സിയേറ ഇവി, ഹാരിയർ ഇവി
രാജ്യത്തെ മുൻനിര ഇലക്ട്രിക് വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ കരുത്തനായ സിയേറ ഇവി ജൂൺ 30ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2025 ജൂൺ 3ന് ടാറ്റ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ച ഹാരിയർ ഇവിയുടെ ആക്ടി.ഇവി+ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് സിയേറ ഇവിയും നിർമിച്ചിട്ടുള്ളത്. എന്നിരുന്നാലും, ഐതിഹാസിക വാഹനമായ സിയേറയുടെ തിരിച്ചുവരവ് വാഹന പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. 1990കളിൽ ഇന്ത്യയിൽ എസ്.യു.വി സംസ്കാരം കൊണ്ടുവന്ന ഐതിഹാസിക മോഡലാണ് സിയേറ. പഴയ സിയേറയുടെ ഡിസൈൻ തത്വങ്ങൾ പിന്തുടരുമ്പോഴും ആധുനിക സാങ്കേതികവിദ്യയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, ഹാരിയർ ഇവി പ്രീമിയം ലുക്കും കരുത്തുറ്റ പ്രകടനവുമായി വിപണിയിൽ ഇതിനകം തന്നെ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇരു മോഡലുകളും ടാറ്റ ഉപഭോക്താക്കളിലേക്ക് എത്തിച്ചതിന് ശേഷമുള്ള ശക്തമായ ചർച്ചയാണ് ഏത് ഇവിയാണ് കൂടുതൽ കരുത്തൻ എന്ന്? പരിശോധിക്കാം...
2019ൽ പുറത്തിറങ്ങിയ ടാറ്റ ഹാരിയർ, കമ്പനിയുടെ ഡിസൈൻ ശൈലിയെതന്നെ മാറ്റിമറിച്ചു. 2025 ജൂണിൽ ഹാരിയർ ഇവി പുറത്തിറങ്ങിയതോടെ ടാറ്റയുടെ മുൻനിര ഇലക്ട്രിക് വാഹനമായി എസ്.യു.വി മാറി. 21.49 ലക്ഷം രൂപയാണ് ഹാരിയർ ഇവിയുടെ പ്രാരംഭ എക്സ് ഷോറൂം വില. എന്നാൽ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന രീതിയിൽ 18.79 ലക്ഷം രൂപ മുതലാണ് സിയേറ ഇവിയുടെ വില ആരംഭിക്കുന്നത്. ടോപ് എൻഡ് മോഡലിന് 24.79 ലക്ഷം രൂപ വില വരുമ്പോൾ ഹാരിയർ ടോപ് എൻഡ് മോഡലിന് 30.23 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
63 kWh, 75 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകൾ യഥാക്രമം രണ്ട് എസ്.യു.വികളിലും ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന ബാറ്ററി പാക്കായ 75 kWh ഒറ്റ ചാർജിൽ എം.ഐ.ഡി.സി റേഞ്ചിൽ 665 കിലോമീറ്റർ സിയേറക്ക് വാഗ്‌ദാനം ചെയ്യുമ്പോൾ 627 കിലോമീറ്ററാണ് ഹാരിയാറിന് വാഗ്‌ദാനം ചെയ്യുന്നത്. രണ്ട് മോഡലുകളിലും ക്വാഡ് വീൽ ഡ്രൈവ് സജ്ജീകരണമായതിനാൽ ഓഫ് റോഡ് കഴിവ് ഒരുപോലെയാണ്. എന്നിരുന്നാലും, റിയർ വീൽ ഡ്രൈവിൽ 238 പി.എസ് കരുത്ത് ഒരേപോലെ പങ്കിടുമ്പോൾ ഓൾ വീൽ ഡ്രൈവിൽ ഹാരിയാറിനേക്കാൾ കരുത്ത് സിയേറക്കാണ്. കൂടാതെ 0-100 കിലോമീറ്റർ സഞ്ചരിക്കാൻ ഹാരിയർ 6.3 സെക്കന്റ് എടുക്കുമ്പോൾ സിയേറ 5.7 സെക്കന്റിൽ നേട്ടം കൈവരിക്കുന്നു. സിയേറ ഇവിയേക്കാൾ കൂടുതൽ വലുപ്പത്തിലാണ് ഹാരിയറിനെ ടാറ്റ അവതരിപ്പിച്ചത്. വീൽ ബേസിൽ ഹാരിയർ മുന്നിലാണെങ്കിലും ബൂട്സ്പേസിൽ ഹാരിയറിനെ പിന്നിലാക്കാക്കി സിയേറ മുന്നേറുന്നു.
ഫുൾ-വിഡ്ത്ത് കണക്റ്റഡ് ഫ്രണ്ട് എൽ.ഇ.ഡി ലൈറ്റ് ബാറുകൾ, കണക്റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, എയറോഡൈനാമിക്കായി ഒപ്റ്റിമൈസ് ചെയ്ത 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഇരു മോഡലുകളുടെയും സ്റ്റാൻഡേർഡ് വേരിയന്റിൽ നൽകിയിട്ടുണ്ട്. ഹാരിയറിൽ ഡ്യൂവൽ-സ്ക്രീൻ സജ്ജീകരണത്തിൽ 14.5 ഇഞ്ചിന്റെ വലിയ ഇൻഫോടൈന്മെന്റ് സംവിധാനം നൽകുമ്പോൾ സിയേറയിൽ ട്രിപ്പിൾ-സ്ക്രീൻ സജ്ജീകരണവും 12.3 ഇഞ്ചിന്റെ പ്രധാന ടച്ച്സ്ക്രീനും ഉൾപ്പെടുന്നു. 12 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം സിയേറയെ സമ്പന്നമാക്കുമ്പോൾ 10 സ്പീക്കർ സംവിധാനമാണ് ഹാരിയറിലുള്ളത്.
സുരക്ഷക്കായി ആറ് എയർബാഗുകൾ സിയേറയിൽ സ്റ്റാൻഡേർഡായി നൽകുമ്പോൾ ഹാരിയറിൽ ഏഴ് എയർബാഗുകൾ കമ്പനി നൽകിയിട്ടുണ്ട്. കൂടാതെ സിയേറയുടെ ഏറ്റവും വലിയ പ്രത്യേകത 540-ഡിഗ്രി കാമറ സംവിധാനമാണ്. ഇത് അണ്ടർ ബോഡിയുടെ സുരക്ഷയും വർധിപ്പിക്കും. ഹാരിയറിൽ 360-ഡിഗ്രി കാമറയാണ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം, നോർമൽ, ഗ്രാസ്/സ്നോ, മഡ്/ഗ്രാവൽ, സാൻഡ്, റോക്ക്, കസ്റ്റം തുടങ്ങിയ ആറ് ഡ്രൈവിങ് മോഡുകൾ രണ്ട് ഇലക്ട്രിക് എസ്.യു.വികളിലും സുഖകരമായ യാത്ര വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ, റിമോട്ട് സമൺ & സ്മാർട്ട് ഓട്ടോ-പാർക്ക് അസിസ്റ്റ് സിസ്റ്റവും ഹാരിയറിന് അധികമായി ലഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.