീമിയം വകഭേദമായ എക്സ്.എൽ.സിക്സിന്റെ പുതിയ മോഡൽ ആയിരിക്കും. ഏപ്രിൽ അവസാനത്തിന് മുമ്പ് എത്തുമെന്നാണ് വിവരം.
| വേരിയന്റ് | പെട്രോൾ മാനുവൽ | ഓട്ടോമാറ്റിക് | സി.എൻ.ജി |
| എൽ.എക്സ്.ഐ | 8.35 ലക്ഷം രൂപ | --- | --- |
| വി.എക്സ്.ഐ | 9.49 ലക്ഷം രൂപ | 10.99 ലക്ഷം രൂപ | 10.44 ലക്ഷം രൂപ |
| ഇസഡ്.എക്സ്.ഐ | 10.59 ലക്ഷം രൂപ | 12.09 ലക്ഷം രൂപ | 11.54 ലക്ഷം രൂപ |
| ഇസഡ്.എക്സ്.ഐ പ്ലസ് | 11.29 ലക്ഷം രൂപ | 12.79 ലക്ഷം രൂപ | ---- |
| ടൂർ എം | 9.46 ലക്ഷം രൂപ | 10.41 ലക്ഷം രൂപ |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.