അജ്​മാനിൽ

ടാക്സിയായി

പുറത്തിറക്കിയ ടെസ്​ല

കാറുകൾ

ടാക്സികളിൽ ഇലക്​​ട്രിക്​ മയം

വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്‍റെ ജ്വലനം മൂലം അന്തരീക്ഷത്തിനും ഓസോൺ പാളിക്കും ദോഷം ചെയ്യുന്ന കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് വരിക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി അജ്മാനിലെ പൊതു ടാക്സി വാഹനവ്യൂഹത്തിൽ ഇലക്​ട്രിക്​ കാറുകൾ സജീവമാകുന്നു. ഇതിന്‍റെ ഭാഗമായി അജ്മാനിലെ പൊതു ഗതാഗാത ടാക്‌സികളുടെ ശ്രേണിയിലേക്ക് ലോകത്ത് അധിവേഗം വ്യാപിക്കുന്ന ടെസ്‌ലയുടെ ഇലക്ട്രിക്ക് വാഹനങ്ങളും ചേരുകയാണ്.

പ്രകൃതി വാതകം, ഹൈബ്രിഡ്​, ഇലക്ട്രിക്, ഹൈഡ്രജൻ എന്നിവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉൾപ്പെടെ നിരവധി തരം പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ നിലവില്‍ അജ്മാന്‍ പൊതുഗതാഗത സംവിധാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഈ മേഖലക്ക് കൂടുതല്‍ കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്‌ല ടാക്‌സികളെ സേവനങ്ങളുടെ ഭാഗമാക്കിയതെന്ന് അറേബ്യൻ ടാക്‌സി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടർ ശൈഖ്​ സയീദ് ബിൻ മാജിദ് അൽ ഖാസിമി വ്യക്തമാക്കി. ഗതാഗത സുസ്ഥിര പദ്ധതികൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016 മുതൽ എമിറേറ്റിൽ ടാക്സി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കായി അതോറിറ്റി വലിയൊരു തുക വകയിരിത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ നടപ്പുവർഷത്തില്‍ മൊത്തം ടാക്‌സി സേവനങ്ങളുടെ 81 ശതമാനം വരെ എത്തിയിട്ടുണ്ട്. എല്ലാ ടാക്സി സേവനങ്ങളും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റാനാണ് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ലക്ഷ്യമിടുന്നത്. പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രകൃതി സൗഹൃദ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ കാർബൺ പുറന്തള്ളൽ പരമാവധി കുറയ്ക്കുന്നതിനും സമൂഹത്തിന് മികച്ച ജീവിതാന്തരീക്ഷം ഒരുക്കുന്നതിനും കഴിയുമെന്നാണ് അതോറിറ്റി കണക്കാക്കുന്നത്. ഇതോടൊപ്പം അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി ഈ വർഷാവസാനത്തോടെ ബസുകൾക്കായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 24 പാർക്കിങ്​ സ്ഥലങ്ങളുള്ള ബസ് ടെർമിനലും സ്ഥാപിക്കുന്നുണ്ട്.

Tags:    
News Summary - Electric cars are becoming active in the public taxi fleet in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.