വിൻഫാസ്റ്റ് വി.എഫ് 7
വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് ഓട്ടോയുടെ വി.എഫ് 6, വി.എഫ് 7 മോഡലുകളുടെ ഡെലിവറി ആരംഭിക്കാനൊരുങ്ങി കമ്പനി. ഡെലിവറി ആരംഭിക്കുന്നതിന്റെ ഭാഗമായി 24 ഓപ്പറേഷണൽ ഡീലർഷിപ്പുകളാണ് വിൻഫാസ്റ്റ് ഓട്ടോ രാജ്യവ്യാപകമായി തുറന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി 2025 അവസാനിക്കുന്നതോടെ 11 ഡീലർഷിപ്പുകൾ കൂടെ ഉൾപ്പെടുത്തി 35 ഡീലർഷിപ്പുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡൽഹി, ഗുരുഗ്രാം, നോയിഡ, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, സൂറത്ത്, പുണെ, വിജയവാഡ, വിശാഖപട്ടണം, നാഗ്പുർ, ആഗ്ര, ലുധിയാന, ജയ്‌പൂർ, കൊച്ചി, ഭുവനേശ്വർ, ബറോഡ, രാജ്കോട്ട് തുടങ്ങിയ 24 നഗരങ്ങളിലായാണ് വാഹനത്തിന്റെ ഔദ്യോഗിക ഡീലർഷിപ്പുകൾ നിലവിൽ പ്രവർത്തിക്കുന്നത്. ഓരോ ഔട്ട്‌ലെറ്റും സമകാലിക രൂപകൽപ്പനയും ആഴത്തിലുള്ള ഡിസ്‌പ്ലേ ഏരിയകളും ഉൾകൊള്ളുന്നതാകും. അതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യത ഉറപ്പുനൽകാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 400 ഏക്കറിൽ പ്രവർത്തനമാരംഭിച്ച ഫിൻഫാസ്റ്റ് ഓട്ടോയുടെ നിർമാണ പ്ലാന്റിൽ നിന്നും പ്രതിവർഷം 50,000 യൂനിറ്റ് വാഹനങ്ങൾ പുറത്തിറക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷ. ഇതിന്റെ ഭാഗമായി 3,000–3,500 വരെ ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ വിൻഫാസ്റ്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
വിൻഫാസ്റ്റ് ഓട്ടോ രാജ്യത്ത് അവതരിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് കാറുകളാണ് വി.എഫ് 6, വി.എഫ് 7 മോഡലുകൾ. വിഎഫ് 6 മോഡലിന് 16.49 ലക്ഷം രൂപയും വിഎഫ് 7 മോഡലിന് 20.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. രാജ്യത്ത് പ്രവർത്തനം ആരംഭിച്ച നിർമാതാക്കൾ സർവീസ് ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ്ഗ്രിഡ്, മൈ ടി.വി.എസ്, കാസ്ട്രോൾ ഇന്ത്യ എന്നിവരുമായി കരാറിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.