വാഷിങ്ടൺ: ടെസ്‌ലയുടെ സെൽഫ് ഡ്രൈവിങ് റോബോടാക്‌സി റോഡുകളിൽ കാണുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ടെക്‌സാസിലെ ഓസ്റ്റിൻ മാറാൻ പോകുന്നു. ഇലക്ട്രിക് കാർ നിർമാതാവായ ഇലോൺ മസ്‌ക് ഞായറാഴ്ച ടെക്‌സാസിലെ തെരുവുകളിൽ ഈ ഡ്രൈവറില്ലാവാഹനങ്ങളുടെ ഒരു നിശ്ചിത എണ്ണം പുറത്തിറക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ അനാച്ഛാദനം ചെയ്തതിനുശേഷം കമ്പനിയുടെ റോബോടാക്‌സി സേവനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വിരളമായി മാത്രമേ പുറത്തുവന്നിരുന്നുള്ളു. അതിന്റെ ലോഞ്ചും വൈകി. എന്നാൽ, നിയന്ത്രിതമായാണ് ഇപ്പോൾ ഇത് പുറത്തിറക്കുന്നത്. ഞായറാഴ്ച ഓസ്റ്റിനിൽ ഒരു ഡസനിൽ താഴെ കാറുകൾ മാത്രമേ ഉണ്ടാകൂ എന്നും വാഹനങ്ങൾ പ്രത്യേക മേഖലകളിൽ മാത്രം ഒതുങ്ങുമെന്നും മസ്‌ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുടക്കത്തിൽ ജീവനക്കാർക്കും ക്ഷണിക്കപ്പെട്ടവർക്കും മാത്രമേ റോബോടാക്‌സി ലഭ്യമാകൂ എന്നും പറയുന്നു.
ഓസ്റ്റിനിലെ സേവനത്തിന് മറ്റ് നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. മോശം കാലാവസ്ഥ, തിരക്കേറിയ ജംഗ്ഷനുകൾ എന്നിവ ഒഴിവാക്കാൻ ടെസ്‌ല പദ്ധതിയിടുന്നു. കൂടാതെ 18 വയസ്സിന് താഴെയുള്ള ആരെയും കയറ്റുകയുമില്ല. ആവശ്യമെങ്കിൽ സുരക്ഷാ കാരണങ്ങളാൽ തുടക്കം വൈകിപ്പിക്കാൻ തയ്യാറാണെന്നും മസ്‌ക് പറഞ്ഞു.
‘ആദ്യ ദിനം തന്നെ 1,000മോ 10,000മോ റോബോ ടാക്‌സി ഉപയോഗിച്ച് ഞങ്ങൾക്ക് ആരംഭിക്കാം. പക്ഷേ അത് വിവേകപൂർണമായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല’ എന്ന് അദ്ദേഹം കഴിഞ്ഞ മെയിൽ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ‘നമ്മൾ ഒരു ആഴ്ചത്തേക്ക് 10ൽ നിന്ന് ആരംഭിക്കും. പിന്നീട് അത് 20, 30, 40 എന്നിങ്ങനെ വർധിപ്പിക്കു’മെന്നും മസ്ക് കൂട്ടിച്ചേർത്തു.
ഡ്രൈവറില്ലാ വാഹനങ്ങൾ വാണിജ്യവൽക്കരിക്കുന്നത് അപകടകരവും ചെലവേറിയതുമാണ്. മാരകമായ അപകടത്തെത്തുടർന്ന് ജി.എമ്മിന്റെ ക്രൂയിസ് നിർത്തലാക്കിയിരുന്നു. എന്നാൽ, കാമറകൾ മാത്രം ഉപയോഗിച്ച് റോഡ് മനസ്സിലാക്കാൻ ഒന്നിലധികം സാങ്കേതികവിദ്യകളെ ആശ്രയിക്കുന്ന യുവ വ്യവസായത്തിന്റെ സ്റ്റാൻഡേർഡ് രീതിയെയും മറികടക്കുന്നുവെന്നാണ് ടെസ്ലയുടെ അവകാശവാദം. എതിരാളികളുടെ ലിഡാർ, റഡാർ സിസ്റ്റങ്ങളെ അപേക്ഷിച്ച് ഇത് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായിരിക്കുമെന്ന് മസ്‌ക് പറയുന്നു. എന്നിരുന്നാലും, പുറത്തിറക്കുന്നതോടെ താൻ സുരക്ഷയെക്കുറിച്ച് പരിഭ്രാന്തനാണെന്ന സൂചനയും മസ്‌ക് നൽകി.
ടെസ്‌ലയുടെ റോബോ കാറിനെ ആകാംക്ഷയോടെയാണ് ആളുകൾ നോക്കുന്നത്. ദീർഘകാലമായി കാത്തിരുന്ന റോബോ കാറിന്റെ വരവിനെ അവർ സ്വാഗതം ചെയ്തു. ‘കുറച്ചു ദിവസങ്ങൾക്കുള്ളിൽ നമ്മൾ പൊതു റോഡുകളിൽ ഡ്രൈവറില്ലാ ടെസ്‌ലകളിൽ സഞ്ചരിക്കാൻ പോകുന്നു’വെന്ന് ‘എക്സ്’ ഉപയോക്താവായ ഒമർ ഖാസി പോസ്റ്റ് ചെയ്തു.
അതേസമയം, ടെസ്‌ല ഇതിനകം തന്നെ ടെക്‌സാസിലെ നിയമസഭാംഗങ്ങളിൽ നിന്ന് എതിർപ്പ് നേരിടുന്നുണ്ട്. സെപ്റ്റംബറിൽ ഒരു പുതിയ ഓട്ടോണമസ് വെഹിക്കിൾ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ പുറത്തിറക്കൽ വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സെനറ്റർമാരും ഹൗസ് അംഗങ്ങളും അടങ്ങുന്ന ഒരു സംഘം കഴിഞ്ഞ ആഴ്ച ടെസ്‌ലക്ക് കത്ത് അയച്ചിരുന്നു.
‘പൊതു സുരക്ഷക്കും ടെസ്‌ലയുടെ പ്രവർത്തനങ്ങളിൽ പൊതുജന വിശ്വാസം വളർത്തിയെടുക്കുന്നതിനും ഇത് ഉത്തമമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’വെന്ന് അവർ എഴുതി. എന്നിരുന്നാലും, ടെക്‌സസ് നിയമസഭയുടെ രണ്ട് ചേംബറുകളിലും റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ളതിനാൽ അവരുടെ എതിർപ്പുകൾ ദീർഘകാല തടസ്സങ്ങൾ സൃഷ്ടിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.